മങ്കട സദാചാര കൊലപാതകം: അഞ്ചുപ്രതികൾക്കും ജീവപര്യന്തം തടവ്

Share to


Perinthalmanna Radio
Date: 20-02-2026

മങ്കട: സദാചാര പോലീസ് ചമഞ്ഞ സംഘം മങ്കട കൂട്ടിൽ നസീർ ഹുസൈനെ(40) മർദിച്ചു കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരായി കണ്ടെത്തിയ അഞ്ചുപ്രതികൾക്കും ജീവപര്യന്തം തടവ്.

ഒന്നുമുതൽ അഞ്ചുവരെ പ്രതികളായ മങ്കട കൂട്ടിൽ നായകത്ത് അബ്ദുൽനാസർ (40), സഹോദരൻ ഷറഫുദ്ദീൻ (33), പട്ടിക്കുത്ത് മുഹമ്മദ് സുഹൈൽ (34), പട്ടിക്കുത്ത് അബ്ദുൽഗഫൂർ (52), പട്ടിക്കുത്ത് സക്കീർ ഹുസൈൻ (43) എന്നിവരെയാണ് മഞ്ചേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എം. തുഷാർ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ആറുമുതൽ എട്ടുവരെ പ്രതികളായ ചെണ്ണേക്കുന്നൻ ഷഫീഖ് (34), മുക്കിൽപീടിക പറമ്പാട്ട് മൻസൂർ (34), അമ്പലപ്പള്ളി അബ്ദുൽനാസർ (35) എന്നിവരെ സംശയത്തിന്റെ ആനുകൂല്യംനൽകി കോടതി കഴിഞ്ഞ ദിവസം വെറുതേവിട്ടിരുന്നു.

ആൾക്കൂട്ട കൊലപാതകം നിരുത്സാഹപ്പെടുത്തണം. സ്ത്രീയുടെ സമ്മതത്തോട് കൂടി വീട്ടിൽവന്നയാളെ അതിക്രമിച്ചുകയറി അടിച്ചു കൊലപ്പെടുത്തിയത് ഭീകരവാദമായി കണക്കാക്കണമെന്ന് കോടതി നിരീക്ഷിച്ചെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. വെള്ളം കൊടുക്കാതെയും ആശുപത്രിയിൽ കൊണ്ടുപോകാതെയും ചെയ്ത പ്രതികളുടെ പ്രവൃത്തി കൊലപാതകം ഉദ്ദേശിച്ച് തന്നെയാണെന്നും കോടതി വ്യക്തമാക്കി.

കൊലപാതകം, സംഘംചേർന്ന് കലാപം നടത്തൽ, മാരകായുധങ്ങളുമായി ആക്രമിക്കൽ, വീട്ടിൽ അത്രിക്രമിച്ചുകയറി ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ തെളിഞ്ഞത്. മൂന്നും അഞ്ചും പ്രതികളായ സുഹൈൽ, സക്കീർ ഹുസൈൻ എന്നിവർക്കെതിരേ തെളിവുനശിപ്പിക്കൽ കുറ്റവും തെളിഞ്ഞു.

അമ്മയും ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് തങ്ങളെന്നും അതിനാൽ തങ്ങൾക്ക് ശിക്ഷയിൽ പരമാവധി ഇളവുനൽകണമെന്നും പ്രതികൾ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആൾക്കൂട്ട ആക്രമണമെന്ന കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.ജി. മാത്യു വാദിച്ചു.

2016 ജൂൺ 28-ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. മങ്കട കൂട്ടിലിലെ യുവതിയുടെ വീട്ടിലെത്തിയ നസീറിനെ, പരിസരവാസികളായ പ്രതികൾ അനാശാസ്യം ആരോപിച്ച് വടികളും പട്ടികയും ഉപയോഗിച്ച് സംഘംചേർന്ന് മർദിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. കൊല്ലപ്പെട്ട നസീർ ഹുസൈന്റെ സഹോദരനായ മുഹമ്മദ് നവാസും രണ്ടാം സാക്ഷിയായ വീട്ടുടമയും ഉൾപ്പടെ 70 സാക്ഷികളുള്ള കേസിൽ 39 പേരെ കോടതി വിസ്തരിച്ചു. 123 രേഖകളും 22 തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കി. പെരിന്തൽമണ്ണ സി.ഐ.മാരായിരുന്ന സിദ്ദീഖ്, സാജു കെ. എബ്രഹാം എന്നിവരാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *