ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുന്നു

Share to

Perinthalmanna Radio
Date: 21-05-2024

മലപ്പുറം: ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുന്നതിനുള്ള കര്‍ശന നടപടികളുമായി മലപ്പുറം ജില്ലാ ഭരണകൂടം. തദ്ദേശ സ്വയംഭരണ വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജൂണ്‍ ഒന്ന് മുതല്‍ ഇതിനായി വിവിധ പരിപാടികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

ആദ്യഘട്ടമായി നാടുകാണി ചുരത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുന്നത് തടയാനും നിലമ്പൂരിലെ ടൂറിസം കേന്ദ്രങ്ങള്‍ പ്ലാസ്റ്റിക് മുക്തമാക്കാനും ജൂണ്‍ 10 മുതല്‍ നിലമ്പൂരിലെ വടപുറം, വഴിക്കടവ് ചെക് പോസ്റ്റ് എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് ചെക് പോസ്റ്റുകള്‍ സ്ഥാപിക്കും. ഇവിടങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയും നിരോധിത പ്ലാസ്റ്റിക്കുകള്‍ പിടിച്ചെടുത്ത് പിഴ ഈടാക്കുകയും ചെയ്യും. തദ്ദേശ സ്ഥാപനങ്ങള്‍, പൊലീസ്, ആര്‍.ടി.ഒ, ഫോറസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് ചെക് പോസ്റ്റുകള്‍ പ്രവര്‍ത്തിക്കുക. വാഹന യാത്രക്കാര്‍ക്ക് പ്ലാസ്റ്റിക് ഇതര ഉത്പന്നങ്ങള്‍ ആവശ്യമെങ്കില്‍ ലഭ്യമാക്കുന്നതിന് കുടംുബശ്രീയുടെ നേതൃത്വത്തില്‍ ഇവിടങ്ങളില്‍ സംവിധാനമൊരുക്കും.

ഇതുകൂടാതെ വഴിക്കടവിലെ ആര്‍.ടി.ഒ ചെക് പോസ്റ്റില്‍ വാഹനങ്ങള്‍ക്ക് പാസ് അനുവദിക്കുന്നതിനു മുമ്പ് വാഹനത്തില്‍ നിരോധിത പ്ലാസ്റ്റിക്കുകള്‍ ഇല്ലെന്ന സത്യവാങ്മൂലം നല്‍കേണ്ടി വരും. മാലിന്യങ്ങള്‍ തള്ളുന്നത് ഫോട്ടോയില്‍ പകര്‍ത്തി അയയ്ക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കും. ജൂണ്‍ ഒന്നിന് സന്നദ്ധ സംഘടനകളുടെയും ക്ലബ്ബുകളുടെയും സഹകരണത്തോടെ നാടുകാണി ചുരത്തില്‍ മാസ് ക്ലീനിങ് നടത്തും.

നാടുകാണിയില്‍ ചുരം സംരക്ഷണ സമിതി രൂപീകരിക്കുന്ന കാര്യം പരിശോധിക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ മൊബൈല്‍ പ്ലാസ്റ്റിക് ശേഖരണവും പകരം വസ്തുക്കളുടെ വില്പനയും നടപ്പാക്കും. ഫൈബര്‍ പ്ലേറ്റ്, സ്റ്റീല്‍ കപ്പ്, പാള പ്ലേറ്റ്, സ്റ്റീല്‍ പ്ലേറ്റ്, സ്റ്റീല്‍ വാട്ടര്‍ ബോട്ടില്‍, അഞ്ചു ലിറ്റര്‍ വാട്ടര്‍ ബോട്ടില്‍ എന്നിവ മിതമായ നിരക്കില്‍ ലഭ്യമാക്കും.

യോഗത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ വി.എം ആര്യ, പോത്തുകല്ല്, എടക്കര, വഴിക്കടവ്, മൂത്തേടം, കരുളായി, ചാലിയാര്‍, അമരമ്പലം, മമ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, നിലമ്പൂര്‍ നഗരസഭാ ചെയര്‍പെഴ്‌സണ്‍, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ഷാജു പി.ബി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *