പണമനുവദിച്ചിട്ട് ആറു വർഷം; ആദിവാസി ഭവന പദ്ധതി ഇഴയുന്നു

Share to

Perinthalmanna Radio
Date: 04-08-2024

താഴേക്കോട്: പാണമ്പി ഇടിഞ്ഞാടിയിലെ കുടുംബങ്ങള്‍ക്ക് പുതുതായി ഭൂമി വാങ്ങി വീടുനിർമിക്കുന്ന പദ്ധതി ഇപ്പോഴും പാതി വഴിയിലാണ്. ഈ മഴക്കാലത്തിന് മുമ്ബെങ്കിലും കുടുംബങ്ങളെ അതിലേക്ക് മാറ്റി താമസിപ്പിക്കാൻ കഴിയണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ചുവപ്പുനാടയില്‍ കുരുങ്ങി ഇത് നീണ്ടുപോയി. ആദിവാസി ക്ഷേമ വകുപ്പിന്റെ 20 ലക്ഷം രൂപ കൂടി പദ്ധതിക്ക് ലഭ്യമാവണം.

നേരത്തെ സർക്കാർ അനുവദിച്ച വീടു പൂർത്തിയായാലേ ഐ.ടി.ഡി.പി ഫണ്ട് ലഭിക്കൂ. 2018ല്‍ ജില്ല കലക്ടർ വഴി റവന്യൂ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഒരു കോടി രൂപ അനുവദിച്ച്‌ പുനരധിവസിപ്പിക്കാൻ ആരംഭിച്ചതാണ്. അഞ്ചു വർഷം കാത്തിരുന്ന ശേഷമാണ് ഇവർക്ക് ഭൂമി വാങ്ങാനായത്. നിലത്ത് ഓലമെടല്‍ കുത്തി നിർത്തിയും പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞുമാണ് കനത്ത മഴയിലും ഈ കുടുംബങ്ങള്‍ കഴിയുന്നത്.

താഴേക്കോട് പഞ്ചായത്തില്‍ത്തന്നെ സമാന രീതിയിലാണ് ആറംകുന്നിലെ പത്ത് ആദിവാസി കുടുംബങ്ങള്‍. ഇവിടെ നാലു കുടുംബങ്ങള്‍ക്ക് 2003ല്‍ ലഭിച്ച വീടുണ്ട്. നിലവില്‍ ഏഴു കുടുംബങ്ങള്‍ക്ക് കൂടി വാസയോഗ്യമായ വീട് വേണം. അംബേദ്കർ സെറ്റില്‍മെന്റ് പദ്ധതിയില്‍ ഇവരെ ഉള്‍പ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചെങ്കിലും പദ്ധതി ആരംഭിച്ചിട്ടില്ല. ഇവിടെയുള്ളവർക്ക് വീട് വെച്ച ശേഷം ബാക്കി തുകക്ക് പാണമ്ബിയില്‍ പുതുതായി ഭൂമി ഏറ്റെടുത്ത് നിർമിക്കുന്ന വീടുകള്‍ക്ക് ചുറ്റുമതില്‍ നിർമിക്കണം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *