പെരിന്തൽമണ്ണ താലൂക്കിൽ ഇനി റേഷൻ കോംബോ വിതരണമില്ല

Share to

Perinthalmanna Radio
Date: 06-08-2024

പെരിന്തൽമണ്ണ താലൂക്കിൽ ഇനി റേഷൻ കോംബോ വിതരണമില്ല

പെരിന്തൽമണ്ണ: വിൽപന മത്സരവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം റേഷൻ വ്യാപാരികൾക്കു വ്യാപകമായി കാരണം കാണിക്കൽ നോട്ടിസ് നൽകിയതിനു പിന്നാലെ പെരിന്തൽമണ്ണ താലൂക്കിൽ കോംബോ വിതരണ സമ്പ്രദായം ഒഴിവാക്കാൻ അധികൃതർ തീരുമാനമെടുത്തു.

ഇനി അതത് കാലത്തെ പോളിസി പ്രകാരമുള്ള റേഷൻ ഭക്ഷ്യധാന്യമേ വിൽക്കാൻ പാടുള്ളൂ. ഈ രീതിയിൽ ഇ–പോസ് മെഷീനിൽ ആവശ്യമായ ക്രമീകരണവും വരുത്തി. സംസ്ഥാനത്ത് എവിടെയുള്ളവർക്കും ഏതു റേഷൻ കടയിൽനിന്നും ഭക്ഷ്യധാന്യം വാങ്ങാമെന്ന പോർട്ടബിലിറ്റി സൗകര്യവും ഉപഭോക്താവിന് അനുവദിച്ച അരി ഏതു വിഭാഗമായാലും നിബന്ധനകൾക്കു വിധേയമായി, കടയിൽ സ്‌റ്റോക്കുള്ള ഏത് അരിയും നൽകാമെന്ന കോംബോ ഓഫറും ദുർവിനിയോഗം ചെയ്‌തതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം 170 വ്യാപാരികൾക്കാണ് ഒന്നിച്ചു കാരണം കാണിക്കൽ നോട്ടിസ് നൽകിയത്.

എന്നാൽ ഇതിനു ശേഷവും ക്രമവിരുദ്ധമായി ചില കടകളിൽ വിൽപന നടന്നതായി ആക്ഷേപം ഉയർന്നിരുന്നു. റേഷൻ വ്യാപാരി സംയുക്ത കോ–ഓർഡിനേഷൻ കമ്മിറ്റിതന്നെ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

കോംബോ സൗകര്യം ഉപയോഗപ്പെടുത്തി കടകളിലേക്ക് ഉപഭോക്താക്കളെ ആകർഷിച്ചു വിൽപനമത്സരം നടക്കുന്നതായി ആക്ഷേപം ഉയർന്നു. വിൽപന വർധിക്കുന്നതിന് അനുസരിച്ചാണു റേഷൻ വ്യാപാരികൾക്കു ലഭിക്കുന്ന വരുമാനവും ആനുകൂല്യങ്ങളും.

സർക്കാർ നിശ്ചയിക്കുന്ന പോളിസി പ്രകാരം മാത്രം വിതരണം ക്രമീകരിക്കുന്ന മറ്റു ചില കടകൾ പ്രതിസന്ധിയിലുമായിരുന്നു. ഈ സാഹചര്യത്തിലാണു താലൂക്കിൽ കോംബോ ഓഫർ ഒഴിവാക്കാൻ അധികൃതർ തീരുമാനിച്ചത്.

മുൻഗണനാ വിഭാഗക്കാർക്ക് ഒരംഗത്തിന് അനുവദിച്ച നാലു കിലോ അരിയിൽ 3 കിലോ പുഴുക്കലരിയും ഒരു കിലോ പച്ചരിയുമാണ് നൽകുക. 3 അംഗങ്ങൾക്കുവരെ ഒരു കിലോ ആട്ട ലഭിക്കും. ശേഷിക്കുന്ന ഓരോ അംഗത്തിനും ഒരു കിലോ വീതം ഗോതമ്പും ഉണ്ട്.

അന്ത്യോദയ വിഭാഗത്തിന് 30 കിലോ അരിയിൽ 20 കിലോ പുഴുക്കലരിയും 10 കിലോ പച്ചരിയും ലഭിക്കും. 3 കിലോ ഗോതമ്പും 2 കിലോ ആട്ടയുമുണ്ട്. മുൻഗണനേതരം(സബ്‌സിഡി) വിഭാഗത്തിന് ഒരംഗത്തിന് 2 കിലോ പുഴുക്കലരിയും കാർഡൊന്നിന് 4 കിലോ സ്പെഷൽ അരിയും ലഭിക്കും. 2 കിലോ പച്ചരിയും 2 കിലോ പുഴുക്കലരിയുമാണു ലഭിക്കുക.

മുൻഗണനേതര വിഭാഗത്തിന് ഒരു കുടുംബത്തിന് 5 കിലോ അരിയിൽ 3 കിലോ പുഴുക്കലരിയും 2 കിലോ പച്ചരിയും ലഭിക്കും. ഇ–പോസ് മെഷീനിലും ഈ രീതിയിലേ ഇനി വിൽപന ന‌ടത്താനാകൂ. റേഷൻ വ്യാപാരി സംയുക്ത കോ–ഓർഡിനേഷൻ കമ്മിറ്റി പുതിയ തീരുമാനത്തെ സ്വാഗതം ചെയ്‌തിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *