
Perinthalmanna Radio
Date: 13-08-2024
മേലാറ്റൂർ: നിലമ്പൂർ – ഷൊർണൂർ പാതയിൽ ഇലക്ട്രിക് ട്രെയിൻ ഓടിക്കുന്നതിന്റെ ഭാഗമായി വൈദ്യുതിയെത്തിക്കാൻ സ്ഥാപിച്ച ഭൂഗർഭ കേബിളിന്റെ മാൻഹോൾ പോയിന്റിൽ വെള്ളം നിറഞ്ഞതുമൂലം പണി മന്ദഗതിയിലായി. ചോലക്കുളത്തെ 110 കെവി സബ് സ്‌റ്റേഷനിൽനിന്നാണ് മേലാറ്റൂർ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് സ്ഥാപിക്കുന്ന ട്രാക്‌ഷൻ സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്. ഇതിനായി രണ്ടു കിലോമീറ്ററോളം ദൂരത്തിൽ വലിയ ഭൂഗർഭ കേബിൾ സ്ഥാപിച്ചെങ്കിലും ഒന്നിപ്പിക്കാനുള്ള പോയിന്റിൽ നീരുറവ കാരണം വെള്ളം നിറഞ്ഞിരിക്കുകയാണ്.
വൈദ്യുതി കൊണ്ടുവരുന്ന നാലു സ്ഥലങ്ങളിലാണ് മാൻഹോൾ പോയിന്റ് സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ രണ്ടിടത്ത് വെള്ളമാണ്. ട്രാക്‌ഷൻ സബ് സ്‌റ്റേഷന്റെ പണി പുരോഗമിക്കുന്നുണ്ട്. 67 കിലോമീറ്റർ ദൈർഘ്യമുള്ള നിലമ്പൂർ-ഷൊർണൂർ റെയിൽ പാതയിലെ വൈദ്യുതീകരണ ജോലികൾ കഴിഞ്ഞിട്ടുണ്ട്. ലൈനിൽ ഷൊർണൂരിൽനിന്നു കണക്‌ഷൻ നൽകി പരീക്ഷണാടിസ്ഥാനത്തിൽ ഇലക്ട്രിക് ട്രെയിൻ നേരത്തേ സർവീസ് നടത്തിയിരുന്നു.
പാതയിൽ വൈദ്യുത സ്വിച്ചിങ് സ്റ്റേഷനുകൾ അങ്ങാടിപ്പുറത്തും വാണിയമ്പലത്തും വാടാനാംകുറുശ്ശിയിലുമാണ് ഒരുക്കിയിരിക്കുന്നത്. പാത വൈദ്യുതീകരിക്കുന്നതിന് 53 കോടി രൂപയാണ് റെയിൽവേ ചെലവ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ നിലമ്പൂരിൽനിന്നു ഷൊർണൂരിലേക്ക് ട്രെയിൻ എത്താൻ 1.35 മണിക്കൂറാണ് എടുക്കുന്നത്. ഇലക്ട്രിക് ട്രെയിൻ ഓടിത്തുടങ്ങുമ്പോൾ സമയം 1.10 മണിക്കൂറായി കുറയും. 30 ശതമാനം വരെ ചെലവും കുറയും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
