
Perinthalmanna Radio
Date: 14-08-2024
പെരിന്തൽമണ്ണ ∙ സ്വഛ് ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി പെരിന്തൽമണ്ണ നഗരസഭയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുമ്പൂർമുഴി മാതൃകയിൽ വിപുലമായ ജൈവമാലിന്യ സംസ്കരണ പദ്ധതികൾ നടപ്പാക്കും.
പെരിന്തൽമണ്ണ ജിജിഎച്ച്എസ്എസ്, ജിബിഎച്ച്എസ്എസ്, പാതായ്ക്കര പിടിഎം ഗവ. കോളജ്, കുന്നപ്പള്ളി എഎംയുപിഎസ്, പാതായ്ക്കര എഎംയുപിഎസ്, എരവിമംഗലം എഎംയുപിഎസ്, പെരിന്തൽമണ്ണ ജിഎംഎൽപിഎസ്, പൊന്ന്യാകുർശി എഎംഎൽപിഎസ്, എകെഎംഎംയുപിഎസ് പെരിന്തൽമണ്ണ സൗത്ത് തുടങ്ങിയ സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിടുന്നത്.
കൂടാതെ ഒലിങ്കര ലൈഫ് മിഷൻ ഫ്ലാറ്റ്, പെരിന്തൽമണ്ണ മിനി സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലും സംസ്കരണ യൂണിറ്റുകൾ സജ്ജമാക്കും.
എയറോബിക് കംപോസ്റ്റിങ് യൂണിറ്റുകളാണ് സജ്ജമാക്കുന്നത്. ഇവയുടെ ഒരു അറയിൽ പരമാവധി 1000 കിലോ വരെ മാലിന്യം നിക്ഷേപിക്കാൻ സൗകര്യം ഉണ്ടാകും. 90 ദിവസം കഴിഞ്ഞാൽ ഈ മാലിന്യം ഉണക്കി ചെടികൾക്കോ പച്ചക്കറികൾക്കോ ജൈവവളമായി ഉപയോഗിക്കാം. ദുർഗന്ധമോ മറ്റ് മലിനീകരണ പ്രശ്നങ്ങളോ ഉണ്ടാകില്ല. ചാണകവും ഇനോക്കുലവും ഉണങ്ങിയ ഇലകളും മാത്രമാണ് ജൈവ മാലിന്യത്തിനു പുറമെ സംസ്കരണ പ്രക്രിയയ്ക്ക് ഉപയോഗിക്കുന്നത്.
പെരിന്തൽമണ്ണ ആയുർവേദ ആശുപത്രിയിൽ മാലിന്യ സംസ്കരണ സംവിധാനവും പൊതു ശുചിമുറികളും സജ്ജമാക്കും. കുന്നപ്പള്ളി, നെഹ്റു സ്റ്റേഡിയം, പച്ചത്തുരുത്ത്, താഴെപറ്റക്കുന്ന് എന്നിവിടങ്ങളിൽ പൊതു ടോയ്ലറ്റുകളും സജ്ജമാക്കും.
പൊലീസ് സ്റ്റേഷൻ റോഡ് പരിസരത്തും നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റിലും എയർപോർട്ട് നിലവാരത്തിലുള്ള സൗകര്യങ്ങളോടു കൂടിയ ശുചിമുറികളായ ആസ്പിറേഷൻ ടോയ്ലറ്റുകളും നിർമിക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
