Perinthalmanna Radio
Date: 28-08-2024
നിലവാരമില്ലാത്ത ഹെൽമെറ്റുകൾക്ക് എതിരേ കർശന നടപടി എടുക്കാൻ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം. നിലവാരമില്ലാത്ത ഹെൽമെറ്റുകൾ ഉണ്ടാക്കുകയും വിൽക്കുകയും ചെയ്യുന്നത് തടയണമെന്ന് മന്ത്രാലയം സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ നിർദേശം നൽകി. ജില്ലാ കളക്ടർമാർ കർശന നടപടി എടുക്കണമെന്നാണ് കത്തിൽ പറയുന്നത്.
ഐ.എസ്.ഐ. അംഗീകാരമില്ലാതെ ഹെൽമെറ്റുകൾ നിർമിക്കുന്നതും ഐ.എസ്.ഐ. മുദ്രയും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്.) സർട്ടിഫിക്കറ്റ് ഇല്ലാത്തവ വിൽക്കുന്നതും തടയും.ഇവ നിർമിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തി മുദ്രവെക്കും.
നിലവിലുള്ള നിയമം കൃത്യമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് പുതിയ നിർദേശം. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടുന്ന അപകടങ്ങളിൽ മരണവും ഗുരുതരപരിക്കും കൂടുന്നത് നിശ്ചിത സുരക്ഷാനിലവാരമില്ലാത്ത ഹെൽമെറ്റുകൾ മൂലമാണെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണിത്.
എ.ഐ. ക്യാമറകൾ വരികയും പരിശോധന ശക്തമാവുകയും ചെയ്തതോടെ പിഴയിൽനിന്ന് രക്ഷപ്പെടാൻ ഹെൽമെറ്റ് ധരിക്കുന്നത് ശീലമാക്കിയവരുണ്ട്. പാതയോരത്തുനിന്നും കടകളിൽനിന്നും നിലവാരമില്ലാത്ത ഹെൽമെറ്റുകൾ വാങ്ങിവെച്ച് പോകുന്നവരാണ് ഏറെയും.
ഹെൽമെറ്റ് എന്ന് തോന്നിക്കുന്ന ചട്ടിത്തൊപ്പി ധരിക്കുന്നവരുമുണ്ട്. മോട്ടോർവാഹന വകുപ്പ്, ട്രാഫിക് പോലീസ്, അളവുതൂക്ക വിഭാഗം എന്നിവയ്ക്ക് ഹെൽമെറ്റുകളുടെ ഗുണനിലവാരംകൂടി പരിശോധിക്കാനും നടപടിയെടുക്കാനുമുള്ള നിർദേശം ജില്ലാഭരണകൂടം നൽകിക്കഴിഞ്ഞു.
ബി.ഐ.എസ്., ഐ.എസ്.ഐ. നിലവാരമുണ്ടെന്ന മുദ്ര ഉണ്ടായിരിക്കണം. ഐ.എസ്. 4151:2015 സർട്ടിഫിക്കേഷൻ ഉണ്ടാകണം. വ്യാജ ഐ.എസ്.ഐ. മുദ്രയല്ലെന്ന് ഉറപ്പാക്കണം. ഹെൽമെറ്റ് നിർമാണത്തിന് ഉപയോഗിക്കുന്ന വസ്തു തലയ്ക്ക് സുരക്ഷ നൽകുന്നതാവണം. വായുസഞ്ചാരം ഉറപ്പാക്കണം. തല മുഴുവൻ മൂടുന്നവയാണ് കൂടുതൽ സുരക്ഷ നൽകുക. 1,200 മുതൽ 1,350 ഗ്രാംവരെ ഭാരമുള്ളവയാണ് അനുയോജ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ