Perinthalmanna Radio
Date: 29-08-2024
പാസ്‌പോർട്ട് സേവാ പോർട്ടൽ ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് അടച്ചിടും. സാങ്കേതിക അറ്റകുറ്റപ്പണികൾ കാരണം പോർട്ടൽ അടച്ചിട്ടിരിക്കുമെന്ന് ഔദ്യോഗിക വെബ്‌സൈറ്റ് വഴി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. ഈ കാലയളവിൽ, പൗരന്മാർക്കും, വിദേശകാര്യ മന്ത്രാലയം, റീജിയണൽ പാസ്‌പോർട്ട് ഓഫീസ്, ഐഎസ്‌പി, തപാൽ വകുപ്പ്, പോലീസ് ഉദ്യോഗസ്ഥർ എന്നിവയുൾപ്പെടെ ഒരു ഏജൻസികൾക്കും പോർട്ടൽ ലഭ്യമാകില്ലെന്നും അറിയിപ്പിൽ പറയുന്നു. സെപ്റ്റംബർ 2, തിങ്കൾ രാവിലെ ആറ് മണിക്ക് ശേഷം മാത്രമേ പാസ്‌പോർട്ട് സേവാ പോർട്ടൽ ലഭിക്കൂ. ഇതിനകം ബുക്ക് ചെയ്‌ത അപ്പോയിന്റ്മെന്റുകൾ പുനഃക്രമീകരിക്കുകയും അപേക്ഷകരെ അറിയിക്കുകയും ചെയ്യും. ഈ വിവരങ്ങൾ അപേക്ഷകർക്ക് ഇ- മെയിൽ വഴിയോ എസ്എംഎസ് ആയോ അയയ്ക്കും. അതേ സമയം, അപേക്ഷകർക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് ലഭ്യമായ ഏത് തീയതിയിലും സ്വന്തം അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം.
പുതിയ പാസ്‌പോർട്ട് നൽകുന്നതിനും പുതുക്കുന്നതിനും മറ്റ് വിവിധ സേവനങ്ങൾക്കുമായി അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യുന്നതിന് ആണ് പാസ്‌പോർട്ട് സേവ പോർട്ടൽ ആയ passportindia.gov.in ഉപയോഗിക്കുന്നത്. ഈ വർഷം മാർച്ചിലും അറ്റകുറ്റപ്പണികൾക്കായി വെബ്സൈറ്റ് അടച്ചിരുന്നു. പോർട്ടൽ വീണ്ടും പ്രവർത്തനക്ഷമമായാൽ, ഉപയോക്താക്കൾക്ക് കൂടിക്കാഴ്‌ചകൾക്ക് അപേക്ഷിക്കാൻ കഴിയും. പോർട്ടലിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും മികച്ച ഉപയോക്തൃ അനുഭവം നൽകുന്നതിനും ലക്ഷ്യമിട്ടാണ് അറ്റകുറ്റപ്പണി നടത്തുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ