Perinthalmanna Radio
Date: 30-08-2024
അങ്ങാടിപ്പുറം: ലക്ഷങ്ങള്‍ വിലവരുന്ന ഭൂമി റോഡിനായി സൗജന്യമായി വിട്ടു നല്‍കാൻ അങ്ങാടിപ്പുറം ഓരാടംപാലം വലിയവീട്ടില്‍പടി റോഡരികിലെ നാട്ടുകാർ തയാറായത്തോടെ കാത്തിരിപ്പില്ലാതെ ഇവിടെ പുതിയ ബൈപാസ് യഥാർഥ്യമാവുകയാണ്.
അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന് ചെറിയൊരു പരിഹാരമായി ചെരക്കാപറമ്പ് വലിയവീട്ടില്‍പടി മുതല്‍ അങ്ങാടിപ്പുറം ഓരാടംപാലം വരെയുള്ള ഒന്നേകാല്‍ കിലോമീറ്റർ വരുന്ന ഇടുങ്ങിയ റോഡാണ് വീതി കൂട്ടി വലിയ വാഹനങ്ങള്‍ക്ക് സഞ്ചാര യോഗ്യമാക്കുന്നത്. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് 73 ലക്ഷം രൂപയും മഞ്ഞളാംകുഴി അലി എം.എല്‍.എയുടെ ഫണ്ടില്‍നിന്ന് 55 ലക്ഷം രൂപയും വകയിരുത്തിയാണ് നവീകരിക്കുന്നത്. ആവശ്യമായ ഭൂമി വീടുകളുടെ മതില്‍ പൊളിച്ച് നാട്ടുകാർ വിട്ടുനല്‍കി. ഇതാണ് പദ്ധതിക്ക് തിളക്കം കൂട്ടിയത്.
റോഡ് നവീകരണം പൂർത്തിയായാല്‍ വൈലോങ്ങരയില്‍നിന്ന് തിരിഞ്ഞ് കോട്ടക്കല്‍ റോഡിലൂടെ വന്ന് മലപ്പുറം, മഞ്ചേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ഇതുവഴി തിരക്കില്ലാതെ സുഗമമായി യാത്ര ചെയ്യാം. ഈ വാഹനങ്ങള്‍ക്ക് അങ്ങാടിപ്പുറം ടൗണില്‍ എത്തേണ്ട. ലക്ഷങ്ങള്‍ വില വരുന്ന സ്ഥലം റോഡിനായി സൗജന്യമായി 25 കുടുംബങ്ങളാണ് വിട്ടു നല്‍കിയത്. സംസ്ഥാനത്തുതന്നെ ഈ കുടുംബങ്ങള്‍ മാതൃകയാണെന്ന് പ്രദേശത്തെത്തിയ മഞ്ഞളാംകുഴി അലി എം.എല്‍.എ പറഞ്ഞു.
വികസനത്തിനുവേണ്ടി രാഷ്ട്രീയം നോക്കാതെ നാട്ടുകാർ ഒറ്റക്കെട്ടായിനിന്ന് സ്ഥലം വിട്ടുനല്‍കിയത് മാതൃകയായി. വാർഡ് മെംബർമാരായ തുമ്ബിലക്കാടൻ ബഷീർ കോറാടൻ റംല, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കില്‍ എന്നിവരും പ്രദേശത്തെത്തി. റോഡിന്റെ പുനരുദ്ധാരണം പരമാവധി വേഗത്തില്‍ പൂർത്തിയാക്കാൻ ഒരുങ്ങുകയാണ് പഞ്ചായത്തും ജനപ്രതിനിധികളും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ