Perinthalmanna Radio
Date: 22-11-2024
പാലക്കാട്, ചേലക്കര നിയമസഭാ ഉപ തിരഞ്ഞെടുപ്പുകളുടെയും വയനാട് ലോക്‌സഭാ ഉപ തിരഞ്ഞെടുപ്പിന്റെയും ഫലം നാളെ അറിയാം. ഇനി മണിക്കൂറുകള്‍ മാത്രമുള്ള ഫലത്തിന് വേണ്ടി മൂന്ന് മുന്നണികളും നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ്. ഈ മാസം 13നായിരുന്നു വയനാട്, ചേലക്കര മണ്ഡലങ്ങളിലെ വോട്ടെടുപ്പ്. പാലക്കാട് രഥോത്സവം കാരണം വോട്ടെടുപ്പ് 20നായിരുന്നു നടത്തിയത്.
പാലക്കാട് ഇത്തവണ 70.51 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 73.71 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. പാലക്കാട് എല്‍ഡിഎഫിന് വേണ്ടി പി സരിന്‍ യുഡിഎഫിന് വേണ്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ എന്‍ഡിഎയ്ക്ക് വേണ്ടി സി കൃഷ്ണകുമാര്‍ എന്നിവരായിരുന്നു മത്സര രംഗത്തുണ്ടായത്.
വയനാട്ടില്‍ 64.27 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 73.57 ശതമാനം പോളിങ് രേഖപ്പെടുത്തിയ മണ്ഡലമായിരുന്നു വയനാട്. നിയമസഭാ മണ്ഡലങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മാനന്തവാടിയിലാണ് (62.61) എറ്റവും വലിയ പോളിങ്ങ് രേഖപ്പെടുത്തിയത്. യുഡിഎഫിന് വേണ്ടി പ്രിയങ്കാ ഗാന്ധി മത്സരരംഗത്തെത്തിയതോടെ ദേശീയ ശ്രദ്ധ കൂടിയ മണ്ഡലമായി വീണ്ടും വയനാട് മാറുകയായിരുന്നു. എല്‍ഡിഎഫിന് വേണ്ടി സത്യന്‍ മൊകേരിയും എന്‍ഡിഎയ്ക്ക് വേണ്ടി നവ്യ ഹരിദാസുമാണ് രംഗത്തിറങ്ങിയത്.
ചേലക്കരയില്‍ 72.29 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. മുന്‍ തിരഞ്ഞെടുപ്പില്‍ 77.40 ശതമാനം വോട്ടാണ് ഇവിടെ രേഖപ്പെടുത്തിയത്. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപും യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസും കടുത്ത മത്സരമാണ് കാഴ്ചവെച്ചത്. എന്‍ഡിഎയ്ക്ക് വേണ്ടി കെ ബാലകൃഷ്ണനും നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ ഡിഎംകെയ്ക്ക് വേണ്ടി എന്‍ കെ സുധീറും മത്സരിച്ചു.
അതേസമയം ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലവും നാളെ പുറത്ത് വരും. ജാര്‍ഖണ്ഡില്‍ എന്‍എഡിഎയ്ക്ക് മുന്നേറ്റമുണ്ടാകുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. ചാണക്യയുടെ എക്സിറ്റ് പോളില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിക്ക് 45 മുതല്‍ 50 സീറ്റുകള്‍ വരെ ലഭിക്കാമെന്ന് പ്രവചിക്കുന്നു. ജെഎംഎം നേതൃത്വം നല്‍കുന്ന ഇന്‍ഡ്യ മുന്നണിക്ക് ഭരണത്തുടര്‍ച്ചയുണ്ടാകില്ലെന്നും 35 മുതല്‍ 38 സീറ്റുകള്‍ വരെ മാത്രമേ മുന്നണിക്ക് ലഭിക്കുകയുള്ളൂ എന്നും ചാണക്യയുടെ എക്സിറ്റ് പോള്‍ പറയുന്നു. ടൈംസ് നൗവിന്റെ എക്സിറ്റ് പോളില്‍ ജാര്‍ഖണ്ഡില്‍ എന്‍ഡിഎയ്ക്ക് 40 മുതല്‍ 44 വരെ സീറ്റുകള്‍ ലഭിക്കാമെന്ന് പറയുന്നു. ഇന്‍ഡ്യാ മുന്നണിക്ക് 30 മുതല്‍ 40 സീറ്റുകള്‍ മാത്രമേ ലഭിക്കൂ എന്നും പ്രവചിക്കുന്നു.
മഹാരാഷ്ട്രയില്‍ മഹായുതി സഖ്യത്തിന് മേല്‍ക്കെ പ്രവചിക്കുന്നതാണ് റിപ്പബ്ലിക്ക്-പി മാര്‍ക്ക് എക്‌സിറ്റ് പോള്‍ ഫലം. 288 അംഗ നിയമസഭയില്‍ 137 മുതല്‍ 157 സീറ്റുകള്‍ വരെ മഹായുതി സഖ്യം നേടുമെന്നാണ് പ്രവചനം. 126 മുതല്‍ 146 സീറ്റുകള്‍ വരെ മഹാ വികാസ് അഘാഡി സഖ്യം നേടാമെന്നാണ് ഈ എക്‌സിറ്റ് പോള്‍ സര്‍വേ പ്രവചിക്കുന്നത്. ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, കര്‍ണാടക സംസ്ഥാനങ്ങളിലെ 14 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലവും നാളെ പുറത്ത് വരും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ