പെരിന്തൽമണ്ണയിലെ സ്വർണക്കവർച്ച; സമാന കവർച്ചാ ശ്രമം 16 വർഷം മുൻപും

Share to

Perinthalmanna Radio
Date: 23-11-2024

പെരിന്തൽമണ്ണ:  വ്യാഴാഴ്‌ച രാത്രിയിൽ പെരിന്തൽമണ്ണയിൽ നടന്ന സ്വർണക്കവർച്ചയ്‌ക്ക് സമാനമായി പെരിന്തൽമണ്ണയിൽ 16 വർഷം മുൻപാണ് മറ്റൊരു കവർച്ചാശ്രമം നടന്നത്. ഊട്ടി റോഡിലെ തന്നെ മറ്റൊരു ജ്വല്ലറിയെ കേന്ദ്രീകരിച്ചായിരുന്നു അത്. ജ്വല്ലറി പൂട്ടി ഉടമസ്ഥർ കാറിൽ പോകുന്ന സമയത്ത് പട്ടാമ്പി റോഡിൽ ഇപ്പോൾ കവർച്ച നടന്നതിന്റെ 500 മീറ്റർ അകലെയായി ചോലോംകുന്ന് വളവിലായിരുന്നു അന്ന് കവർച്ചാ ശ്രമം നടന്നത്. ടെംബോ ജീപ്പ് മുന്നിൽ നിർത്തി വഴി തടയുകയായിരുന്നു. വാഹനത്തിൽ നിന്നിറങ്ങിയവർ കാറിന്റെ അടുത്തെത്തി ഡോർ തുറന്ന് ജ്വല്ലറി ഉടമയുടെ മുഖത്തിടിച്ച് പാതി വാഹനത്തിനുള്ളിൽ കയറിയ നിലയിൽ പരിശോധന നടത്തി. കറുത്ത വാഹനമായിരുന്നു. സൈഡിലുണ്ടായിരുന്ന കറുത്ത ബാഗ് സംഘത്തിന്റെ കണ്ണിൽ പെട്ടില്ല. അപ്പോഴേക്കും തുരുതുരെ എത്തിയ വാഹനങ്ങളുടെ വെളിച്ചം കണ്ടതോടെ സംഘം ചാടിയിറങ്ങി വന്ന വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. അന്ന് ഭാഗ്യത്തിന്റെ കരുത്തിലാണ് ജീവൻ തിരിച്ചു കിട്ടിയതും സ്വർണാഭരണങ്ങൾ നഷ്‌ടപ്പെടാതിരുന്നതുമെന്ന് ജ്വല്ലറി ഉടമ ഓർമിച്ചെടുക്കുന്നു.

മൂന്നര കിലോ സ്വർണം കവർച്ച ചെയ്യപ്പെട്ട സംഭവത്തിൽ പ്രതികളിൽ ചിലരെ പൊലീസ് പിടികൂടിയതോടെ നഷ്‌ടപ്പെട്ട സ്വർണാഭരണം തിരിച്ചു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കിനാതിയിൽ യൂസഫും സഹോദരൻ ഷാനവാസും. സംഭവം ഓർക്കുമ്പോൾ തന്നെ ഇരുവർക്കും നടുക്കം. ഇന്നലെ നജീബ് കാന്തപുരം എംഎൽഎ ഉൾപ്പെടെയുള്ളവർ ഇരുവരെയും വീട്ടിലെത്തി കണ്ട് ആശ്വസിപ്പിച്ചു. പൊലീസ് വളരെ കാര്യക്ഷമമായാണ് അന്വേഷണം നടത്തുന്നതെന്നും മുഴുവൻ പ്രതികളെയും തൊണ്ടിമുതലും കണ്ടെടുക്കാൻ സാധിക്കണമെന്നും എംഎൽഎ പറഞ്ഞു. കവർച്ചയുടെ അന്വേഷണത്തിൽ പെരിന്തൽമണ്ണ ഡിവൈഎസ്‌പി ടി.കെ.ഷൈജുവിന്റെയും ഇൻസ്‌പെക്‌ടർ സുമേഷ് സുധാകരന്റെയും നേതൃത്വത്തിൽ പൊലീസ് വളരെ കാര്യക്ഷമമായാണ് ഇടപെട്ടത്. നിമിഷങ്ങൾക്കകം അന്വേഷണം തുടങ്ങാനും വിവിധ പൊലീസ് സ്‌റ്റേഷനുകളിലേക്ക് വിവരം നൽകാനും വാഹനം പിന്തുടരാനും പൊലീസിന് സാധിച്ചു. ഇന്നലെ ജില്ലാ പൊലീസ് മേധാവി പെരിന്തൽമണ്ണയിലെത്തി അന്വേഷണം വിലയിരുത്തി. ഇന്നലെ വൈകിട്ടോടെ പ്രതികളെ പെരിന്തൽമണ്ണയിലെത്തിച്ചു. 3 ക്വട്ടേഷൻ ഗ്രൂപ്പുകളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. ജ്വല്ലറി ഉടമയെയും സഹോദരനെയും ആക്രമിച്ച് പരുക്കേൽപ്പിച്ച് സ്വർണം കവർന്ന സംഭവത്തിൽ പ്രതികളെ വേഗത്തിൽ അറസ്‌റ്റ് ചെയ്‌ത പൊലീസ് അധികൃതരെ മർച്ചന്റ്‌സ് അസോസിയേഷൻ അഭിനന്ദിച്ചു. നഷ്‌ടപ്പെട്ട സ്വർണം വീണ്ടെടുക്കാൻ അധികൃതരുടെ ഭാഗത്തു നിന്ന് നടപടി ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. നഗരത്തിലെ തെരുവു വിളക്കുകൾ കത്തിച്ചും കുറ്റമറ്റ രീതിയിൽ ക്യാമറകൾ പ്രവർത്തിപ്പിച്ചും രാത്രികാല പെട്രോളിങ് വർധിപ്പിച്ചും വ്യാപാരികളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്താൻ വേണ്ട നടപടികൾ അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന് പ്രസിഡന്റ് പി.ടി.എസ്.മൂസു, ജന.സെക്രട്ടറി സി.പി.മുഹമ്മദ് ഇക്‌ബാൽ എന്നിവർ ആവശ്യപ്പെട്ടു.

പെരിന്തൽമണ്ണയിൽ സ്വർണ വ്യാപാരിക്കും സഹോദരനും നേരെയുണ്ടായ ആക്രമണത്തിലും കവർച്ചയിലും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പൊലീസിന്റെ ഭാഗത്തു നിന്ന് സംഭവത്തിൽ കാര്യക്ഷമമായ ഇടപെടലുണ്ടായതായി അസോസിയേഷൻ വിലയിരുത്തി. രാത്രികാലങ്ങളിൽ പൊലീസ് പെട്രോളിങ് ശക്തമാക്കി വ്യാപാര സ്ഥാപനങ്ങളുടെയും വ്യാപാരികളുടെയും സുരക്ഷ ഉറപ്പു വരുത്തണം. ആശങ്കയകറ്റുന്ന നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് എകെജിഎസ്എംഎ ജില്ലാ പ്രസിഡന്റ് അസീസ് ഏർബാദ്, ജില്ലാ ജന.സെക്രട്ടറി കെ.ടി.അക്‌ബർ, സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി.കെ.അയമുഹാജി, ജില്ലാ വർക്കിങ് പ്രസിഡന്റ് എൻ.ടി.കെ.ബാപ്പു എന്നിവർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *