
Perinthalmanna Radio
Date: 27-11-2024
പെരിന്തൽമണ്ണ: സൗദി അറേബ്യയിലെ ജിദ്ദയിൽ ഐപിഎൽ താരലേലം അവസാനിച്ചപ്പോൾ എല്ലാവരുടേയും കണ്ണിലുടക്കിയത് ഋഷഭ് പന്തിന്റെ റെക്കോഡ് ലേലത്തുകയും വൈഭവ് സൂര്യവംശി എന്ന 13-കാരന്റെ ഉദയവുമായിരുന്നു. എന്നാൽ കേരളത്തിൽ നിന്ന് ഒരു പുതിയ താരം കൂടി ഐപിഎൽ സീസണിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ 23-കാരൻ വിഘ്നേഷ് പുത്തൂർ. ലേലത്തിലെ അപ്രതീക്ഷിത എൻട്രിയായിരുന്നു വിഘ്നേഷ്. ഇടങ്കയ്യൻ സ്പിൻ ബൗളറായ വിഘ്നേഷിനെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപ നൽകിയാണ് മുംബൈ ടീമിലെത്തിച്ചത്.
പെരിന്തൽമണ്ണയിലെ ഓട്ടോ ഡ്രൈവറായ സുനിൽ കുമാറിന്റേയും വീട്ടമ്മയായ കെ.പി ബിന്ദുവിന്റേയും മകനായ വിഘ്നേഷിന് ക്രിക്കറ്റിൽ പാരമ്പര്യങ്ങളൊന്നും പറയാനില്ല. നാട്ടിലെ ക്രിക്കറ്റ് പരിശീലകനായ വിജയനാണ് തുടക്ക കാലത്ത് പാഠങ്ങൾ പകർന്നു നൽകിയത്. പിന്നീട് കേരളത്തിനായി അണ്ടർ 14, 19, 23 വിഭാഗങ്ങളിൽ കളിച്ചു. ഇതുവരെ കേരള സീനിയർ ടീമിന്റെ ജഴ്സി അണിഞ്ഞിട്ടില്ല. അതിന് മുമ്പാണ് ഐപിഎൽ ഭാഗ്യം തേടിയെത്തിയത്. പ്രഥമ ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന്റെ താരമായിരുന്നു. പെരിന്തൽമണ്ണ പിടിഎം ഗവൺമെന്റ് കോളേജിൽ എംഎ ലിറ്ററേച്ചർ വിദ്യാർഥിയാണ്.
ലേലത്തിനുമുമ്പ് വിഘ്നേഷിനെ മുംബൈ ഇന്ത്യൻസ് ട്രയൽസിന് വിളിച്ചിരുന്നു. മികച്ച പ്രകടനം പുറത്തെടുത്തതോടെ ടീമിനൊപ്പം കൂട്ടുകയായിരുന്നു. ഇനി രോഹിത് ശർമ, ജസ്പ്രീത് ബുംറ തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പമാകും വിഘ്നേഷ് കളിക്കുക.
ഇത്തവണ 12 മലയാളി താരങ്ങളാണ് ലേലത്തിൽ പങ്കെടുത്തത്. അതിൽ മൂന്ന് പേരെ മാത്രമാണ് ടീമുകൾ വിളിച്ചെടുത്തത്. വിഷ്ണു വിനോദിനെ 95 ലക്ഷത്തിന് പഞ്ചാബ് കിങ്സും സച്ചിൻ ബേബിയെ 30 ലക്ഷത്തിന് സൺറൈസേഴ്സ് ഹൈദരാബാദും ടീമിലെടുത്തു.
അതേ സമയം രോഹൻ എസ് കുന്നുമ്മലിനേയും മുഹമ്മദ് അസ്ഹറുദ്ദീനേയും അബ്ദുൽ ബാസിത്തിനേയും സൽമാൻ നിസാറിനേയും ആരും ലേലത്തിൽ വിളിച്ചില്ല. തമിഴ്നാടിനുവേണ്ടി കളിക്കുന്ന മലയാളി താരം സന്ദീപ് വാര്യർ രണ്ട് വട്ടം ലേലത്തിൽ വന്നെങ്കിലും ആരും വിളിച്ചില്ല. കർണാടകയുടെ മലയാളിതാരം ദേവ്ദത്ത് പടിക്കലിനെ രണ്ടു കോടി രൂപയ്ക്ക് ബെംഗളൂരു ടീമിലെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
