പെരിന്തൽമണ്ണ സ്വർണ്ണ കവർച്ച കേസിലെ പ്രതികളിൽ ബാലഭാസ്‌കറിന്റെ മരണത്തിന് കാരണമായ കാർ ഓടിച്ച ഡ്രൈവറും

Share to

Perinthalmanna Radio
Date: 28-11-2024

പെരിന്തൽമണ്ണ: പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയെ കാറിടിച്ചുവീഴ്ത്തി 3.5 കിലോ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികളില്‍ അന്തരിച്ച സംഗീതജ്ഞന്‍ ബാലഭാസ്കറിന്‍റെ ഡ്രൈവറും. ബാലഭാസ്ക്കറിന്‍റെ കാര്‍ അപകടത്തില്‍ പെടുമ്പോള്‍ ഡ്രൈവര്‍ അര്‍ജുനായിരുന്നു. അര്‍ജുന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നു. സ്വര്‍ണം തട്ടിയ സംഘത്തെ ചെറുപ്പുളശേരിയിലെത്തി അര്‍ജുന്‍ കാറില്‍ കൂട്ടിക്കൊണ്ടുപോയി. ബാലഭാസ്ക്കറിന്‍റെ മരണവുമായി കേസിന് ബന്ധമില്ലെന്ന് ഡിവൈഎസ്പി ടി.കെ.ഷൈജു പറഞ്ഞു.

ആറു വർഷമായിട്ടും ബാലുവിന്റെ മരണത്തിന് പിന്നിലെ നിഗൂഢത ഇന്നും അവശേഷിക്കുകയാണ്. സ്വാഭാവിക കാറപകടമെന്ന് പൊലീസും ക്രൈംബ്രാഞ്ചും സി.ബി.ഐയും എഴുതി തള്ളിയെങ്കിലും, പിതാവ് കെ.സി. ഉണ്ണി ഹൈക്കോടതിയെ സമീപിച്ച്, മരണത്തിന് സ്വർണക്കടത്തുമായോ അതിന്റെ ഭാഗമായുള്ള ഗൂഢാലോചനയുമായോ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് വിശദമായി അന്വേഷിക്കാൻ ഉത്തരവു നേടി. തുടക്കത്തിൽ സാധാരണ കാറപകടം എന്നായിരുന്നു കരുതിയത്.

ബാലുവിന്റെ സുഹൃത്തുക്കളും മാനേജർമാരും സ്വർണക്കടത്തു കേസിൽ പ്രതിയായതോടെയാണ് ബന്ധുക്കൾക്ക് സംശയമുണ്ടായതും, അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടതും. ബാലുവിന്റെ ട്രൂപ്പ് അംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സ്വർണക്കടത്തും ദുരൂഹമായ പണമിടപാടുകളും സംശയകരമായ മൊഴികളുമെല്ലാം പുനരന്വേഷിക്കുകയാണ് സി.ബി.ഐയുടെ രണ്ടാം സംഘം. ബാലുവുമായുള്ള ബന്ധം സുഹൃത്തുക്കൾ സ്വർണക്കടത്തിന് ഉപയോഗിച്ചില്ലെന്നാണ് സി.ബി.ഐയുടെ ആദ്യാന്വേഷണത്തിലെ നിഗമനം. ബാലഭാസ്‌കറിന്റേത് അപകടമരണമാണോ കൊലപാതകമണോ എന്നേ അന്വേഷിച്ചിട്ടുള്ളൂ. മരണത്തിന് സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചിട്ടില്ല.

ഡി.ആർ.ഐയാണ് അത് അന്വേഷിക്കേണ്ടതെന്നായിരുന്നു സി.ബി.ഐ കോടതിയിൽ പറഞ്ഞത്. കാറപകടം ആസൂത്രിതമല്ലെന്നും അമിത വേഗതയും അശ്രദ്ധയും കാരണമുണ്ടായതാണെന്നുമുള്ള കണ്ടെത്തലോടെ ഡ്രൈവർ അർജ്ജുനെതിരെ മന:പൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയ കുറ്റപത്രം തള്ളിയാണ് പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. പല വസ്തുതകളും പരിശോധിക്കാതെ തയ്യാറാക്കിയ സി.ബി.ഐ കുറ്റപത്രത്തിൽ ഒട്ടേറെ പാളിച്ചകൾ ഉള്ളതിനാൽ അംഗീകരിക്കാൻ ആവില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. ബാലഭാസ്‌കറിന്റെ മാതാപിതാക്കളായ കെ.സി. ഉണ്ണി, ബി. ശാന്തകുമാരി, സാക്ഷി സോബി ജോർജ്ജ് എന്നിവരുടെ ഹർജികളിലാണ് പുനരന്വേഷണത്തിന് ഉത്തരവുണ്ടായത്.
എന്നാൽ, തന്റെ ആരോഗ്യവും ജീവിതവും നശിപ്പിച്ച ആക്‌സിഡന്റ് ആയിരുന്നത് കൊണ്ട് ബാലഭാസ്‌കറിന്റെ അമ്മയും അച്ഛനും ഒന്നരക്കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഇതേ അർജുൻ കേസ് നൽകിയിരിക്കുകയാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *