വലമ്പൂർ-പൂപ്പലം മേൽപ്പാലം; പച്ചക്കൊടിയുമായി റെയിൽവേ

Share to

Perinthalmanna Radio
Date: 29-11-2024

പെരിന്തൽമണ്ണ: കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന് ആശ്വാസമാകുന്ന പൂപ്പലം-വലമ്പൂർ റെയിൽവേ മിനി ഓവർബ്രിഡ്ജിന് ദക്ഷിണ റെയിൽവേയുടെ സാങ്കേതിക അനുമതി. വലമ്പൂർ വികസന സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. ഷൊർണൂർ- നിലമ്പൂർ റെയിൽവേ പാതയിലെ അങ്ങാടിപ്പുറം, പട്ടിക്കാട് സ്റ്റേഷനുകൾക്ക് ഇടയിലായി താഴെ പൂപ്പലം ഭാഗത്താണ് മേൽപ്പാലത്തിന് അനുമതിയായത്. നിലവിൽ പൂപ്പലം റെയിൽവേ പാതവരെ റോഡുണ്ട്. ഒരുഭാഗം ഉയർന്ന പ്രദേശവും ആയതിനാൽ കൂടുതൽ സ്ഥലം ഏറ്റെടുക്കാതെ വളരെ കുറഞ്ഞ ചെലവിൽ പാലം പണിയാമെന്ന് വികസന സമതി കൺവീനർ സുന്ദരൻ മുണ്ടക്കൽ, ചെയർമാൻ കെ.പി. കുഞ്ഞികൃഷ്ണൻ, പി. ഹാരിസ് ഖാൻ, ഷരീഫ് പാറമ്മൽ എന്നിവർ പറഞ്ഞു.

നവംബർ 29 -ന് മങ്കടയിൽ നടന്ന നവ കേരള സദസ്സിൽ വലമ്പൂർ വികസന സമിതി നൽകിയ അപേക്ഷയെ തുടർന്നാണ് പൂപ്പലത്ത് റെയിൽവേ മേൽപ്പാലം വേണമെന്ന് വർഷങ്ങളായുള്ള ആവശ്യം പരിഗണിക്കപ്പെട്ടത്. ജനുവരി 12 -ന് മഞ്ചേരി പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ സ്ഥലം സന്ദർശിച്ച് അനുയോജ്യമാണെന്ന് കണ്ടെത്തി. പരിശോധന നടത്താൻ അനുമതിക്കായി സർക്കാരിലേക്ക് കത്തും നൽകി. ഫെബ്രുവരി 14 -ന് വികസനസമിതി ഭാരവാഹികൾ മന്ത്രി മുഹമ്മദ് റിയാസിന് നിവേദനവും നൽകി. തുടർന്ന് പാലക്കാട് ദക്ഷിണ റെയിൽവേ ഡിവിഷൻ എൻജിനീയർ സ്ഥലം സന്ദർശിച്ച് അനുകൂല റിപ്പോർട്ട് നൽകി. മേൽപ്പാലം നിർമാണം റെയിൽവേക്ക്‌ ഡെപ്പോസിറ്റ് വ്യവസ്ഥകളിൽ ഏറ്റെടുക്കാവുന്നതാണെന്ന് പാലക്കാട്  ഡിവിഷൻ ഓഫീസിൽ നിന്ന് അറിയിച്ചു. പദ്ധതി തയ്യാറാക്കി സംസ്ഥാന സർക്കാരോ തദ്ദേശ സ്ഥാപനമോ ഫണ്ട് വകയിരുത്തിയാൽ പാലം യാഥാർത്ഥ്യമാകുമെന്ന് വികസനസമതി ഭാരവാഹികൾ പറഞ്ഞു.

പെരിന്തൽമണ്ണ- ആനക്കയം സംസ്ഥാന പാതയെ മങ്കടയിലും പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാന പാതയെ താഴെ പൂപ്പലത്തും (മീൻ മാർക്കറ്റിനു സമീപം) പുതിയ പാത ബന്ധിപ്പിക്കും. മഞ്ചേരി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾക്ക് അങ്ങാടിപ്പുറം ഗതാഗതക്കുരുക്കിൽ പെടാതെ പെരിന്തൽമണ്ണ, മണ്ണാർക്കാട്, പാലക്കാട്, തൃശ്ശൂർ ഭാഗങ്ങളിലേക്കും തിരിച്ചും പോകാം. പ്രദേശ വാസികൾക്ക് അങ്ങാടിപ്പുറം ഗതാഗതക്കുരുക്കിൽപ്പെടാതെ 10 മിനിറ്റിനകം പെരിന്തൽമണ്ണയിലെത്താം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *