Perinthalmanna Radio
Date: 24-12-2024
പെരിന്തൽമണ്ണ: ഷൊർണൂർ–നിലമ്പൂർ രാത്രികാല ട്രെയിൻ ലഭിക്കാത്തതിനെ തുടർന്നു കഴിഞ്ഞ ദിവസം ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽ നടന്ന യാത്രക്കാരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അൻപതോളം പേർക്കെതിരെ കേസ്.
കഴിഞ്ഞ 13ന് ആലപ്പുഴ–കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് വൈകിയെത്തിയതിനെ തുടർന്ന് അവസാന ട്രെയിൻ ലഭിക്കാതെ വന്നതാണു പ്രതിഷേധത്തിനിടയാക്കിയത്. നിലമ്പൂർ ഭാഗത്തേക്കുള്ള നൂറുകണക്കിനു യാത്രക്കാർ മണിക്കൂറുകളോളം ഷൊർണൂരിൽ കുടുങ്ങിയിരുന്നു.
ആലപ്പുഴ–കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസിൽ ഷൊർണൂരിൽ ഇറങ്ങുന്ന യാത്രക്കാരേറെയും നിലമ്പൂർ ഭാഗത്തേക്ക് ഉള്ളവരാണ്. സംഭവത്തിൽ റെയിൽവേ പൊലീസും ആർപിഎഫും വെവ്വേറെ കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.
സ്‌റ്റേഷൻ മാനേജരുടെയും സ്‌റ്റേഷൻ മാസ്‌റ്ററുടെയും പരാതികളുണ്ട്. സ്ഥലത്തെ മൊബൈൽ ടവർ ലൊക്കേഷനും പ്രതിഷേധത്തിന്റെ വിഡിയോ ദൃശ്യങ്ങളും മറ്റു തെളിവുകളും അധികൃതർ ശേഖരിച്ചിട്ടുണ്ട്. ചിലരെ സംഭവവുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്‌തിട്ടുമുണ്ട്. ട്രെയിൻ യാത്രക്കാരുടെ വിവിധ കൂട്ടായ്മകളിൽനിന്ന് ഇതു സംബന്ധിച്ച വിവരം ശേഖരിച്ചിരുന്നു. തിരുവനന്തപുരം ഡിവിഷനു കീഴിലുള്ളതാണ് ആലപ്പുഴ കണ്ണൂർ എക്‌സ്പ്രസ്. ഡിവിഷനിലെ വിവിധ സ്‌റ്റേഷനുകളിലെ റെയിൽവേ പാതയിലെ അറ്റകുറ്റപ്പണികൾ കാരണവും മറ്റു ട്രെയിനുകൾക്കും ഗുഡ്‌സ് ട്രെയിനുകൾക്കും കടന്നുപോകാൻ വേണ്ടിയും ഈ ട്രെയിൻ പലപ്പോഴും വഴിയിൽ പിടിച്ചിടുന്നതാണു പ്രതിസന്ധി. തിരുവനന്തപുരം ഡിവിഷന്റെ മേഖലകളിലാണു പലപ്പോഴും ട്രെയിൻ പിടിച്ചിടുന്നത്. ഈയിടെയായി ആലപ്പുഴ–കണ്ണൂർ എക്‌സ്പ്രസ് ട്രെയിൻ നേരത്തേ എത്തിക്കുന്നതിന് അധികൃതർ പരമാവധി ശ്രമിക്കുന്നത് യാത്രക്കാർക്ക് ഏറെ ആശ്വാസകരമാണ്. ഈ ട്രെയിനിൽ എത്തിയ യാത്രക്കാർക്ക് ഇതുമൂലം കഴിഞ്ഞ ദിവസങ്ങളിലെല്ലാം നിലമ്പൂരിലേക്കുള്ള അവസാന രാത്രികാല ട്രെയിൻ ലഭിച്ചിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ