ഷൊർണൂർ- നിലമ്പൂർ പാതയിൽ ഇന്ന് മുതൽ ഇലക്ട്രിക് ട്രെയിനുകൾ

Share to

Perinthalmanna Radio
Date: 01-01-2025

അങ്ങാടിപ്പുറം : ഇന്ത്യൻ റെയിൽവേയുടെ പുതുവത്സരസമ്മാനമായി ഷൊർണൂർ- നിലമ്പൂർ ലൈനിൽ ഇലക്‌ട്രിക് വണ്ടികൾ ബുധനാഴ്ച മുതൽ ഓടിത്തുടങ്ങും. ഇലക്‌ട്രിക് എൻജിനുമായി ഗുഡ്‌സ് ട്രെയിൻ ചൊവ്വാഴ്ച പരീക്ഷണ ഓട്ടം നടത്തി.

അങ്ങാടിപ്പുറം എഫ്‌.സി.ഐ. ഗോഡൗണിലേക്ക് ധാന്യങ്ങളുമായി 21 ബോഗികളുള്ള വണ്ടി രാവിലെ 10.20-നാണ് അങ്ങാടിപ്പുറത്ത് എത്തിയത്. പരീക്ഷണ ഓട്ടം വിജയിച്ചതോടെ ബുധനാഴ്ച മുതൽ എല്ലാ വണ്ടികളും ഇലക്‌ട്രിക് ലോക്കോയുമായാണ് വരുന്നതും പോകുന്നതും. പാലക്കാട് നിന്നുള്ള ഇലക്‌ട്രിക് ലോക്കോ എക്‌സ്റ്റൻഷൻ ഉപയോഗിച്ചാണ് ഗുഡ്‌സ് ട്രെയിൻ അങ്ങാടിപ്പുറം വരെ എത്തിയത്.

മേലാറ്റൂരിലെ ട്രാക്ഷൻ സബ്‌ സ്റ്റേഷൻ തിങ്കളാഴ്ച ചാർജ് ചെയ്തതോടെ വൈദ്യുതീകരണത്തിന്റെ നടപടികൾ പൂർത്തിയായി. 66 കിലോമീറ്റർ പാതയും അങ്ങാടിപ്പുറം, വാണിയമ്പലം, നിലമ്പൂർ യാർഡുകളുമടക്കം 70 കിലോമീറ്റർ വൈദ്യുതീകരിക്കാൻ 1300 തൂണുകളാണ് സ്ഥാപിച്ചത്. ഈ തൂണുകളിലൂടെ കാന്റി ലിവർ രീതിയിലാണ് വൈദ്യുതിക്കമ്പികൾ സ്ഥാപിച്ചിട്ടുള്ളത്. വാടാനാംകുറുശ്ശി, അങ്ങാടിപ്പുറം, വാണിയമ്പലം എന്നിവിടങ്ങളിലാണ് സ്വിച്ചിങ് സംവിധാനമുള്ളത്. ഏകദേശം 110 കോടിയാണ് ചെലവ്. ഇനി ഒരു മണിക്കൂർ 10 മിനിറ്റിനകം ഷൊർണൂരിൽനിന്ന് നിലമ്പൂരെത്താം. ഇതുവരെ 1.35 മിനിറ്റായിരുന്നു സമയദൈർഘ്യം.

വൈദ്യുത വണ്ടികൾ ഓടിത്തുടങ്ങിയാൽ പുതിയ സർവീസുകൾ വരുമെന്നും യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്നവിധം സമയം ക്രമീകരിക്കുമെന്നുമുള്ള പ്രതീക്ഷകൾ സഫലമാകാൻ ഇനിയും കാത്തിരിക്കേണ്ടിവരും. പുതിയ റെയിൽവേ ടൈംടേബിളിൽ സമയക്രമത്തിൽ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. പല പാസഞ്ചറുകളും അഞ്ച് മിനിറ്റാണ് വ്യത്യാസം. 2.05-ന് ഷൊർണൂരിൽനിന്ന് പുറപ്പെട്ടിരുന്ന പാസഞ്ചർ 2.20-ആക്കി മാറ്റിയത് കോയമ്പത്തൂരിൽനിന്നുള്ള മെമു സർവീസിന് കണക്ഷൻ ലഭിക്കും എന്നതാണ് ചെറിയൊരാശ്വാസം. രാത്രി 8.10-ന് പുറപ്പെട്ടിരുന്ന പാസഞ്ചർ 8.15 ആക്കി മാറ്റി. 9.55-ന് നിലമ്പൂരിൽ നിന്ന് പുറപ്പെട്ടിരുന്ന പാസഞ്ചർ കുറച്ച് നേരത്തെ പുറപ്പെടണമെന്നാവശ്യം പരിഗണിച്ചില്ലെന്നു മാത്രമല്ല 10.10 ആക്കി സമയം മുന്നോട്ടാക്കി. ഈ വണ്ടി നിലമ്പൂരിൽനിന്ന് നേരത്തെ പുറപ്പെട്ടാൽ ഒട്ടേറെ ജോലിക്കാർക്കും വിദ്യാർഥികൾക്കും ഉപകാര പ്രദമാകുമായിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *