
Perinthalmanna Radio
Date: 04-01-2025
പെരിന്തൽമണ്ണ ∙ വൈദ്യുതീകരണം കഴിഞ്ഞ് വൈദ്യുതി ട്രെയിനുകൾ ഓടിത്തുടങ്ങിയതോടെ ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിൽ ഇനി കാത്തിരിപ്പ് മെമു(മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) സർവീസുകൾക്ക്. ഈ റൂട്ടിലേക്കായി രാത്രികാല മെമു സർവീസും പകൽ സമയ മെമുവും റെയിൽവേ അധികൃതരുടെ പരിഗണനയിലുണ്ട്. ഇതു സംബന്ധിച്ച് പാലക്കാട് റെയിൽവേ ഡിവിഷൻ റെയിൽവേ ബോർഡിനുൾപ്പെടെ ശുപാർശ സമർപ്പിച്ചതായാണ് അറിവ്.
2 മാസത്തിനകം റൂട്ടിൽ മെമു സർവീസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുമെന്നും വൈകില്ലെന്നുമാണു റെയിൽവേ അധികൃതർ നൽകുന്ന സൂചന.
രാത്രി 8.40ന് ഷൊർണൂരിലെത്തി വെറുതേ കിടക്കുന്ന എറണാകുളം–ഷൊർണൂർ മെമു സർവീസ് നിലമ്പൂരിലേക്ക് നീട്ടുമെന്ന കാര്യത്തിൽ റെയിൽവേ അധികൃതർ തത്വത്തിൽ തീരുമാനമെടുത്തതാണ്. രാത്രി ഒൻപതരയ്‌ക്കു ശേഷം നിലമ്പൂരിലേക്കു പോവുകയും പുലർച്ചെ 3.15ഓടെ ഷൊർണൂരിലേക്കു മടങ്ങി കണ്ണൂർ എക്സ്പ്രസായി യാത്ര തുടരുകയും ചെയ്യുന്ന വിധമാണ് ആലോചന.
തിരുവനന്തപുരത്തു നിന്നെത്തുന്ന വന്ദേഭാരത്, കണ്ണൂർ ജനശതാബ്ദി, നിസാമുദ്ദീൻ, പൂർണ, കോഴിക്കോട് ഭാഗത്തു നിന്നെത്തുന്ന തിരുവനന്തപുരം എക്സ്പ്രസ്, കൊച്ചുവേളി, ഒഖ–എറണാകുളം, നാഗർകോവിൽ, തിരുവനന്തപുരം എക്സ്പ്രസ്, യശ്വന്ത്പുര എക്സ്പ്രസ് എന്നീ ട്രെയിനുകളിൽ ഷൊർണൂരിലെത്തുന്ന രാത്രി യാത്രക്കാർക്ക് ഇതോടെ തുടർയാത്രക്കു വഴി തെളിയും.
നിലവിൽ 8.15നാണ് ഷൊർണൂരിൽ നിന്നു നിലമ്പൂരിലേക്കുള്ള അവസാന ട്രെയിൻ. പുലർച്ചെ നിലമ്പൂരിൽ നിന്നെത്തുന്ന മെമുവിന് ഷൊർണൂരിൽ നിന്നു പാലക്കാട് ഭാഗത്തേക്കുള്ള മംഗളൂരു–ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ലഭിക്കും. ഇതിൽ പാലക്കാടെത്തുന്നവർക്ക് ഉടൻ പഴനി, മധുര ഭാഗത്തേക്കുള്ള തിരുച്ചെന്തൂർ എക്സ്പ്രസ് ലഭിക്കും. കോഴിക്കോട്–മംഗളൂരു ഭാഗത്തേക്ക് അതിരാവിലെ ഷൊർണൂർ–കണ്ണൂർ മെമു, മംഗളൂരു സെൻട്രൽ, മംഗളൂരു സൂപ്പർ ഫാസ്റ്റ്, കണ്ണൂർ എക്സ്പ്രസ് എന്നിവയ്ക്കും തൃശൂരിൽ നിന്നു കന്യാകുമാരി എക്സ്പ്രസ്, കൊച്ചുവേളി(വീക്കിലി), കൊച്ചുവേളി സൂപ്പർ ഫാസ്റ്റ്), കൊച്ചുവേളി ഗരീബ്‌രഥ്, ആലപ്പുഴ സൂപ്പർ ഫാസ്റ്റ്, ഗുരുവായൂർ എക്സ്പ്രസ് എന്നിവയിലെ യാത്രയ്ക്കും സാധ്യത തെളിയും. രാവിലെ 6.05ന് പാലക്കാട് നിന്ന് ആരംഭിച്ച് 7.05 ന് ഷൊർണൂരും 8.45 ന് നിലമ്പൂരിലുമെത്തുന്ന പാലക്കാട്–നിലമ്പൂർ ട്രെയിൻ മെമു സർവീസാക്കുന്ന കാര്യവും റെയിൽവേ പരിഗണിക്കുന്നുണ്ട്. അങ്ങനെ വന്നാൽ രാവിലെ 9.55 ന് ഷൊർണൂരിലേക്കുള്ള സർവീസും മെമു സർവീസായി മാറിയേക്കും. കോയമ്പത്തൂർ–ഷൊർണൂർ മെമു സർവീസ് നിലമ്പൂരിലേക്ക് നീട്ടണമെന്ന ആവശ്യവും റെയിൽവേ അധികൃതർക്ക് മുന്നിലുണ്ട്. ലോക്കോകൾ ആവശ്യത്തിന് ലഭ്യമാവാത്തതാണ് കൂടുതൽ സർവീസുകൾ വൈദ്യുതി ട്രെയിനുകളായി ഓടിക്കാൻ കാലതാമസം വരുത്തുന്നത്.
ലോക്കോകൾ ധാരാളമായുണ്ട്. ഇവയെല്ലാം പലവഴിക്കായി ക്രമീകരിച്ചവയാണ് ലോക്കോ ലിങ്കുകൾ ക്രമീകരിക്കാനുള്ള താമസം മാത്രമേയുള്ളൂവെന്നും ഒരാഴ്ചയ്ക്കകം എല്ലാ ട്രെയിനുകളും വൈദ്യുതി ട്രെയിനുകളായി സർവീസ് ആരംഭിച്ചേക്കുമെന്നും അധികൃതർ പറഞ്ഞു.
മേലാറ്റൂരിലെ ചോലക്കുളത്തെ സബ് സ്റ്റേഷനിലും റെയിൽവേയുടെ ട്രാക്‌ഷൻ സബ് സ്റ്റേഷനിലുമായി ആധുനിക അധിക സംവിധാനങ്ങൾ ഒരുക്കുന്ന റിലേ സെറ്റിങ്ങ്സ് പ്രവൃത്തി കൂടി നടക്കുന്നുണ്ട്. റെയിൽവേ പാതയിലെ വൈദ്യുതി ലൈനിന് കൂടുതൽ സുരക്ഷിതത്വം (ഫീച്ചർ പ്രൊട്ടക്‌ഷൻ) നൽകുന്നതിനുള്ള അഡീഷനൽ സംവിധാനങ്ങളാണ് ഒരുക്കുന്നത്. നിലവിൽ പാലക്കാട് ഡിവിഷനിൽ ഇവിടെ മാത്രമാണ് ഈ സംവിധാനമുള്ളതെന്ന് അധികൃതർ പറഞ്ഞു.
അതേ സമയം കോട്ടയം എക്സ്പ്രസിന്റെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കാത്തത് ആയിരക്കണക്കിന് യാത്രക്കാർക്ക് ദുരിതമായി തന്നെ അവശേഷിക്കുന്നു. മേഖലയിലെ മിക്ക സ്റ്റേഷനുകളിൽ നിന്നും നൂറു കണക്കിനു യാത്രക്കാർ വൈകിട്ട് 3.15ന് നിലമ്പൂരിൽ നിന്നു പുറപ്പെടുന്ന ഈ ട്രെയിനിനെ ആശ്രയിക്കുന്നവരാണ്. കോവിഡ് കാലത്തിന് മുൻപ് കോട്ടയം എക്സ്പ്രസിന് പാതയിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും സ്റ്റോപ് ഉണ്ടായിരുന്നതാണ്.
എന്നാൽ പിന്നീട് പുനരാരംഭിച്ചപ്പോൾ ഈ ട്രെയിനിനു മാത്രം നിലമ്പൂർ കഴിഞ്ഞാൽ വാണിയമ്പലത്തും അങ്ങാടിപ്പുറത്തും മാത്രമായി സ്റ്റോപ്പുകൾ. മേലാറ്റൂരിലെയും കുലുക്കല്ലൂരിലെയും ക്രോസിങ് സ്റ്റേഷനുകൾ പൂർത്തിയാകുന്ന മുറയ്ക്ക് ഈ പ്രശ്നത്തിനു പരിഹാരമാകുമെന്നാണു റെയിൽവേ അധികൃതർ പറയുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
