നബിദിനം നാളെ; വരവേൽക്കാൻ നാടൊരുങ്ങി

Share to

പെരിന്തൽമണ്ണ: നബിദിനത്തെ വരവേൽക്കാൻ നാടൊരുങ്ങി. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ റബീഉൽ അവ്വൽ 12 നാളെയാണ്. നബിദിന ആഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ ഉടനീളം മൗലീദ് സദസ്സുകളും ഘോഷ യാത്രയും മദ്രസ വിദ്യാർഥികളുടെ കലാ പരിപാടികളും നടക്കും. കോവിഡ് പ്രതിസന്ധിയെ തുടർന്നു കഴിഞ്ഞ രണ്ടു വർഷം നബിദിനം വിപുലമായി ആഘോഷിച്ചിരുന്നില്ല. കോവിഡ് ഭീതി അകന്നതോടെ വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.

പ്രവാചകൻ പിറന്ന മാസമായ റബീഉൽ അവ്വലിന്റെ തുടക്കം മുതൽ മസ്ജിദുകളിലും സ്ഥാപനങ്ങളിലും മൗലീദ് സദസ്സുകൾ തുടങ്ങിയിരുന്നു. നാളെ പുലർച്ചെ മസ്ജിദുകളിൽ പ്രവാചക പ്രകീർത്തന സദസ്സുകൾ നടക്കും. ദഫ്മുട്ടും പാട്ടും മധുര വിതരണവുമായി നബിദിന റാലികൾ നടക്കും. പള്ളികളെല്ലാം അലങ്കാര വിളക്കുകൾ തെളിച്ച് വർണാഭമാക്കിയിട്ടുണ്ട്. വിപണിയിൽ തൊപ്പിയുടെയും അത്തറിന്റെയും വിൽപനയും സജീവമായി. പുത്തൻ തൊപ്പികൾ ധരിച്ചും അത്തർ പൂശിയുമാണ് കുട്ടികൾ റാലികളിൽ പങ്കെടുക്കുക. നബിയുടെ മദ്ഹുകൾ പാടി മദ്രസകളിൽ ദഫ്മുട്ട് പരിശീലനവും നടക്കുന്നുണ്ട്.

Share to