ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരങ്ങൾ വിതരണം ചെയ്തു

Share to

Perinthalmanna Radio
Date: 07-01-2025

പെരിന്തൽമണ്ണ: ഭിന്നശേഷിക്കാർക്കുള്ള പുനരധിവാസ ഗ്രാമങ്ങൾ ഉടൻ സജ്ജമാകുമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി ഡോ. ആർ. ബിന്ദു. പെരിന്തൽമണ്ണയിൽ സാമൂഹിക നീതി വകുപ്പും ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും സംയുക്തമായി നടത്തിയ ഭിന്നശേഷി സഹായ ഉപകരണ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

തീവ്ര ഭിന്നശേഷിയുള്ളവർക്കായി താമസ സൗകര്യവും ആരോഗ്യ സംവിധാനങ്ങളും സ്കൂളുകളും ഉൾപ്പടെ വിപുലമായ സംവിധാനത്തോടെയാണ് രാജ്യത്തിനു തന്നെ മാതൃകയായ പുനരധിവാസ ഗ്രാമം ഒരുങ്ങുന്നത്. കുടുംബശ്രീയുടെ മാതൃകയിൽ ഭിന്നശേഷി സ്വയം സഹായ ശൃംഖലകൾ ഉടൻ ആരംഭിക്കും. വരുമാനവും സ്വയം തൊഴിൽ കണ്ടെത്തലും ഇതിലൂടെ സാധ്യമാവും.

ഓഫീസുകൾ, കലാലയങ്ങൾ, മറ്റു പൊതുവിടങ്ങളെല്ലാം ഭിന്നശേഷി സൗഹൃദ ഇടങ്ങളായി മാറിക്കഴിഞ്ഞു. പുതിയ കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കിയാണ് പണിയുന്നത്. പൊതുഗതാഗത സംവിധാനങ്ങളും അങ്ങനെ ആയി മാറുകയും ജനങ്ങളുടെ ഭിന്നശേഷിക്കാരോടുള്ള മനോഭാവത്തിൽ മാറ്റം വരികയും വേണം. സാമൂഹ്യനീതി വകുപ്പും ഭിന്നശേഷി ക്ഷേമവകുപ്പും ഇതിനായി ധാരാളം പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നുണ്ട്- മന്ത്രി പറഞ്ഞു.

29 ലക്ഷം രൂപ ചെലവിൽ ‘ശ്രവൺ’ പദ്ധതി പ്രകാരം 18 പേർക്ക് 36 ശ്രവണ സഹായികളും, ‘ഹസ്തദാനം’ പദ്ധതിയിൽ 94 പേർക്ക് 20,000 രൂപയുടെ സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റ് വിതരണവും, ‘ശുഭയാത്ര’പദ്ധതിയിൽ 51 പേർക്ക് 97 സഹായ ഉപകരണങ്ങളുമാണ് വിതരണം ചെയ്തത്.

പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ പി. ഷാജി മുഖ്യാതിഥിയായിരുന്നു. ഭിന്നശേഷി ക്ഷേമ കോർപറേഷൻ ചെയർപേഴ്സൺ എം. വി. ജയഡാളി, കെ. എസ്. എച്ച്. ആർ. ഡബ്ല്യൂ. സി. ഡയറക്ടർ കെ. മൊയ്തീൻകുട്ടി, പെരിന്തൽമണ്ണ നഗരസഭ ക്ഷേമകാര്യ
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഹനീഫ, കൗൺസിലർ നെച്ചിയിൽ മൻസൂർ, ജില്ലാ സാമൂഹ്യനീതി ഓഫീസർ ഇൻ ചാർജ് വി. വി. സതീദേവി, ഭിന്നശേഷി കോർപറേഷൻ ഡയറക്ടർ ബോർഡ്‌ മെമ്പർ ചാരുംമൂട് പുരുഷോത്തമൻ, കെ. എസ്. എസ്. എം. ജില്ലാ കോർഡിനേറ്റർ സി. ജാഫർ, കെ. എസ്. എച്ച്. പി. ഡബ്ലിയു. സി. റീജിയണൽ ഓഫീസർ സി. എസ്. രാജാബിക തുടങ്ങിയവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *