
Perinthalmanna Radio
Date: 09-01-2025
അങ്ങാടിപ്പുറം : പുലിഭീതിയിൽ പരിയാപുരം. ബുധനാഴ്ച പുലർച്ചെ കിഴക്കേമുക്കിൽ റബ്ബർ തോട്ടത്തിൽ കടിച്ചുതിന്നനിലയിൽ കുറുക്കന്റെ ജഡം കണ്ടെത്തി. കിഴക്കേമുക്കിലെ വാത്താച്ചിറ ജെയിംസിന്റെ റബ്ബർതോട്ടത്തിലാണ് മുക്കാൽഭാഗവും ഭക്ഷിച്ചനിലയിൽ ജഡം കണ്ടത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 8.45-ന് പരിയാപുരം-ചീരട്ടാമല റോഡിൽ ബൈക്ക് യാത്രക്കാരനായ ഒരാൾ പുലി റോഡ് മറികടന്നുപോകുന്നതു കണ്ടതായി നാട്ടുകാരെ അറിയിച്ചിരുന്നു. അന്നു രാത്രിതന്നെ നാട്ടുകാരനായ ജെറിനും വീടിനുസമീപത്ത് പുലിയെ കണ്ടതായി പറഞ്ഞു.
പോലീസും ബീറ്റ് ഫോറസ്റ്റ് ഓഫീസർ ധന്യാരാജിന്റെ നേതൃത്വത്തിലുള്ള വനപാലകരും സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും കാൽപ്പാടുകളൊന്നും കണ്ടെത്താത്തതിനാൽ പുലിയാണെന്നു സ്ഥിരീകരിക്കാനാകില്ലെന്നാണ് അറിയിച്ചത്. ക്യാമറ സ്ഥാപിക്കാമെന്നറിയിച്ചാണ് അവർ മടങ്ങിയത്. ബുധനാഴ്ച കുറുക്കന്റെ ജഡം കണ്ടതോടെ ഫോറസ്റ്റ് ഓഫീസർമാർ വീണ്ടും സ്ഥലത്തെത്തി പരിശോധിച്ചു. ക്യാമറ സ്ഥാപിക്കാനാണ് തീരുമാനം.
50 കിലോമീറ്റർ പരിധിയിൽപ്പോലും വനമേഖല ഇല്ലാത്ത പ്രദേശമാണ് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കുടിയേറ്റമേഖലയായ പരിയാപുരം. റബ്ബർ ടാപ്പിങ്ങാണ് മിക്കവരുടേയും ജീവിതമാർഗം. പുലർച്ചെയാണ് ഇവർ ടാപ്പിങ്ങിനായി ഇറങ്ങുന്നത്. റബ്ബർ എസ്റ്റേറ്റിൽ കുറുക്കന്റെ ജഡം കണ്ടതോടെ ടാപ്പിങ്ങിനിറങ്ങുന്നത് ഭീതിയിലാണ്. ആറുമണിക്കു ശേഷമാണ് കഴിഞ്ഞ ദിവസങ്ങളിൽ ടാപ്പിങ്ങിന് ഇറങ്ങിയത്.
ജനങ്ങളുടെ ഭീതി അകറ്റണമെന്നും സർക്കാർ അടിയന്തരമായി ഇടപെട്ട് ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്നും നാട്ടുകാരുടെ അടിയന്തര യോഗം ആശ്യപ്പെട്ടു. വാർഡംഗം അനിൽ പുലിപ്ര, റോയി ജോസഫ് തോയ്ക്കുളം, ബെന്നി ജോസഫ്, പി.ഡി. സജി എന്നിവർ പ്രസംഗിച്ചു. അധികാരികൾ നടപടിയെടുത്തില്ലെങ്കിൽ സർവകക്ഷി യോഗംചേർന്ന് പ്രത്യക്ഷ സമര പരിപാടികളിലേക്കു നീങ്ങാനും തീരുമാനിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
