
Perinthalmanna Radio
Date: 09-01-2025
മലപ്പുറം: സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് മൂന്നര മാസമായി സർക്കാർ ഫണ്ട് അനുവദിക്കാത്തത് മൂലം പദ്ധതി നടത്തിപ്പ് പ്രതിസന്ധിയിൽ. ജില്ലയിൽ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ 5.85 ലക്ഷം കുട്ടികളാണ് ഗുണഭോക്താക്കൾ. ഒരുമാസം ശരാശരി പത്ത് കോടി രൂപ ജില്ലയിൽ ചിലവ് വരുന്നുണ്ട്. ഇങ്ങനെ 30 കോടിയിലധികം രൂപ കുടിശ്ശികയായി ലഭിക്കാനുണ്ട്. കുട്ടികൾക്കുള്ള പോഷകാഹാരം വാങ്ങിയ വകയിൽ ഹെഡ് മാസ്റ്റർമാർക്ക് ലക്ഷങ്ങൾ ലഭിക്കാനുണ്ട്. ആറ് ലക്ഷം രൂപ വരെ ലഭിക്കാനുള്ള ഹെഡ് മാസ്റ്റർമാർ ജില്ലയിലുണ്ട്. ആയിരം കുട്ടികളുള്ള ഒരുസ്‌കൂളിന് മാസം രണ്ട് ലക്ഷത്തോളം രൂപ ചെലവ് വരും. സർക്കാർ ഫണ്ട് സ്ഥിരമായി വൈകുമ്പോൾ ഭക്ഷണ വിതരണം മുടങ്ങാതിരിക്കാൻ പ്രധാനാദ്ധ്യാപകർ സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്താണ് സാധനങ്ങൾ വാങ്ങുന്നത്. കുടിശ്ശിക തുക കൂടിയാൽ പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, മുട്ട എന്നിവ സ്‌കൂളുകൾക്ക് നൽകാൽ കടയുടമകളും തയ്യാറല്ല. പാൽ സൊസൈറ്റികളിൽ നിന്നാണ് വാങ്ങുന്നത്. ഒരുമാസത്തിൽ കൂടുതൽ കുടിശ്ശിക വന്നാൽ സൊസൈറ്റികൾക്കും താങ്ങാനാവില്ല. സർക്കാർ ഉടൻ ഫണ്ട് അനുവദിച്ചില്ലെങ്കിൽ പദ്ധതിയുമായി മുന്നോട്ടുപോവാൻ കഴിയില്ലെന്ന നിലപാടിലാണ് പ്രധാനാദ്ധ്യാപകർ.
കേന്ദ്ര സർക്കാർ 60ഉം സംസ്ഥാന സർക്കാർ 40 ശതമാനവും തുക വിഹിതമായി വഹിച്ചാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോവുന്നത്. കേന്ദ്ര ഫണ്ട് ലഭിക്കാനുള്ള കാലതാമസമാണ് പദ്ധതിക്ക് തടസ്സമെന്ന വാദമാണ് സംസ്ഥാന സർക്കാരിന്. ഓരോ മൂന്ന് മാസം കൂടുമ്പോൾ സംസ്ഥാന സർക്കാർ സമർപ്പിക്കുന്ന കണക്ക് അനുസരിച്ചാണ് കേന്ദ്ര വിഹിതം ലഭിക്കാറുള്ളത്. സെപ്തംബർ പകുതി വരെയുള്ള കേന്ദ്രവിഹിതം ലഭിച്ചിട്ടുണ്ട്. അഞ്ചാം ക്ലാസ് വരെ ഒരുകുട്ടികൾക്ക് പാചക ചെലവായി ആറ് രൂപയും ആറ് മുതൽ എട്ട് വരെ ക്ലാസുകളിലെ കുട്ടികൾക്ക് എട്ട് രൂപ 16 പൈസയുമാണ് അനുവദിക്കുന്നത്. ഇതിന് പുറമെ മുട്ടയ്ക്കും പാലിനും പ്രത്യേകം തുക അനുവദിക്കും. ആഴ്ചയിൽ രണ്ട് തവണ 150 മില്ലിലിറ്റർ പാലും ഒരുമുട്ടയുമാണ് കുട്ടികൾക്ക് നൽകുക.
പാചക തൊഴിലാളികളുടെ വേതനവും മൂന്നരമാസമായി ലഭിച്ചിട്ടില്ല. 635 രൂപയാണ് ഒരുദിവസത്തെ വേതനം. സ്‌കൂളുകളിലെ പാചകക്കാരിൽ നല്ലൊരു പങ്കും സ്ത്രീകളാണ്. കുടുംബഭാരം ചുമലിലേറ്റുന്നവർക്ക് ഇത്രയും തുക കുടിശ്ശികയായത് വലിയ ദുരിതമാണ് നൽകുന്നത്. കുറഞ്ഞ തുകയും ഭാരിച്ച പണിയും മൂലം പലരും ജോലിയേറ്റെടുക്കാൻ തയ്യാറല്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
