Perinthalmanna Radio
Date: 14-01-2025
നിലമ്പൂർ:പി.വി. അൻവർ എം.എൽ.എ. സ്ഥാനം രാജി വെച്ചതോടെ നിലമ്പൂർ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി. താൻ മത്സരിക്കുന്നില്ലെന്നും യു.ഡി.എഫിനൊപ്പമാണെന്നും അൻവർ പ്രഖ്യാപിച്ചെങ്കിലും അത് ഇരുതല മൂർച്ചയുള്ള വാളാണെന്ന് എല്ലാവർക്കുമറിയാം. പ്രത്യേകിച്ച് ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയിയുടെ പേര് സ്ഥാനാർഥിയായി നിർദേശിക്കുകകൂടി ചെയ്തതോടെ വലിയ ചർച്ചകൾക്കാണ് അൻവർ വാതിൽ തുറന്നിട്ടത്.
ഷൗക്കത്തോ ജോയിയോ
കെ.പി.സി.സി. ജനറൽസെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയി എന്നിവരാണ് യു.ഡി.എഫ്. പട്ടികയിൽ മുന്നിൽ. ജോയിക്ക് നൽകുന്ന നിരുപാധിക പിന്തുണ ഷൗക്കത്തിനുണ്ടാകില്ലെന്ന് അൻവർ പ്രഖ്യാപിക്കുകകൂടി ചെയ്തു. നിലമ്പൂരിൽ യു.ഡി.എഫിന്റെ പരിഗണനയിലുള്ളൊരാൾ ഷൗക്കത്താണ്. സീറ്റ് ഉറപ്പാണെന്ന് മുതിർന്ന നേതാക്കളിൽനിന്ന് വാഗ്ദാനവും ഷൗക്കത്തിനു ലഭിച്ചിരുന്നു.
അതുകൊണ്ടുതന്നെ അൻവർ യു.ഡി.എഫിലേക്കു വരുന്നു എന്ന വാർത്ത ഷൗക്കത്ത് വിഭാഗത്തിന് ഒരു അങ്കലാപ്പുണ്ടാക്കി. അൻവറിനെതിരേ കോൺഗ്രസിൽനിന്ന് തുറന്ന ഒരു പ്രതികരണമുണ്ടായതും ഷൗക്കത്തിൽനിന്നു മാത്രമാണ്. ഡി.സി.സി. പ്രസിഡന്റ് എന്ന നിലയിലെ മികച്ച പ്രതിച്ഛായ വി.എസ്. ജോയിക്കും പ്ലസ് പോയിന്റാണ്.
സ്വരാജ് വരുമോ
നിലമ്പൂരിലെ ആദ്യ എം.എൽ.എ. ആയ കെ. കുഞ്ഞാലിക്കുശേഷം സി.പി.എമ്മിലൂടെ വളർന്ന നേതാക്കളാരും നിലമ്പൂരിൽ നേട്ടമുണ്ടാക്കിയിട്ടില്ല. ആ സാഹചര്യത്തിനു മാറ്റംകുറിക്കാൻ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ. എം. സ്വരാജ് നിലമ്പൂരിൽ മത്സരിക്കാൻ സാധ്യതയുണ്ട്. ഇടതുപക്ഷത്തുനിന്ന് കേൾക്കുന്ന സാധ്യതകളിൽ ആദ്യത്തെ പേര് സ്വരാജിന്റേതാണ്. ജില്ലാകമ്മിറ്റി അംഗം ഇ. പദ്മാക്ഷൻ, നിലമ്പൂർ നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം, ജില്ലാപഞ്ചായത്തംഗം അഡ്വ. ഷെറോണ റോയി എന്നിവരും പരിഗണിക്കപ്പെടാൻ സാധ്യതയുള്ളവരുടെ പട്ടികയിലുണ്ട്.
ഒപ്പത്തിനൊപ്പം
നിലമ്പൂർ മണ്ഡലത്തിലെ എട്ട് തദ്ദേശസ്ഥാപനങ്ങളിൽ നാലുവീതം ഇരുപക്ഷത്തിനുമുണ്ട്. നിലമ്പൂർ നഗരസഭ, പോത്തുകൽ, അമരമ്പലം, ചുങ്കത്തറ എന്നിവിടങ്ങളിൽ എൽ.ഡി.എഫും എടക്കര, വഴിക്കടവ്, മൂത്തേടം, കരുളായി പഞ്ചായത്തുകൾ യു.ഡി.എഫിനും സ്വന്തം.
2016-ൽ അൻവറിനുമുന്നിലാണ് കുത്തക മണ്ഡലമായിരുന്ന നിലമ്പൂർ യു.ഡി.എഫിന് നഷ്ടമായത്. അൻവറിന്റെ രാഷ്ട്രീയതന്ത്രങ്ങൾ നിലമ്പൂരിൽ സി.പി.എമ്മിന് വലിയ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അൻവർ എതിർചേരിയിലാകുമ്പോൾ സി.പി.എമ്മിന് മുന്നിൽ ഉയരുന്ന വെല്ലുവിളി ചെറുതല്ല.
നിലമ്പൂർ നഗരസഭയിൽ 20 വർഷത്തിനുശേഷമാണ് വികസനമുന്നണിയുണ്ടാക്കി എൽ.ഡി.എഫ്. ഭരണം പിടിച്ചത്. അതും മൂന്നിൽരണ്ട് ഭൂരിപക്ഷത്തിന്. 2016-ലും 2021-ലും ആര്യാടൻ മുഹമ്മദിന്റെ തട്ടകത്തിൽ അൻവറിനായിരുന്നു ഭൂരിപക്ഷം. ഒന്നരപ്പതിറ്റാണ്ടിനുശേഷം അമരമ്പലം പഞ്ചായത്ത് ഇടതുപക്ഷം പിടിച്ചതും അൻവറിന്റെ തന്ത്രജ്ഞതയിലാണ്.
ഉപതിരഞ്ഞെടുപ്പ് രണ്ടാംതവണ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നത് 45 വർഷത്തെ ഇടവേളയ്ക്കുശേഷമാണ്. ഇതിനുമുൻപത്തേത് 1980-ൽ എ.കെ. ആന്റണി ഗ്രൂപ്പ് ഇടത്തോട്ടുപോയപ്പോഴായിരുന്നു. ജയിച്ച് എം.എൽ.എ.യായ സി. ഹരിദാസിന്, ഇ.കെ. നായനാർ മന്ത്രിസഭയിൽ അംഗമായ ആര്യാടൻ മുഹമ്മദിന് മത്സരിക്കാൻ ദിവസങ്ങൾക്കകം രാജിവെക്കേണ്ടിവന്നു. കോൺഗ്രസുകാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ ആ ഉപതിരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രനെയാണ് ആര്യാടൻ 17,841 വോട്ടിന് തോൽപ്പിച്ചത്.
എന്നാൽ, 1982-ലെ തിരഞ്ഞെടുപ്പിൽ ആര്യാടൻ ടി.കെ. ഹംസയോട് പരാജയപ്പെട്ടു. 1987-ൽ നിലമ്പൂർ സ്വന്തമാക്കിയ ആര്യാടൻ പിന്നെ തുടരെ വിജയിച്ചുകൊണ്ടിരുന്നു. 2016-ൽ ആര്യാടന് പകരം മത്സരിച്ച മകൻ ഷൗക്കത്തിനെ തോൽപ്പിച്ച് അൻവർ നിലമ്പൂരിനെ ചുവപ്പണിയിക്കുകയായിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ