കോൺഗ്രസിനെ ഇനി ഖർഗെ നയിക്കും

Share to

ന്യൂഡൽഹി: ന്യൂഡൽഹി: 24 വർഷത്തിന് ശേഷം നെഹ്‌റു കുടുംബത്തിനു പുറത്തുനിന്ന് കോൺഗ്രസിന് പുതിയ നായകൻ. കോൺഗ്രസിന്റെ പുതിയ അധ്യക്ഷനായി കർണാടകയിൽ നിന്നുള്ള മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ തെരഞ്ഞെടുക്കപ്പെട്ടു. 90 ശതമാനം വോട്ട് നേടിയാണ് ഖാർഗെയുടെ വിജയം. 7,897 വോട്ടാണ് ഖാർഗെയ്ക്ക് ലഭിച്ചത്. അധ്യക്ഷ തെരഞ്ഞെടുപ്പിൽ വീറും വാശിയും നിറച്ച് തുടക്കം മുതൽ രംഗത്തുണ്ടായിരുന്ന ശശി തരൂറിന് 1,072 വോട്ടും ലഭിച്ചു.

എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ബാലറ്റുകൾ തമ്മിൽ കലർത്തി അഞ്ച് ടേബിളുകളിലായാണ് വോട്ടെണ്ണിയത്. 68 പോ​ളി​ങ്​ ബൂ​ത്തു​ക​ളി​ൽ​നി​ന്നുള്ള ബാലറ്റുകൾ ഇന്നലെ തന്നെ ഡ​ൽ​ഹി​യി​ലെ എ.​ഐ.​സി.​സി ആ​സ്ഥാ​ന​ത്തെ​ത്തി​ച്ചിരുന്നു. 9915 പ്രതിനിധികളിൽ 9497 പേരാണ് ഇന്നലെ വോട്ട് രേഖപ്പെടുത്തിയത്. പോളിംഗ് ബൂത്തുകളിലെയും ബാലറ്റ് ബോക്‌സുകൾ എഐസിസി ആസ്ഥാനത്ത് ഇന്നലെ വൈകീട്ടോടെ എത്തിച്ചിരുന്നു.

ഇത് ആറാം തവണയാണ് പാർട്ടി അധ്യക്ഷനെ കണ്ടെത്താൻ കോൺഗ്രസ് തെരഞ്ഞെടുപ്പ് നടത്തിയത്. മല്ലികാർജുൻ ഖാർഗെയും ശശി തരൂരും തമ്മിലുള്ള പോരാട്ടത്തിൽ 9497 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

വോട്ടെടുപ്പ് നടന്ന അതെ മുറിയിൽ തന്നെയാണ് വോട്ടുകൾ എണ്ണുന്നത്. ഓരോ പെട്ടിയും തുറന്ന ശേഷം മുഴുവൻ ബാലറ്റ് പേപ്പറുകളും ആവർത്തിച്ച് ഇടലർത്തും. എന്നിട്ടേ അടുത്ത പെട്ടി തുറക്കൂ. അതുവഴി വോട്ട് ചെയ്ത ആളെയോ അത് ലഭിച്ച സംസ്ഥാനമോ തിരിച്ചറിയാൻ കഴിയില്ല.

അതേസമയം, പോളിങ്ങിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന് തരൂർ വിഭാഗം തെരഞ്ഞെടുപ്പ് ചുമതലയുള്ള മദുസൂദൻ മിസ്ത്രിക്ക് പരാതി നൽകിയിരുന്നു. കള്ളവോട്ട് നടന്നെന്നും യു.പിയിലെ വോട്ട് പ്രത്യേകം എണ്ണണമെന്നും ശശി തരൂർ പരാതി ഉന്നയിച്ചിരുന്നു. ഈ പരാതി തെരഞ്ഞെടുപ്പ് കമ്മിറ്റി തള്ളിയിരിക്കുകയാണ്. യുപിയിലെ വോട്ട് ഒരുമിച്ചു എണ്ണുമെന്ന് തെര.അതോറിട്ടി അറിയിച്ചിട്ടുണ്ട്.

Share to