ഓരാടംപാലം – മാനത്തുമംഗലം ബൈപ്പാസിന് ബജറ്റിൽ ഇത്തവണയും അവഗണന തന്നെ

Share to

Perinthalmanna Radio
Date: 08-02-2025

പെരിന്തൽമണ്ണ: സംസ്ഥാന ബജറ്റിൽ ഇത്തവണയും പെരിന്തൽമണ്ണക്കാരുടെ സ്വപ്ന പദ്ധതിയായ ഓരാടംപാലം – മാനത്തുമംഗലം ബൈപാസ് പദ്ധതിക്ക് അവഗണന തന്നെ. ഓരാടംപാലം–മാനത്തുമംഗലം ബൈപാസ് സ്ഥലമെടുപ്പും അനുബന്ധ പ്രവർത്തനങ്ങൾക്കും 15 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചിരുന്നതായി നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു. എന്നാൽ ഈ പദ്ധതി ഉൾപ്പെടെ സമർപ്പിച്ച 19 പദ്ധതികളും 100 രൂപ ടോക്കൺ മണിയിലൊതുങ്ങി. 212.75 കോടി രൂപയുടെ 20 പദ്ധതികളാണ് ബജറ്റിൽ പരിഗണിക്കുന്നതിനായി സമർപ്പിച്ചിരുന്നത്.

മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ ഓരാടംപാലം–മാനത്തുമംഗലം പദ്ധതി പരിശോധിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. 2011ൽ വിഎസ് സർക്കാരിന്റെ അവസാനകാലത്ത് സ്ഥലമേറ്റെടുപ്പിന് 10 കോടി രൂപ അനുവദിച്ചിരുന്നു. അന്നത്തെ എംഎൽഎ വി.ശശികുമാറായിരുന്നു ഈ ആശയത്തിനു പിന്നിൽ. പദ്ധതിക്കായി 36 ഹെക്ടർ ഭൂമി ഏറ്റെടുക്കാനും തീരുമാനിച്ചിരുന്നതാണ്. അങ്ങാടിപ്പുറം മേൽപാലം വന്നതോടെ ബൈപാസ് പദ്ധതി സ്‌തംഭിക്കുകയായിരുന്നു. കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിനായി സമർപ്പിച്ച പദ്ധതിയും 100 രൂപയിലൊതുങ്ങി.

കാപ്പ് മേൽക്കുളങ്ങര റോഡ്, നാട്ടുകൽ പുത്തൂർ അലനല്ലൂർ റോഡ്, 55 മൈൽ തെയ്യോട്ടുചിറ റോഡ്, പാറൽ കിഴക്കേ മണലായ റോഡ്, മുഴന്നമണ്ണ റോഡ്, ചെറുകര ഗേറ്റ് ചെറുമല കൊല്ലംകോട് ചീരട്ടാമല റോഡ്, പള്ളിക്കുന്ന് കാളികടവ് റോഡ്, വളപുരം കുന്നത്ത് പള്ളിയിൽ അമ്പലപ്പടി എന്നീ റോഡുകളുടെ പുനരുദ്ധാരണത്തിന് 1.15 കോടി രൂപ അനുവദിച്ചതാണ് ഏക ആശ്വാസം. ആവശ്യപ്പെട്ട 5.75 കോടി രൂപയുടെ 20 ശതമാനം മാത്രമാണ് അനുവദിച്ചത്.

തൂതപ്പുഴയിൽ ഏലംകുളം പറയൻതുരുത്ത്–മാട്ടായ പാലം, പുലാമന്തോൾ–കൊളത്തൂർ, പെരിന്തൽമണ്ണ–തൂത റോഡുകളുടെ നവീകരണം, പെരിന്തൽമണ്ണ, പുലാമന്തോൾ, താഴെക്കോട്, കരിങ്കല്ലത്താണി, വെട്ടത്തൂർ, മേലാറ്റൂർ നഗര നവീകരണം, എളാട് മപ്പാട്ടുകര–പള്ളിക്കടവ് പാലം, വെട്ടത്തൂർ പൂങ്കാവനം ഡാമിനോട് ചേർന്ന് ഉദ്യാനം, മ ണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ബഡ്സ് സ്കൂളുകൾ, മിനി സിവിൽ സ്റ്റേഷനു മുകളിൽ ആധുനിക സൗകര്യങ്ങളോടെ ഇരുനില കെട്ടിടം, ജില്ലാ ആശുപത്രി അടിസ്ഥാന സൗകര്യ വികസനം, സ്‌പോർട്സ് കോംപ്ലക്സ്, രാമഞ്ചാടി ലിഫ്‌റ്റ് ഇറിഗേഷൻ പദ്ധതിയിൽ പള്ളത്ത് കടവിൽ റഗുലേറ്റർ കം ഫൂട്ട് ബ്രിജ്, സബ് ജയിലിൽ സന്ദർശകർക്കുള്ള വിശ്രമ കേന്ദ്രവും സൂപ്രണ്ട് ക്വാർട്ടേഴ്സും വാഹനവും, വിവിധ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം, രാമഞ്ചാടി വെട്ടിചുരുക്ക് കുടിവെള്ള പദ്ധതിയുടെ പദ്ധതി പ്രദേശങ്ങളിൽ റഗുലേറ്റർ–വിയർ സ്ഥാപിക്കുന്നതിനായി വെള്ളിയാർ പുഴയിൽ എടയാറ്റൂർ–മൊടാട്ടക്കടവ് വിസിബി കംബ്രിജ് സൈഡ് പ്രൊട്ടക്ഷനും എഫ്‌ആർ‌പി ഷട്ടറും സ്ഥാപിക്കൽ തുടങ്ങിയ പദ്ധതികൾക്കാണ് 100 രൂപ ടോക്കൺ പ്രൊവിഷൻ അനുവദിച്ചിട്ടുള്ളത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *