
Perinthalmanna Radio
Date: 11-02-2025
പെരിന്തൽമണ്ണ : കോഴിക്കോട് – പാലക്കാട് ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അങ്ങാടിപ്പുറം ജംക്ഷനിൽ സ്ഥിരമായി ഏറെ നേരം പിടിച്ചിടുന്നതു മൂലം വളാഞ്ചേരി, കോട്ടയ്ക്കൽ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹന യാത്രക്കാർ ദുരിതത്തിൽ. ഇന്നലെയും പലപ്പോഴും ഏറെ നേരം പിടിച്ചിട്ട ശേഷമാണ് വാഹനങ്ങൾ കടത്തിവിട്ടത്.
പെരിന്തൽമണ്ണ, മലപ്പുറം ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങളെ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ചുരുങ്ങിയ സമയം മാത്രം പിടിച്ചിടുമ്പോൾ ഏറെ തിരക്കേറിയ വളാഞ്ചേരി റൂട്ടിൽ നിന്നെത്തുന്ന വാഹനങ്ങൾ അര മണിക്കൂറോളം വരെ പിടിച്ചിടുന്ന സാഹചര്യമുണ്ട്. പലപ്പോഴും വാഹനനിര ഇവിടെ വൈലോങ്ങര വരെയെത്തും. രാവിലെ 9 നും 11 നും ഇടയ്ക്കാണ് പ്രതിസന്ധി രൂക്ഷം.
വിവിധ വാഹനങ്ങളിലും ബസുകളിലുമായി പെരിന്തൽമണ്ണയിലെ വിവിധ ആശുപത്രികളിലേക്കുള്ള രോഗികളും എംഇഎസ് മെഡിക്കൽ കോളജിൽ നിന്ന് മടങ്ങുന്ന രോഗികളും വിവിധ മേഖലകളിലേക്കുള്ള വിദ്യാർഥികളുമെല്ലാം ഇതുമൂലം നട്ടം തിരിയുന്ന സ്ഥിതിയാണ്. പലർക്കും ലക്ഷ്യം കാണാതെ മടങ്ങേണ്ടി വരികയാണ്.
അങ്ങാടിപ്പുറം ജംക്ഷനിൽ ശാസ്ത്രീയമായ ഗതാഗത നിയന്ത്രണത്തിന് ട്രാഫിക് സിഗ്നൽ ലൈറ്റ് സംവിധാനം ഒരുക്കണമെന്നുള്ളത് ഏറെ നാളായുള്ള ആവശ്യമാണ്. പലപ്പോഴും വലിയ തോതിലുള്ള സമയനഷ്ടം മൂലം സ്വകാര്യ ബസുകൾ അങ്ങാടിപ്പുറത്ത് യാത്ര അവസാനിപ്പിക്കുന്നതും യാത്രക്കാർക്ക് ദുരിതമാണ്. അങ്ങാടിപ്പുറം–വളാഞ്ചേരി റോഡിൽ നിലവിലെ സാഹചര്യത്തിൽ തന്നെ കൃത്യസമയം പാലിച്ച് സർവീസ് നടത്താൻ പ്രയാസപ്പെടുന്ന ബസുകളുടെ ട്രിപ്പുകൾ അധികൃതരുടെ ഈ നിലപാട് മൂലം നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ട്. അങ്ങാടിപ്പുറത്ത് രൂക്ഷമായ ഗതാഗതക്കുരുക്കും പിടിച്ചിടലും ഉള്ള സമയത്ത് ചില ബസുകൾ പുത്തനങ്ങാടിയിൽ നിന്ന് പരിയാപുരം റോഡു വഴി അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്ര നടയിൽ എത്തുകയാണ്. ട്രിപ്പ് നഷ്ടപ്പെടുന്നതും യാത്രക്കാരെ പാതിവഴിയിൽ ഇറക്കി വിടുന്നതും ഒഴിവാക്കാനാണിത് ചെയ്യുന്നത്. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ അമ്പലപ്പടിയിൽ ട്രാഫിക് പൊലീസ് ഈ ബസുകൾക്കെതിരെ നടപടി സ്വീകരിക്കുകയും മനപൂർവം തടഞ്ഞു നിർത്തി ട്രിപ്പുകൾ നഷ്ടപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നതായി ബസുടമ സംഘം ആരോപിക്കുന്നു. ഈ പ്രവണത അവസാനിപ്പിക്കാത്ത പക്ഷം പെരിന്തൽമണ്ണയിൽ നിന്ന് വളാഞ്ചേരി, കോട്ടക്കൽ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ സർവീസ് നിർത്തി വച്ച് പ്രതിഷേധിക്കുമെന്ന് പെരിന്തൽമണ്ണ ബസുടമ സംഘം ഭാരവാഹികളായ പ്രസിഡന്റ് സി.ഹംസ, സെക്രട്ടറി കെ.മുഹമ്മദലി ഹാജി, ഭാരവാഹികളായ പാസ്കോ സഫീർ, എംപികെ യൂസഫ്, ഫൈവ്സ്റ്റാർ സലീം എന്നിവർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
