
Perinthalmanna Radio
Date: 16-02-2025
മലപ്പുറം ∙ വേനലെത്തും മുൻപേ ജില്ലയെ ചുട്ടുപൊള്ളിച്ച് കൊടും ചൂട്. സാധാരണ ഫെബ്രുവരി മാസത്തിൽ അനുഭവപ്പെടുന്നതിനേക്കാൾ 2 ഡിഗ്രി സെൽഷ്യസ് വരെ കൂടിയ താപനിലയാണ് ജില്ലയിൽ രേഖപ്പെടുത്തുന്നത്. ചില ദിവസങ്ങളിൽ ഇതു 36 ഡിഗ്രി സെൽഷ്യസ് വരെയെത്തി. സാധാരണ 32–33 ഡിഗ്രിയാണ് ഈ സമയത്തെ ചൂട്. രാത്രികാല താപനില 22– 24 ഡിഗ്രി സെൽഷ്യസ് വരെയാണ്. കുറച്ചു വർഷങ്ങളായി ഫെബ്രുവരി തുടക്കത്തിൽ തന്നെ നല്ല ചൂട് അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനകളാണെന്നു വിദഗ്ധർ പറയുന്നു. ഇത്തവണ ജില്ലയിൽ നല്ല വേനൽമഴ ലഭിക്കുമെന്നാണു നിലവിലെ പ്രതീക്ഷ. എന്നാൽ, ഇതു എപ്പോൾ ലഭിച്ചു തുടങ്ങുമെന്നു പ്രവചിക്കാറായിട്ടില്ല. സാധാരണ മാർച്ച് പകുതി മുതലാണു വടക്കൻ ജില്ലകളിൽ വേനൽ മഴ ലഭിച്ചു തുടങ്ങുന്നത്. എന്തായാലും കുറച്ചു ദിവസത്തേയ്ക്കു കൂടി പകൽ ചൂട് തുടരും. വേനൽ മഴ പ്രതീക്ഷിച്ച പോലെ ലഭിച്ചില്ലെങ്കിൽ വരൾച്ചയെന്ന ആശങ്കയും ജില്ലയ്ക്കു മുന്നിലുണ്ട്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലും ഇതേ സമയത്ത് നല്ല ചൂട് അനുഭപ്പെട്ടിരുന്നു. പസിഫിക് സമുദ്രത്തിന്റെ കിഴക്കൻ മേഖലയിലെ താപനില വർധിക്കുന്ന എൽനിനോ പ്രതിഭാസമാണു ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. ഇത്തവണ പക്ഷേ, എൽനിനോ പ്രതിഭാസമില്ല. കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നതിന്റെ വ്യക്തമായ സൂചനയായാണു ഫെബ്രുവരിയിലെ കൂടിയ ചൂടിനെ കാണുന്നത്. വടക്കു കിഴക്കൻ മേഖലയിൽ നിന്നുള്ള വരണ്ട കാറ്റാണു പകലിനെ ചൂടാക്കുന്നത്.
പകൽ നല്ല ചൂടാണെങ്കിലും രാത്രിയിൽ ഇപ്പോൾ നേരിയ ആശ്വാസമുണ്ട്. താപനില 22 ഡിഗ്രി സെൽഷ്യസ് വരെയാണു രേഖപ്പെടുത്തുന്നത്. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ ഇതും മാറും. കടൽ കാറ്റിന്റെ സ്വാധീനം വർധിക്കുന്നതോടെ അന്തരീക്ഷത്തിൽ ഈർപ്പമുണ്ടാകും. ഇതു രാത്രിയിലെ താപനില വർധിപ്പിക്കും.
മഴയ്ക്കായി കുറച്ചു ദിവസം കൂടി കാത്തിരിക്കേണ്ടി വരുമെന്നു കാലാവസ്ഥാ വിദഗ്ധൻ എസ്.കെ.ശരത് പറയുന്നു. സാധാരണ വേനൽ മഴ വടക്കൻ കേരളത്തിൽ മാർച്ച് പകുതിയോടെയാണു ലഭിക്കുന്നത്. ഇത്തവണത്തെ സ്ഥിതിയറിയാൻ കുറച്ചു ദിവസങ്ങൾ കൂടി കാത്തിരിക്കണം. വേനൽ മഴ മോശമല്ലാതെ പെയ്യുമെന്നാണു നിലവിലെ നിഗമനം.
ജനുവരി–ഫെബ്രുവരി മാസങ്ങളിൽ ലഭിക്കുന്ന ശീതകാല മഴയുടെ മാത്രം അളവെടുത്താൽ ഇത്തവണ ജില്ലയിൽ റെക്കോർഡ് മഴക്കുറവാണ്. ജനുവരി മുതൽ ഇതുവരെ പെയ്ത മഴ ഒരു മില്ലി മീറ്റർ കൂടി തികയില്ല. എന്നാൽ, ജൂൺ മുതൽ ഇതുവരെയുള്ള കണക്കെടുത്താൽ മോശമല്ലാത്ത മഴ ജില്ലയിൽ ലഭിച്ചിട്ടുണ്ട്. ആകെ കണക്കിൽ 20ശതമാനത്തിലേറെ അധിക മഴയാണു ഇക്കാലയളവിൽ ലഭിച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
