
Perinthalmanna Radio
Date: 21-10-2022
പെരിന്തൽമണ്ണ: ഗവ. ജില്ലാ ആശുപത്രിയിൽ നവംബർ അവസാനത്തോടെ അൾട്രാ സൗണ്ട് സ്‌കാനിങ് സംവിധാനം പ്രവർത്തനസജ്ജമാക്കാൻ ആശുപത്രി പരിപാലനസമിതി (എച്ച്.എം.സി.) തീരുമാനം.
നിലവിൽ ആശുപത്രിയിൽ അൾട്രാ സൗണ്ട് സ്‌കാനിങ് യന്ത്രമുണ്ടെങ്കിലും പ്രവർത്തിപ്പിക്കാറില്ല. യന്ത്രം മാതൃ-ശിശു ബ്ലോക്കിലേക്ക് മാറ്റി അവിടെ ഉപയോഗപ്പെടുത്താനാണ് തീരുമാനം.
എച്ച്.എൽ.എൽ. എന്ന കമ്പനിയാണ് സ്‌കാനിങ് യൂണിറ്റ് ഒരുക്കുന്നതിനായി മുന്നോട്ടുവന്നിട്ടുള്ളത്. ആശുപത്രിയുടെ ലാബ് നെറ്റ്‍വർക്കിങ് തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.
പെരിന്തൽമണ്ണ ബ്ലോക്ക്പഞ്ചായത്ത് പരിധികളിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽനിന്നും ആളുകളുടെ രക്തസാമ്പിൾ ശേഖരിച്ച് ജില്ലാ ആശുപത്രിയിലെ ലാബിലെത്തിച്ച് പരിശോധിക്കും. പരിശോധനാഫലം ലാബ്‍ നെറ്റ്‍വർക്കിലൂടെ ആളുകളെ അറിയിക്കുന്നതാണ് സംവിധാനം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യുന്നതിന് ബ്ലോക്ക് പരിധിയിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ബ്ലോക്ക് പ്രസിഡന്റിന്റെയും യോഗം 27-ന് ആശുപത്രിയിൽ ചേരും.
ആശുപത്രിയിൽ ഉപയോഗയോഗ്യമല്ലാത്ത കെ.എച്ച്.ആർ.ഡബ്ല്യു.എ.യുടെ ജനതാ പേവാർഡ് കെട്ടിടം പൊളിച്ചുനീക്കാൻ സർക്കാർ അനുമതി ലഭിച്ചിട്ടുണ്ട്. ഇതിനായി ആശുപത്രി സൂപ്രണ്ടിനെ യോഗം ചുമതലപ്പെടുത്തി. ഇവിടെ എൻ.എച്ച്.എം. ഫണ്ടിൽ നിർമിക്കാനുദ്ദേശിക്കുന്ന ഒ.പി. വാർഡ് കെട്ടിടത്തിന് ആരോഗ്യമന്ത്രിയെ കൊണ്ടുവന്ന് ശിലാസ്ഥാപനം നടത്താനും തീരുമാച്ചു.
കിഫ്ബി ഫണ്ടുപയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്. ഇതിനായി സർക്കാർ ചുമതലപ്പെടുത്തിയ എജൻസിയായ കിറ്റ്‌കോയുമായി ബന്ധപ്പെട്ട് ഏകദേശ രൂപരേഖ തയ്യാറാക്കുന്നതുൾപ്പെടെയുള്ള തുടർനടപടികൾ ഉടൻ സ്വീകരിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു.
———————————————
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
