ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ച് 2600 രൂപയുടെ ടിക്കറ്റ് തട്ടിയെടുത്തു

Share to

Perinthalmanna Radio
Date: 21-10-2022

പെരിന്തൽമണ്ണ: ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് വിൽപ്പനക്കാരനെ കബളിപ്പിച്ച് 2600 രൂപയുടെ ടിക്കറ്റ് തട്ടിയെടുത്തു. മുച്ചക്രവാഹനത്തിൽ ലോട്ടറി വിറ്റ് ഉപജീവനംനടത്തുന്ന കടുങ്ങപുരം പരവക്കൽ സ്വദേശിയായ മണിക്കുട്ടനാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞദിവസം 5000 രൂപയുടെ സമ്മാനം അടിച്ചിട്ടുണ്ടെന്നുപറഞ്ഞ് ബൈക്കിലെത്തിയ യുവാവാണ് 2600 രൂപയുടെ ടിക്കറ്റ് വാങ്ങി മുങ്ങിയത്.

ബൈക്കിൽ മണിക്കുട്ടന്റെ പിന്നാലെ ഹോണടിച്ചെത്തിയ യുവാവ് ലോട്ടറിയെടുക്കാനാണെന്നും ഏഴാംതീയതിയിലെ നിർമൽ ഭാഗ്യക്കുറിയിൽ അയ്യായിരം രൂപ സമ്മാനമടിച്ചിട്ടുണ്ടെന്നും പറഞ്ഞ് നമ്പർ തിരുത്തിയ ടിക്കറ്റ് നൽകി. മാറി നൽകാൻ പണമില്ലെന്നു പറഞ്ഞപ്പോൾ 2600 രൂപയുടെ ടിക്കറ്റ് വാങ്ങുകയുംചെയ്തു. പെരിന്തൽമണ്ണയിലെ വസ്ത്ര സ്ഥാപനത്തിലാണ് ജോലിചെയ്യുന്നതെന്നും ബാക്കി പണം അവിടെ തന്നാൽമതിയെന്നും പറഞ്ഞ് യുവാവ് പോകുകയായിരുന്നുവെന്നും മണിക്കുട്ടൻ പറഞ്ഞു.

തിരിച്ച് പെരിന്തൽമണ്ണയിലെ ഏജൻസിയിലെത്തി ടിക്കറ്റ് സ്‌കാൻ ചെയ്തപ്പോഴാണ് അമളി മനസ്സിലായത്. 2317 നമ്പറിൽ അവസാനിക്കുന്ന ടിക്കറ്റായിരുന്നു യുവാവ് നൽകിയത്. യഥാർഥത്തിൽ 2847 നമ്പറിനായിരുന്നു സമ്മാനം. യുവാവ് നൽകിയ ടിക്കറ്റിൽ മൂന്നും ഒന്നും മാറ്റി ശ്രദ്ധയിൽപ്പെടാത്തവിധം എട്ടും നാലും ആക്കിയിരിക്കുകയായിരുന്നു.

ബൈക്ക് നമ്പർ സഹിതം പെരിന്തൽമണ്ണ പോലീസ്‌സ്റ്റേഷനിലെത്തി വിവരം പറഞ്ഞെങ്കിലും നമ്പർ പരിശോധിച്ചപ്പോൾ പാലക്കാട്ടുള്ളവരുടേതാണെന്നും അവർ പെരിന്തൽമണ്ണയിലേക്ക് വന്നിട്ടില്ലെന്നുമാണ് അറിഞ്ഞത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടില്ല.

———————————————
Perinthalmanna Radio

വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to