
Perinthalmanna Radio
Date: 10-04-2025
പെരിന്തൽമണ്ണ ∙ അലിഗഡ് മുസ്‌ലിം സർവകലാശാല മലപ്പുറം സെന്ററിൽ 12 വർഷത്തിനു ശേഷം പുതിയൊരു കോഴ്സിനു സാധ്യത തെളിയുന്നു. കൊമേഴ്സ് വിഭാഗത്തിനു കീഴിൽ ബിബിഎ കോഴ്സാണ് അടുത്ത അധ്യയന വർഷം ആരംഭിക്കുക. 2011ൽ അലിഗഡ് മലപ്പുറം സെന്റർ ആരംഭിച്ചപ്പോൾ ബിഎ, എൽഎൽബി, എംബിഎ കോഴ്സുകളാണ് തുടങ്ങിയത്. പിന്നീട് 2013ൽ വിവിധ വിഭാഗങ്ങളിൽ ബിഎഡ് കോഴ്സ്കൂടി ആരംഭിച്ചു. അതിനു ശേഷം ചില വിദൂരപഠന കോഴ്സുകൾ മാത്രമാണു തുടങ്ങിയത്.
വളർച്ച മുരടിച്ചു കിടക്കുന്ന ക്യാംപസിനു നവോന്മേഷം പകരുന്നതാണു സർവകലാശാലയുടെ പുതിയ തീരുമാനം. സെൽഫ് ഫിനാൻസിങ് മോഡിലാണു പുതിയ കോഴ്സ് തുടങ്ങുക. ഇതിനായി കൊമേഴ്സ് വിഭാഗം കേന്ദ്രത്തിൽ ആരംഭിക്കുന്നുവെന്നതാണു പ്രധാന നേട്ടം. ഇതു ഭാവിയിൽ മറ്റു ചില ഉന്നത വിദ്യാഭ്യാസ കോഴ്സുകൾക്കും സാധ്യത പകരുന്നതാണ്. മലപ്പുറം കേന്ദ്രം ഡയറക്‌ടർ ഡോ.കെ.പി.ഫൈസൽ സമർപ്പിച്ച പ്രപ്പോസലിന്റെ അടിസ്ഥാനത്തിലാണ് പുതിയ കോഴ്സിനുള്ള ആലോചനയും ഒരുക്കങ്ങളും.
എംബിഎയുടെ നിലവിലെ ഫാക്കൽറ്റിയെകൂടി ഇതിനായി ഉപയോഗപ്പെടുത്തും. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ ബിബിഎക്കായി പ്രവേശന നടപടികൾ ആരംഭിക്കും. മറ്റു കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇതിനകം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ക്യാംപസിനു വേണ്ടി ഏറ്റെടുത്ത ചേലാമലയിലെ 343 ഏക്കറിൽ വലിയൊരു പങ്കും കാടുമൂടിക്കിടക്കുകയാണ്. 2020ൽ 12,000 വിദ്യാർഥികളും 100 ഉന്നത വിദ്യാഭ്യാസ വിഭാഗങ്ങളും 2000 അധ്യാപക–അധ്യാപകേതര ജീവനക്കാരുമായി സ്വതന്ത്ര സർവകലാശാല എന്നതായിരുന്നു അലിഗഡ് മലപ്പുറം സെന്റർ ആരംഭിക്കുമ്പോൾ വിഭാവനം ചെയ്‌തത്.
എന്നാൽ നാമമാത്രമായ കോഴ്സുകളും അഞ്ഞൂറിൽ താഴെ വിദ്യാർഥികളും അൻപതോളം ജീവനക്കാരും മാത്രമാണ് ഇപ്പോൾ ഇവിടെ. അടിസ്ഥാന സൗകര്യങ്ങളോ ആവശ്യത്തിനു സ്ഥിരം കെട്ടിടങ്ങളോ പോലുമില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
