
Perinthalmanna Radio
Date: 10-04-2025
കൽപറ്റ: താമരശ്ശേരി ചുരത്തിനു മുകളിലൂടെ നിർമിക്കുന്ന റോപ് വേ പദ്ധതിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയും പശ്ചിമഘട്ട വികസന സൊസൈറ്റി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച 22നു കൽപറ്റയിൽ നടക്കും. സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെത്തുന്ന ദിവസമാണു കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. വയനാട് ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ 2017ൽ രൂപീകരിച്ച പശ്ചിമഘട്ട വികസന സൊസൈറ്റിയും കേരള സംസ്ഥാന ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷനു (കെഎസ്ഐഡിസി)മായി ചേർന്നു പൂർത്തിയാക്കാൻ തീരുമാനിച്ച പദ്ധതിയുടെ വിശദമായ പദ്ധതി രൂപരേഖയും കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയമാകും.
ഓഹരി സമാഹരണം പൂർത്തിയായാൽ ഒരു വർഷത്തിനകം നിർമാണം പൂർത്തിയാക്കാനാകുമെന്നാണ് പശ്ചിമഘട്ട വികസന സൊസൈറ്റിയുടെ പ്രതീക്ഷ. പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയിൽ ടൂറിസത്തിനൊപ്പം പൊതുഗതാഗതത്തിനും പ്രാധാന്യം നൽകാനാണു തീരുമാനം. അടിവാരം മുതൽ ലക്കിടി വരെ എത്തുന്ന രീതിയിലായിരിക്കും റോപ് വേയുടെ നിർമാണം. ഇതിനായി ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ അടിവാരത്ത് 10 ഏക്കറും ലക്കിടിയിൽ 1.5 ഏക്കറും സ്ഥലം കണ്ടെത്തി കഴിഞ്ഞു.
3.8 കിലോമീറ്ററാണ് റോപ് വേയുടെ ആകെ ദൂരം. അടിവാരത്തുള്ള 10 ഏക്കറിൽ ഒരേക്കർ കെഎസ്ഐഡിസിക്കു കൈമാറിയതിനു ശേഷം ഭൂമി തരംമാറ്റൽ നടപടികൾ ആരംഭിക്കും. നിലവിൽ ഭൂമിയേറ്റടുക്കലിൽ പ്രശ്നങ്ങളില്ലെന്നും വനംവകുപ്പിനു പകരം സ്ഥലം നൽകാൻ തയാറാണെന്നും ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി പറഞ്ഞു. പദ്ധതി നടപ്പാക്കാൻ കെഎസ്ഐഡിസിക്കു സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
മണിക്കൂറുകൾ താമരശ്ശേരി ചുരം പാതയിൽ കുടുങ്ങി കിടക്കുന്ന വയനാടിന്റെ യാത്രാ ദുരിതത്തിനും റോപ് വേ പരിഹാരമാകും. 50 ക്യാബിനുകളിലായി ഒരേ സമയം നാനൂറിലധികം പേർക്ക് റോപ് വേയിലൂടെ സഞ്ചരിക്കാം. ആംബുലൻസ് സൗകര്യമുള്ള ക്യാബിനും ഇതോടൊപ്പമുണ്ട്. ടൂറിസത്തിനൊപ്പം പൊതുഗതാഗതത്തിനും പ്രാധാന്യം നൽകി രൂപീകരിച്ചിരിക്കുന്ന പദ്ധതിയായതിനാൽ ടിക്കറ്റ് നിരക്കുകൾ സാധാരണക്കാർക്കും താങ്ങാനാകുമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു.
റോപ് വേയിലൂടെ 15 മിനിറ്റിനുള്ളിൽ ചുരം കടക്കാനാകും. സർക്കാരിന്റെ ഉറപ്പു ലഭിച്ചാലുടൻ കൊച്ചി വിമാനത്താവള മാതൃകയിൽ പശ്ചിമ ഘട്ട വികസന സമിതിയുടെ പേരിൽ ഓഹരി വിൽപന ആരംഭിക്കും. ഓഹരി ഒന്നിനു 10 രൂപയാണു പ്രാഥമികമായി നിശ്ചയിച്ചിരിക്കുന്നത്. വനംവകുപ്പ് അനുമതി കൂടി വേഗത്തിലാക്കാൻ ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. 3.8 കിലോമീറ്റർ ദൂരത്തിൽ വിഭാവനം ചെയ്യുന്ന റോപ്‌വേയിൽ ഒരു കിലോമീറ്ററിലധികം വനമേഖലയിലാണ്. ഇതിനു പകരമായി 5 ഏക്കർ ഭൂമി നൂൽപുഴയിൽ കണ്ടെത്തിയിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
