
Perinthalmanna Radio
Date: 12-04-2025
അങ്ങാടിപ്പുറം ∙ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ഭഗവതി പള്ളിവേട്ടയ്ക്ക് എഴുന്നള്ളുന്ന പത്താം പൂരം ഇന്ന്. വൈകിട്ട് 5ന് ആണ് ഒറ്റച്ചെണ്ടയുടെ അകമ്പടിയോടെ ദേവി പരിവാര സമേതം ക്ഷേത്രം തെക്കേ നടയിറങ്ങി തിരുമാന്ധാംകുന്നിന്റെ കീഴേടമായ പരിയാപുരം റോഡിലെ വേട്ടേക്കരൻ കാവിലേക്ക് പള്ളിവേട്ടയ്ക്കായി എഴുന്നള്ളുക. ഇന്ന് ഉച്ചയോടെ പകൽപൂരം അവസാനിക്കും.
പന്നിയെന്ന സങ്കൽപ്പത്തിൽ വലിയ വരിക്കച്ചക്കയെ വള്ളുവരാജ പ്രതിനിധി അമ്പ് എയ്യുന്നതാണു ചടങ്ങ്. പള്ളിവേട്ട കഴിഞ്ഞ് പഞ്ചവാദ്യത്തോടെ ആഘോഷമായാണ് ക്ഷേത്രത്തിലേക്ക് മടക്കം. ക്ഷേത്രത്തിൽ തിരിച്ചെത്തി വടക്കേ ബലിക്കൽപുരയിൽ ദീപാരാധന കഴിഞ്ഞ് വീണ്ടും ആറാട്ടിനെഴുന്നള്ളും. ചൈനീസ് വെടിക്കെട്ടും ഉണ്ടാകും. പള്ളിവേട്ട കഴിഞ്ഞ് ക്ഷീണിതയായി നിദ്രയിലാണ്ട ഭഗവതിയെ പള്ളിക്കുറുപ്പുണർത്തുന്ന ചടങ്ങോടെയാണ് പതിനൊന്നാം പൂരം തുടങ്ങുക. ഇന്നലെ രാവിലെയും രാത്രിയിലും ഭഗവതിയുടെ ആറാട്ടെഴുന്നള്ളിപ്പുകൾ ഭക്തിസാന്ദ്രമായി. ഗജവീരൻ ഗുരുവായൂർ ജൂനിയർ വിഷ്ണു ഭഗവതിയുടെ തിടമ്പേറ്റി. ഗജവീരന്മാരായ ശ്രീക്കുട്ടനും ദേവദാസും അകമ്പടിക്ക് അണിനിരന്നു. ക്ഷേത്രം മേൽശാന്തി പന്തലക്കോടത്ത് ശ്രീനാഥ് നമ്പൂതിരി ആറാട്ടു പൂജ നടത്തി.
ഡോ.പത്മേഷ് പരശുരാമന്റെ നേതൃത്വത്തിൽ നടന്ന പുല്ലാങ്കുഴൽ കച്ചേരി ആസ്വാദന ലയം പകർന്നു. ആറ്റുകാൽ ബാലസുബ്രഹ്മണ്യൻ വയലിനിലും ദേവീ പ്രസാദ് അങ്ങാടിപ്പുറം മൃദംഗത്തിലും സലം മുകുന്ദ് ശ്രീനിവാസൻ ഗഞ്ചിറയിലും മങ്ങാട് കെ.വി.പ്രമോദ് ഘടത്തിലും പക്കമേളമൊരുക്കി. റിയാലിറ്റി ഷോ, സിനിമ, ആൽബം ഗാനരംഗത്ത് സജീവമായ ഗായകർ ഒരുക്കിയ ഗാനമേളയും ഉണ്ടായി.
ശാരിക അങ്ങാടിപ്പുറത്തിന്റെ നൃത്തനൃത്യങ്ങളോടെയായിരുന്നു തുടക്കം. കലാമണ്ഡലം പ്രജീഷ, വൈദേഹി എന്നിവരുടെ നൃത്തനൃത്യങ്ങൾ, മാട്ടായ ദേവീപ്രസാദം ടീമിന്റെ തിരുവാതിരക്കളി, ചാക്യാർക്കൂത്ത്, ഓട്ടൻതുള്ളൽ, നാഗസ്വരം, പാഠകം എന്നിവയും ഉണ്ടായി. ഇന്നലെ രാവിലെ ക്ഷേത്രം ട്രസ്റ്റി വള്ളുവനാട്ടുകര വല്ലഭ വലിയ രാജ എം.സി.ശ്രീധരവർമ രാജയും ക്ഷേത്രത്തിലെത്തിയിരുന്നു
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
