നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്;  സ്ഥാനാർഥി ചർച്ചകൾ സജീവം

Share to

Perinthalmanna Radio
Date: 12-04-2025

നിലമ്പൂർ: ഉപ തിരഞ്ഞെടുപ്പിൽ സിപിഎം ‘സ്വതന്ത്ര പരീക്ഷണം’ തുടർന്നേക്കും. പാർട്ടിക്കു പുറത്തുള്ള വോട്ടുകൾ കൂടി ആകർഷിക്കാൻ കഴിയുന്ന സ്വതന്ത്ര സ്ഥാനാർഥിയെ രംഗത്തിറക്കാനാണ് ഇപ്പോഴത്തെ നീക്കം. ആര്യാടൻ മുഹമ്മദിനെതിരെ രണ്ടു തവണ മത്സരിച്ച എം.തോമസ് മാത്യു, മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റനും സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ യു.ഷറഫലി തുടങ്ങിയ പേരുകളാണ് പ്രചരിക്കുന്നത്. എന്നാൽ ആരും ഇക്കാര്യം സംസാരിച്ചിട്ടില്ലെന്ന് ഷറഫലി പറഞ്ഞു.‌ ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയിയാണു പരിഗണനയിലുള്ള മറ്റൊരാൾ.

കോൺഗ്രസ് പട്ടികയിൽ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തും ഡിസിസി പ്രസിഡന്റ് വി.എസ്.ജോയിയും തന്നെ. അന്തിമ തീരുമാനത്തിന് മുൻപ് മുസ്‌ലിം ലീഗിന്റെ അഭിപ്രായവും കോൺഗ്രസ് പരിഗണിക്കും. ബുധനാഴ്ച വയനാട് ചേർന്ന ലീഗ് നേതൃയോഗത്തിൽ നിലമ്പൂർ ജീവന്മരണ പോരാട്ടമായി എടുക്കണമെന്നും ജയിച്ചേ തീരൂവെന്നും ഉള്ള വികാരം ഉയർന്നു. സ്ഥാനാർഥി നിർണയം കോൺഗ്രസ് സൂക്ഷിച്ചുചെയ്യുമെന്ന പ്രതീക്ഷയും പങ്കുവച്ചു. അനൗപചാരിക ചർച്ചകൾ കോൺഗ്രസിൽ അന്ത്യപാദത്തിലാണ്. നിലമ്പൂർ വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായതിനാൽ അവിടെ നിന്നുള്ള എംപി പ്രിയങ്ക ഗാന്ധിയുടെ അടക്കം അഭിപ്രായം തേടിയാകും പ്രഖ്യാപനം.

മലപ്പുറം ജില്ലാ രൂപീകരണത്തിനു ശേഷം സിപിഎം ചിഹ്നത്തിൽ മത്സരിച്ച ആരും നിലമ്പൂരിൽ ജയിച്ചിട്ടില്ല. 1967ൽ കെ.കുഞ്ഞാലിയാണ് സിപിഎം ചിഹ്നത്തിൽ ഒടുവിൽ മത്സരിച്ചു ജയിച്ചത്. 2016ൽ പി.വി.അൻവറിലൂടെ മണ്ഡലം ഇടതുപക്ഷം തിരിച്ചുപിടിച്ചു. സ്വന്തം നിലയിൽ വിജയിക്കാനാവില്ലെന്ന തിരിച്ചറിവിലാണു പൊതു സ്വീകാര്യരെ പാർട്ടി തേടുന്നത്. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടു കോൺഗ്രസിൽ പൊട്ടിത്തെറി ഉണ്ടായാൽ അവസരം മുതലാക്കാനുള്ള ലാക്കും സിപിഎമ്മിനുണ്ട്.

കെപിസിസി മുൻ നിർവാഹക സമിതി അംഗം എം.തോമസ് മാത്യു 1996, 2011 വർഷങ്ങളിലാണ് ആര്യാടൻ മുഹമ്മദിനോട് മത്സരിച്ചത്. 2016ൽ വീണ്ടും സ്ഥാനാർഥിയായി ആദ്യം പരിഗണിച്ചെങ്കിലും പിന്നീട് പി.വി.അൻവർ സ്ഥാനാർഥിയായി. ഏറനാട്ടുകാരനായ യു.ഷറഫലി 2021ൽ ആ മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *