അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരം ഇന്ന് കൊടിയിറങ്ങും

Share to

Perinthalmanna Radio
Date: 13-04-2025

അങ്ങാടിപ്പുറം ∙ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ പത്താം പൂരത്തോടനുബന്ധിച്ച് ഭക്തിസാന്ദ്രമായി ഭഗവതിയുടെ പള്ളിവേട്ട. ഭക്തിയുടെയും ഐതീഹ്യത്തിന്റെയും ആഘോഷവും ആവേശവും പകർന്ന് പന്നിയെന്ന സങ്കൽപത്തിൽ ട്രസ്‌റ്റ് പ്രതിനിധിയും രണ്ടാം രാജസ്ഥാനിയുമായ കെ.സി.രാജരാജൻ രാജ വരിക്ക ചക്കയ്ക്ക് അമ്പെയ്തതോടെ ഭക്തർ വിജയാരവം മുഴക്കി. തന്ത്രി പന്തലക്കോടത്ത് നാരായണൻ നമ്പൂതിരി, മേൽശാന്തി പന്തലക്കോടത്ത് ശ്രീനാഥ് നമ്പൂതിരി, ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ എം.വേണുഗോപാൽ തുടങ്ങിയവരും ചടങ്ങിന്റെ ഭാഗമായി. പള്ളിവേട്ടയ്ക്ക് വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ഭൂതഗണങ്ങളെയും പക്ഷിമൃഗാദികളെയും പ്രീതിപ്പെടുത്തി നടന്ന യാത്രാബലിക്ക് ശേഷമാണ് ഒറ്റച്ചെണ്ടയുടെ അകമ്പടിയോടെ പള്ളിവേട്ടയ്ക്കു ഭഗവതി തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്റെ കീഴേടമായ വേട്ടേക്കരൻ കാവിലേക്ക് തെക്കേനടയിറങ്ങി പരിവാര സമേതം എഴുന്നള്ളിയത്.

പള്ളിവേട്ട കഴിഞ്ഞ് 5 ഗജവീരന്മാരുടെ അകമ്പടിയോടെ നല്ലേപ്പള്ളി കുട്ടൻ മാരാരുടെ പ്രമാണിത്വത്തിൽ നടന്ന പഞ്ചവാദ്യ ആസ്വാദന ലയത്തിൽ ആഘോഷമായാണ് മടങ്ങിയത്.

എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തി വ‌ടക്കേ ബലിക്കൽ പുരയിൽ ഭഗവതിക്ക് ദീപാരാധന നടത്തി 20–ാം ആറാട്ടിനായി വടക്കേ നടയിറങ്ങി. ചൈനീസ് വെടിക്കെട്ട് ആവേശമായി. ഇന്നലെ രാവിലെ ആറാട്ടെഴുന്നള്ളിപ്പിന് വലിയ ഭക്തജനത്തിരക്കുണ്ടായിരുന്നു. ഗജവീരൻ നന്തിലത്ത് ഗോപാലകൃഷ്ണൻ ഭഗവതിയുടെ തിടമ്പേറ്റി. ഗജവീരന്മാരായ ജൂനിയർ വിഷ്ണു, ചിറ്റേപ്പുറത്ത് ശ്രീക്കുട്ടൻ, പുതുപ്പള്ളി അർജുൻ, ഗുരുവായൂർ ദേവദാസ് എന്നിവർ അകമ്പടിയേകി. തിരുമാന്ധാംകുന്ന് തട്ടകം ആനപ്രേമി കൂട്ടായ്മയുടെ സമർപ്പണമായിരുന്നു ഇന്നലെ തിടമ്പാന. ആറാട്ടുപൂജയ്‌ക്ക് മേൽശാന്തി പന്തലക്കോടത്ത് ശ്രീനാഥ് നമ്പൂതിരി കാർമികത്വം വഹിച്ചു.

തിരുവല്ല രാധാകൃഷ്ണന്റെ പ്രമാണിത്വത്തിൽ പഞ്ചാരിമേളം ഉത്സവത്തിലെ വിശേഷ വിരുന്നായി. ആറാട്ടു കഴിഞ്ഞ് കൊട്ടിക്കയറി ഈ വർഷത്തെ അവസാന കളംപാട്ടിന് ശേഷമായിരുന്നു ഭഗവതിയുടെ പള്ളിക്കുറുപ്പ്. നാലാം പൂരത്തിന് വൈകിട്ട് മുളയിടാൻ വച്ച നവധാന്യങ്ങളുടെ ശീതളിമയിലായിരുന്നു പള്ളിക്കുറുപ്പ്. ഈ പ്രസാദം ഇന്നു ഭക്തർക്ക് വിതരണം ചെയ്യും.

ഇന്ന് രാവിലെ 5ന് ആചാരവെടി മുഴക്കി പള്ളിക്കുറുപ്പുണർത്തൽ ചടങ്ങോടെയാണ് തുടക്കം. പശുക്കുട്ടിയുടെ പാദസ്‌പർശമേറ്റാണ് ഭഗവതി ഉറക്കമുണരുന്നതെന്നാണ് സങ്കൽപം. രാവിലെ ആറാട്ടെഴുന്നള്ളിപ്പില്ല. 9ന് പഞ്ചവാദ്യത്തോടു കൂടിയ കാഴ്ചശീവേലി. വൈകിട്ട് 3.30ന് അനുബന്ധ പൂരം എഴുന്നള്ളിപ്പ്. കീഴേടം വേട്ടേക്കരൻ കാവിൽ നിന്നും റാവറമണ്ണ ശിവക്ഷേത്രത്തിൽ നിന്നും മുതുവറ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്. മുതുവറ ക്ഷേത്രത്തിൽ നിന്നും തളി ക്ഷേത്രത്തിലേക്കും അവിടെ നിന്ന് തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലേക്കും പഞ്ചവാദ്യത്തോടെ എഴുന്നള്ളത്തുണ്ടാകും. ദേവസ്വം എഴുന്നള്ളത്തിന് പുറമേ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന 16 എഴുന്നള്ളത്തുകൾ ഉത്സവാവേശം പകരും. രാത്രി 8ന് ഭഗവതിയുടെ ഈ വർഷത്തെ പൂരക്കാലത്തെ അവസാന ആറാട്ടെഴുന്നള്ളിപ്പ് നടക്കും. കൊട്ടിക്കയറി പ്രദക്ഷിണം വച്ച് കൊടിയിറക്കും.

ചരിത്ര പ്രസിദ്ധമായ തെക്കോട്ടിറക്കവും പുലർച്ചെ പൂരപ്പറമ്പിൽ വള്ളുവക്കോനാതിരിയും മലയരാജാവും തമ്മിലുള്ള കൂടിക്കാഴ്ചയും ഈ വർഷം ഉണ്ടാവില്ല. മുൻ മലയരാജാവ് കലംപറമ്പിൽ വേലായുധന്റെ വിയോഗത്തെ തുടർന്നുള്ള പുലവാലായ്മയാണ് ചടങ്ങ് ഒഴിവാക്കാൻ കാരണം. പൂരപ്പറമ്പിൽ നടത്താറുള്ള കമ്പംകൊളുത്തൽ ക്ഷേത്രത്തിലാണ് നടത്തുക. ഇന്ന് ആറാട്ടുകടവിലും തുടർന്ന് മണ്ണാർമല കോവിലക സമീപത്തും നടക്കുന്ന പൂതം, ആണ്ടി, നായാടിക്കളികളും ഇത്തവണ ഉണ്ടാവില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *