
Perinthalmanna Radio
Date: 14-04-2025
അങ്ങാടിപ്പുറം : ആചാരാനുഷ്ഠാനങ്ങളുടെ തികവോടെയും എഴുന്നള്ളിപ്പുകളുടെ മനോഹാരിതയോടെയും വള്ളുവനാട്ടിലെ മഹാപൂരത്തിന് പരിസമാപ്തി. ഞായറാഴ്ച രാത്രി 11-ാം പൂരത്തിന്റെ ചടങ്ങുകൾക്കുശേഷം കിഴക്കേ നടയിൽ കമ്പം കൊളുത്തിയതോടെ പൂരമാമാങ്കം സമാപിച്ചു. ഭഗവതിയെ പള്ളിക്കുറുപ്പുണർത്തിക്കൊണ്ടാണ് സമാപനദിവസത്തെ പൂരച്ചടങ്ങുകൾ തുടങ്ങിയത്. ചടങ്ങുകൾക്ക് തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരി നേതൃത്വംനൽകി. ചോറ്റാനിക്കര സുഭാഷ് മാരാരുടെ നേതൃത്വത്തിൽ അൻപതിലധികം കലാകാരന്മാർ അണിനിരന്ന പഞ്ചവാദ്യം, വൈകീട്ട് ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ എന്നിവയുമുണ്ടായി. അനുബന്ധപൂരം എഴുന്നള്ളിപ്പായിരുന്നു 11-ാം പൂരത്തിന്റെ ആകർഷണീയത.
തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്റെ കീഴേടമായ വേട്ടേക്കരൻകാവിൽനിന്നും റാവറമണ്ണ ക്ഷേത്രത്തിൽനിന്നും ആനകളുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടികളോടെ ദേവസ്വം എഴുന്നള്ളിപ്പ് മുതുവറക്ഷേത്രത്തിൽ എത്തി. ദേശീയ പാതയിലൂടെ വിവിധ ഭാഗങ്ങളിൽനിന്ന് മേളവും നിശ്ചലദൃശ്യങ്ങളുമായി നീങ്ങിയ എഴുന്നള്ളിപ്പുകൾ അഞ്ചുമണിയോടെ മുതുവറ ക്ഷേത്രത്തിലെത്തി. തട്ടകത്തെ ക്ഷേത്രങ്ങളിൽനിന്നും ദേശങ്ങളിൽനിന്നുമായി 16 എഴുന്നള്ളിപ്പുകൾ ദേവസ്വം എഴുന്നള്ളിപ്പുമായിച്ചേർന്ന് തളി മഹാദേവക്ഷേത്രത്തിലേക്കു നീങ്ങി.
നെറ്റിപ്പട്ടംകെട്ടിയ ആനകളുടെ മുൻപിൽ എഴുന്നള്ളിപ്പുകൾ അണിനിരന്നു. പഞ്ചവാദ്യം, ചെണ്ടമേളം, ശിങ്കാരിമേളം, ബാൻഡ്വാദ്യം തുടങ്ങിയവയുടെ മേളക്കൊഴുപ്പ്. പൂതൻ, തിറ, പൂക്കാവടി, പീലിക്കാവടി തുടങ്ങിയ കലാരൂപങ്ങളും നരസിംഹാവതാരമടക്കമുള്ള നിശ്ചലദൃശ്യങ്ങളും എഴുന്നള്ളിപ്പിന് നിറപ്പകിട്ടാർന്നു. ഏഴുമണിയോടെ തളി ക്ഷേത്രത്തിനു സമീപമെത്തി എഴുന്നള്ളിപ്പ് പൂരപ്പറമ്പിൽ സമാപിച്ചു.
റാവറമണ്ണ ശിവക്ഷേത്രം എഴുന്നള്ളിപ്പ്, മേച്ചേരിപറമ്പ്, ചെരയ്ക്കാപ്പറമ്പ്, ആശാരിപ്പടി, പുത്തനങ്ങാടി, തെക്കുദേശം വേലകമ്മിറ്റി, പാലക്കോട് ലജൻഡ്സ്, പുല്ലൂർക്കാട് ദേശവേല, പഞ്ചായത്തുപടി, ചാലപ്പറമ്പ്, തട്ടാരക്കാട്, ഗ്രാമിക റെസിഡെൻസ്, റെയിൽവേഗേറ്റ്, അളയക്കാട് വിഷ്ണുക്ഷേത്രം, ഏറാന്തോട്, യുവചേതന തുടങ്ങിയ ദേശവേലകളാണ് ദേവസ്വം എഴുന്നള്ളിപ്പുകളുമായി ചേർന്നത്.
സന്ധ്യയ്ക്ക് മട്ടന്നൂർ ശ്രീരാജ്, ചിറക്കൽ നിധീഷ് എന്നിവരുടെ ഇരട്ടത്തായമ്പകയുമുണ്ടായി. രാത്രി 21-ാമത്തെ ആറാട്ട് നടന്നു. യാത്രാബലിയോടെയാണ് ഭഗവതിയുടെ അവസാന ആറാട്ട് നടന്നത്. ആറാട്ടുകടവിൽ കാർത്തികദീപങ്ങൾ തെളിച്ചിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
