തീവണ്ടിതട്ടി മരണം; റെയിൽവേ ഗേറ്റ് തുറക്കാൻ വൈകി, ഗതാഗത കുരുക്കിലമർന്ന് മേലാറ്റൂർ

Share to

Perinthalmanna Radio
Date: 14-04-2025

മേലാറ്റൂർ : യുവാവ് തീവണ്ടിതട്ടി മരിച്ചതിനെത്തുടർന്ന് റെയിൽവേ ഗേറ്റ് തുറക്കാൻ വൈകീയതോടെ മേലാറ്റൂർ-മഞ്ചേരി റൂട്ടിൽ ഒരു മണിക്കൂറോളം ഗതാഗതം പൂർണമായും സ്തംഭിച്ചു. ഇരുവശത്തും വാഹനങ്ങളുടെ നീണ്ട നിരയുണ്ടായി. മേലാറ്റൂർ അങ്ങാടിയും കുരുക്കിലമർന്നു.

ഞായറാഴ്ച രാവിലെ 9.55-ഓടെയാണ് മേലാറ്റൂർ റെയിൽവേ ഗേറ്റിനുസമീപം ഷൊർണൂർ-നിലമ്പൂർ പാസഞ്ചർ തട്ടി എടപ്പറ്റ വെള്ളിയഞ്ചേരി സ്വദേശിയായ കെ.ടി. ജലീൽ മരിച്ചത്. ഇതോടെ തീവണ്ടി നിർത്തിയിട്ടു. തീവണ്ടി റെയിൽവേ ഗേറ്റ് എത്തുംമുൻപാണ് സംഭവം നടന്നത്.

ഇതോടെ ഗേറ്റിന് 100 മീറ്റർ പിറകിലായി തീവണ്ടി നിർത്തിയിടുകയായിരന്നു. ഓട്ടോമാറ്റിക് സംവിധാനത്തിലുള്ള ഗേറ്റ് ആയതിനാൽ തീവണ്ടി കടന്നുപോയി മിനിറ്റുകൾ കഴിഞ്ഞശേഷം മാത്രമേ ഗേറ്റ് തുറക്കാൻ സാധിക്കുകയുള്ളൂ. മരണത്തെത്തുടർന്ന് ഗേറ്റ് എത്തുംമുൻപേ തീവണ്ടി നിർത്തിയിട്ടതോടെ ഗേറ്റ് തുറക്കാനും സാധിച്ചില്ല.

മരണവിവരമറിഞ്ഞ് മേലാറ്റൂർ പേലീസെത്തി പാളത്തിൽനിന്ന് മൃതദേഹം മാറ്റിയശേഷമാണ് തീവണ്ടി മുന്നോട്ടെടുത്തത്. അപ്പോഴേക്കും അരമണിക്കൂറിലധികം സമയം വൈകിയിരുന്നു. ഈ നേരമത്രയും ഗേറ്റ് അടഞ്ഞുകിടന്നതോടെ ഇരുവശത്തും വാഹനങ്ങളുടെ നീണ്ട നിരയാണുണ്ടായത്.

ഗേറ്റിനപ്പുറത്തേക്ക് ഒലിപ്പുഴവരെ വാഹനങ്ങൾ നിരന്നു. പെരിന്തൽമണ്ണ റേഡിൽ മേലാറ്റൂർ ടൗണും കടന്ന് ചന്തപ്പടിവരെ വാഹനങ്ങളുടെ നിര നീണ്ടു. സമീപസ്ഥലങ്ങളിലേക്കുള്ള യാത്രക്കാർ ബസ്സിൽനിന്ന് ഇറങ്ങി കാൽനടയായാണ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് നീങ്ങിയത്.

വിഷുത്തലേന്നായതിനാൽ രാവിലെമുതൽ മേലാറ്റൂർ ടൗണും പരിസരവും ജനത്തിരക്കിലായിരുന്നു. റോഡിൽ വാഹനങ്ങൾ നിരക്കുകയും ചെയ്തതോടെ കാൽനടയാത്രക്കാരും ഏറെ ദുരിതത്തിലായി. ഇതേസമയം റെയിൽവേഗേറ്റിനു സമീപത്തെ റോഡിലെ കുഴികളടയ്ക്കാനുള്ള അറ്റകുറ്റപ്പണിയും നടന്നിരുന്നു. ഇത് ദുരിതം ഇരട്ടിയാക്കി. ഗേറ്റ് തുറന്നശേഷം പോലീസും ടാക്സി തൊഴിലാളികളും നാട്ടുകാരും ഏറെനേരം പരിശ്രമിച്ചാണ് ഗതാഗതം പൂർവ സ്ഥിതിയിലാക്കിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *