ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര്  ചേര്‍ക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് വേണ്ട

Share to

Perinthalmanna Radio
Date: 15-04-2025

ഇന്ത്യൻ പൗരൻമാർക്ക് പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കാൻ വിവാഹ സർട്ടിഫിക്കറ്റിന് വേണ്ടെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ). വിവാഹ സർട്ടിഫിക്കറ്റ് ഇല്ലാതെതന്നെ പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കാൻ മന്ത്രാലയം അനുമതി നൽകി. സർട്ടിഫിക്കറ്റിന് പകരം ഇനിമുതൽ ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രം പതിച്ച സംയുക്ത സത്യവാങ്മൂലം മാത്രം മതിയാകും. സ്വയം സാക്ഷ്യപ്പെടുത്തിയ സംയുക്ത ഫോട്ടോ, ഇരുവരുടെയും പൂർണമായ പേരുകൾ, വിലാസം, വൈവാഹികനില, ആധാർ നമ്പറുകൾ, വോട്ടർ ഐഡികൾ, പാസ്പോർട്ട് നമ്പറുകൾ, തിയതി, സ്ഥലം, ഇരുകക്ഷികളുടെയും ഒപ്പുകൾ എന്നിവയെല്ലാം സത്യവാങ്മൂലത്തിൽ ഉണ്ടായിരിക്കണം. സാധാരണ വിവാഹ സർട്ടിഫിക്കറ്റിന് പകരം ഈ രേഖകളെല്ലാം സ്വീകരിക്കും.

പാസ്പോർട്ട് നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. രജിസ്റ്റർ ചെയ്ത വിവാഹ സർട്ടിഫിക്കറ്റ് ഇല്ലാത്ത ദമ്പതികൾക്ക് പാസ്പോർട്ടിൽ അവരുടെ വൈവാഹികനില പുതുക്കുന്നതിന് അപേക്ഷിക്കുമ്പോൾ ഉണ്ടാകാറുള്ള കാലതാമസവും അപേക്ഷ നിരസിക്കപ്പെടുന്നതും ഈ മാറ്റത്തിലൂടെ ഒഴിവാക്കാം.

ജീവിതപങ്കാളിയുടെ പേര് പാസ്പോർട്ടിൽനിന്നു നീക്കം ചെയ്യാനോ പുതുക്കാനോ ഉള്ള നിയമങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇതിനായി വിവാഹമോചന ഉത്തരവ്, പങ്കാളിയുടെ മരണ സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ പുനർവിവാഹ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. 2023 ഒക്ടോബർ ഒന്നിനോ അതിന് ശേഷമോ ജനിച്ച വ്യക്തികൾക്ക് ജനനതിയതി തെളിയിക്കാനുള്ള ഒരേയൊരു രേഖയായി ജനന സർട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കു എന്നതും പുതിയ നിയമത്തിലെ മാറ്റങ്ങളിലൊന്നാണ്. എന്നാൽ ഈ തിയതിക്ക് മുൻപ് ജനിച്ച അപേക്ഷകർക്ക് പാൻ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ മറ്റ് രേഖകൾ ഉപയോഗിക്കാം.
പാസ്പോർട്ടുകളുടെ അവസാന പേജിൽ ഇനി മേൽവിലാസം ഉണ്ടാകില്ലെന്നതും മറ്റൊരു പ്രധാന മാറ്റമാണ്. ഡാറ്റയുടെ സുരക്ഷ വർധിപ്പിക്കുന്നതിനും വ്യക്തിഗത വിവരങ്ങൾ ചോരുന്നത് തടയുന്നതിനും ഇനി സ്കാൻ ചെയ്യാവുന്ന ബാർ കോഡ് ആയിരിക്കും ഉപയോഗിക്കുക. കൂടാതെ തിരിച്ചറിയൽ എളുപ്പമാക്കുന്നതിനും ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കുന്നതിനും സർക്കാർ ഉദ്യോഗസ്ഥർക്ക് വെള്ള നിറത്തിലും നയതന്ത്രജ്ഞർക്ക് ചുവപ്പ് നിറത്തിലും സാധാരണ പൗരൻമാർക്ക് നീല നിറത്തിലുമുള്ള പാസ്പോർട്ടുകൾ നൽകുന്ന സംവിധാനവും ആരംഭിച്ചിട്ടുണ്ട്.

2030-ഓടെ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാകേന്ദ്രങ്ങളുടെ എണ്ണം 442-ൽനിന്നും 600 ആയി ഉയർത്തും. വ്യക്തികളുടെ സ്വകാര്യതയെ മാനിക്കുന്നതിനായി പാസ്പോർട്ടുകളുടെ അവസാന പേജിൽനിന്നു മാതാപിതാക്കളുടെ പേരുകൾ ഒഴിവാക്കുമെന്നും അധികൃതർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *