കൊളത്തൂരിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

Share to

Perinthalmanna Radio
Date: 27-05-2025

പെരിന്തൽമണ്ണ : കൊളത്തൂരിൽ യുവാക്കളെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് കാറും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. കോഡൂർ സ്വദേശി ആമിയൻ വീട്ടിൽ ഷംനാദ് ബാവ എന്ന കരീംബാവ (30), പാങ്ങ് ചേണ്ടി സ്വദേശി ചെമ്മാട്ട് വീട്ടിൽ മുഹമ്മദ് അനീസ് എന്നിവരെയാണ് പെരിന്തൽമണ്ണ ഡിവൈഎസ്പ‌ി എ. പ്രേംജിത്ത്, കൊളത്തൂർ സ്റ്റേഷനിലെ ഇൻസ്പെക്ടർ സജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റു ചെയ്‌ത്. ഈ മാസം അഞ്ചിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണ് സംഭവം. വെങ്ങാട് സ്വദേശികളായ ഹുസൈൻ, സിറാജ്, അഷറഫ് എന്നിവരെയാണ് കാറിൽ വീട്ടിലേക്കു പോവുന്ന സമയം തടഞ്ഞുവെച്ചത്. കൊളത്തൂർ കുന്നത്തങ്ങാടിയിൽവെച്ച് രണ്ട് കാറുകളിലായി വന്ന പ്രതികൾ പരാതിക്കാരുടെ കാറ് തടഞ്ഞ് മൂന്നുപേരെയും മറ്റൊരു കാറിൽക്കയറ്റി കൊണ്ടു പോയതായാണ് പരാതി.

ആമയൂർ, കുപ്പൂത്ത്, എന്നിവിടങ്ങളിൽ കൊണ്ടുപോയി കമ്പിവടികൊണ്ടും മറ്റും അടിച്ച് പരിക്കേൽപ്പിക്കുകയും പട്ടാമ്പി ലോഡ്‌ജിൽ കൊണ്ടുപോയി ഒരുദിവസം പൂട്ടിയിട്ട് മർദ്ദിക്കുകയും ചെയ്ത‌തായാണ് കൊളത്തൂർ പോലീസ്സ്റ്റേഷനിൽ ലഭിച്ച പരാതി. പ്രതികൾ കോട്ടയ്ക്കൽ ഭാഗത്ത് എത്തിയതായി രഹസ്യവിവരം ലഭിച്ച പോലീസ് സംഘം ചങ്കുവെട്ടിയിൽനിന്നാണ് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്.

ഷംനാദ് ബാവയുടെ പേരിൽ കൊളത്തൂർ, കുറ്റിപ്പുറം, കൊണ്ടോട്ടി, താനൂർ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. ഗുണ്ടാനിയമപ്രകാരം ജയിൽ ശിക്ഷയനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

കേസിൽ ഉൾപ്പെട്ട മറ്റു രണ്ട് പ്രതികളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. മറ്റു പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചതായും ലുക്ക് ഔട്ട് നോട്ടീസുൾപ്പടെയുള്ള നടപടികൾ സ്വീകരിച്ചതായും പോലീസ് അറിയിച്ചു.

Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *