

പെരിന്തൽമണ്ണ: കൂനിന്മേൽ കുരുവായി മൂസക്കുട്ടി ബസ്‍സ്റ്റാൻഡ് റോഡിലെ ദുരിതയാത്ര. മാസങ്ങളായി തകർന്നു കിടക്കുന്ന റോഡ് നന്നാക്കാൻ അധികൃതർ ഒരു നടപടിയും എടുക്കാതായപ്പോൾ സഹികെട്ടാണ് ബസ് ജീവനക്കാർ റോഡിലെ കുഴികളിൽ ചൊവ്വാഴ്ച രാവിലെ മണ്ണും കല്ലും കൊണ്ടിട്ടത്. തലേന്ന് മഴ പെയ്തതിനാൽ കുഴികളിൽ വെള്ളം കെട്ടിക്കിടന്നിരുന്നു. ഇതിനുമുകളിലാണ് മണ്ണിട്ടത്. സ്റ്റാൻഡിലേക്കുള്ള ബസ്സുകളുടെ പോക്കുവരവ് കൂടിയായപ്പോൾ ഇവിടം ചെളിക്കുളമായി.
ഇതോടെ കോഴിക്കോട് റോഡിൽ നിന്ന് ബസ്‍ സ്റ്റാൻഡിലേക്ക് പോകേണ്ട യാത്രക്കാരും ദുരിതത്തിലായി. പലർക്കും സ്റ്റാൻഡിലെത്താൻ തൊട്ടടുത്ത പുൽക്കാടുകളിലൂടെ കയറിയിറങ്ങേണ്ടിവന്നു. ഇരുചക്ര വാഹനക്കാരും ഏറെ പാടുപെട്ടു.
മാസങ്ങളായി തകർന്നു കിടക്കുന്ന റോഡ് നന്നാക്കാത്തതിൽ ശക്തമായ പ്രതിഷേധം ഉയർന്നു വന്നിരുന്നു. അപ്പോഴെല്ലാം അധികൃതരുടെ താത്കാലിക വാഗ്ദാനങ്ങൾ സമരങ്ങളെ തണുപ്പിച്ചു. ഇതിനിടെ കൗൺസിൽ യോഗത്തിൽ ചർച്ച വന്നപ്പോൾ, ഫണ്ട് ഉടൻ അനുവദിക്കുമെന്നും പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തി വേഗത്തിൽ നന്നാക്കുമെന്നുമായിരുന്നു വിശദീകരണം.
ബസ് ജീവനക്കാർ നടത്താനിരുന്ന സമരവും അധികൃതർ നടത്തിയ ഉറപ്പിനെ തുടർന്ന് മാറ്റിവെച്ചിരുന്നു. എന്നാൽ ഇവിടെ കാര്യങ്ങളെല്ലാം പഴയപടിയാണ്.

