നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

Share to


Perinthalmanna Radio
Date: 17-06-2025

മലപ്പുറം: വിവാദങ്ങളും ജനകീയ വിഷയങ്ങളിലും സജീവ ചർച്ചയായ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്നു സമാപനം. രണ്ടാഴ്ചയിലേറെ നീണ്ടുനിന്ന ഹൈ വോൾട്ടേജ് പ്രചാരണം കടുത്ത മത്സരമെന്ന പ്രതീതി ഉയർത്തിയാണ് കൊടിയിറങ്ങുന്നത്. ഫലത്തെ സ്വാധീനിക്കാൻ ശേഷിയുള്ള അടിയൊഴുക്കുകൾ കണ്ടെത്തി തടയുന്നതിലാണ് മുന്നണികളും സ്ഥാനാർഥികളും അവസാന നിമിഷം ശ്രദ്ധ നൽകുന്നത്.

പ്രചാരണ കാലയളവിലുടനീളം മഴയുണ്ടായിരുന്നെങ്കിലും വോട്ടെടുപ്പ് ദിനമായ 19ന് ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചത് പാർട്ടികൾക്ക് ആശ്വാസമായിട്ടുണ്ട്. മഴ പോളിങ് ശതമാനത്തെ ബാധിക്കുമോയെന്ന ആശങ്ക എല്ലാ സ്ഥാനാർഥികൾക്കുമുണ്ടായിരുന്നു. 23ന് വോട്ടെണ്ണുന്നതോടെ നിലമ്പൂരിന്റെ മനസ്സിലിരിപ്പ് വെളിപ്പെടും.

രണ്ടാം എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ഉപതിരഞ്ഞെടുപ്പുകളിലെല്ലാം സിറ്റിങ് സീറ്റുകൾ അതതു മുന്നണികൾ നിലനിർത്തുകയായിരുന്നു. സിറ്റിങ് എംഎൽഎ പി.വി.അൻവർ എൽഡിഎഫിനെ വെല്ലുവിളിച്ചു പുറത്തുവന്നതിനെ തുടർന്നാണ് ഉപതിര‍ഞ്ഞെടുപ്പു വേണ്ടിവന്നത്. ആദ്യഘട്ടത്തിൽ യുഡിഎഫ് അനായാസ വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ അൻവർ സ്വതന്ത്രനായി രംഗത്തുവന്നു. സിപിഎം 20 വർഷത്തിനു ശേഷം സ്വന്തം ചിഹ്നത്തിൽ മത്സരിക്കാൻ തീരുമാനിച്ചു. ആദ്യമൊന്ന് അറച്ചുനിന്ന എൻഡിഎയും രംഗത്തെത്തിയതോടെ വീറും വാശിയും നിറഞ്ഞ പോരിനു കളമൊരുങ്ങി.

യുഡിഎഫും എൽഡിഎഫും നേർക്കുനേർ പോരാടുന്ന ചിത്രം തന്നെയാണ് മണ്ഡലത്തിൽ തെളിയുന്നത്. എന്നാൽ, 9 വർഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പി.വി.അൻവർ നടത്തുന്ന നീക്കങ്ങളുടെ പ്രത്യാഘാതം എത്രത്തോളമെന്നതിൽ ഇരുമുന്നണികളിലും ആശയക്കുഴപ്പമുണ്ട്. സ്വന്തം വോട്ടുകൾ ഭദ്രമാക്കുന്നതിനൊപ്പം മലയോരത്തെ അധിക വോട്ടുകൾ കൂടിയാണ് എൻഡിഎ ലക്ഷ്യമിടുന്നത്.

ഏതു സാഹചര്യത്തിലും ആര്യാടൻ ഷൗക്കത്തിന് പതിനായിരത്തിനു മുകളിൽ ഭൂരിപക്ഷമാണു യുഡിഎഫ് കണക്കുകൂട്ടുന്നത്. എം.സ്വരാജിനു 5,000–10,000 ഭൂരിപക്ഷമാണ് എൽഡിഎഫ് ഉറപ്പിച്ചിട്ടുള്ളത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുമെന്ന അവകാശവാദത്തിലാണ് പി.വി.അൻവർ. മോഹൻ ജോർജിന് മണ്ഡലചരിത്രത്തിലെ മുന്നണിയുടെ ഉയർന്ന വോട്ടുവിഹിതമാണ് എൻഡിഎ ലക്ഷ്യമിടുന്നത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *