കെ റെയിൽ ജില്ലയിൽ ഏറ്റെടുത്ത റെയിൽവേ മേൽപാലങ്ങളുടെ നിർമാണ നടപടി ഇഴയുന്നു

Share to

Perinthalmanna Radio
Date: 26-10-2022

പെരിന്തൽമണ്ണ: കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ അഥവാ കെ റെയിൽ ജില്ലയിൽ ഏറ്റെടുത്ത റെയിൽവേ മേൽപാലങ്ങളുടെ നിർമാണത്തിൽ നടപടി ഇഴയുന്നു. പട്ടിക്കാട്, ചെറുകര മേൽപാലങ്ങൾക്ക് ഇനിയും ടെൻഡർ ആയിട്ടില്ല. എന്നാൽ ടെൻഡർ ആയ നിലമ്പൂർ യാർഡ് അടിപ്പാതയ്ക്കാകട്ടെ വർക്ക് ഓർഡറും നൽകിയിട്ടില്ല. സംസ്ഥാനത്ത് കെ റെയിൽ നിർമിക്കുന്ന 27 മേൽപാലങ്ങളിൽപ്പെട്ടതാണ് ഇവ. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പെരുമ്പിലാവ്–നിലമ്പൂർ സംസ്ഥാന പാതയിലുൾപ്പെട്ട തിരക്കേറിയ റെയിൽവേ ഗേറ്റുകളാണ് പട്ടിക്കാട്, ചെറുകര എന്നിവിടങ്ങളിലേത്. അങ്ങാടിപ്പുറം – വാണിയമ്പലം സ്‌റ്റേഷനുകൾക്കിടയിലാണ് പട്ടിക്കാട് ഗേറ്റ്.

ഷൊർണൂർ –അങ്ങാടിപ്പുറം സ്‌റ്റേഷനുകൾക്കിടയിലാണ് ചെറുകര ഗേറ്റ്. നിലമ്പൂർ–ഷൊർണൂർ പാതയിൽ ദിവസവും 14 തവണ ഈ ഗേറ്റുകൾ അടച്ചിടുമ്പോൾ ഇരുഭാഗത്തും വാഹനങ്ങളുടെ നീണ്ട നിര പതിവാണ്. ചെറുകരയിൽ 2018 ൽ തന്നെ മേൽപാലത്തിന് പദ്ധതിയായതാണ്. ആ വർഷം തന്നെ സാധ്യതാ പഠനവും പിന്നീട് മണ്ണു പരിശോധനയും നടത്തി. കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് മുൻപ് നിർമിക്കാൻ തീരുമാനിച്ചിരുന്നത്. പട്ടിക്കാട്ട് കെ–റെയിലിന്റെ നേതൃത്വത്തിൽ ഇതിനകം സ്ഥല പരിശോധന നടത്തിയിരുന്നു. റെയിൽവേ പാത അവസാനിക്കുന്ന നിലമ്പൂരിൽ റെയിൽവേ സ്‌റ്റേഷൻ വികസനം, അടിപ്പാത നിർമാണം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നു വരികയാണ്.

ഇതിനു ശേഷമാകും പട്ടിക്കാട് റെയിൽവേ മേൽപാലത്തിന്റെ നിർമാണം. 2023 മാർച്ചിൽ റെയിൽവേ മേൽപാലത്തിന്റെ നിർമാണം ആരംഭിക്കുമെന്നാണ് റെയിൽവേ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം. നിലമ്പൂർ യാർഡിൽ ആദ്യം മേൽപാലത്തിനാണ് നിർദേശമുണ്ടായിരുന്നെങ്കിലും പിന്നീട് അടിപ്പാതയാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇവിടെ സംസ്ഥാന സർക്കാർ ഇതുവരെ തുക അനുവദിച്ചിട്ടില്ല. സംസ്ഥാന വിഹിതം അനുവദിച്ചാലേ റെയിൽവേയും തുക വയ്ക്കൂ. മേൽപാലത്തിന് ഇനിയും കാത്തിരിക്കേണ്ടി വരുന്ന സ്ഥിതിയാണ്.

Share to