നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ പഠിപ്പു മുടക്കും

Share to


Perinthalmanna Radio
Date: 09-07-2025

സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച പഠിപ്പു മുടക്കുമെന്ന് എസ്എഫ്ഐ .സർവകലാശാലകൾ കാവിവത്കരിക്കാനുള്ള ഗവർണറുടെ ഇടപെടലുകൾക്കെതിരെയുള്ള സമരത്തിൽ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ 30 പേരെ റിമാൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കെന്ന് എസ്എഫ്‌ഐ അറിയിച്ചു.

കേരള സർവകലാശാല വിസിയെ നാളെയും തടയുമെന്ന് സംസ്ഥാന പ്രസിഡന്‍റ് എം ശിവപ്രസാദ്  പറഞ്ഞു. കേരളത്തിലെ സർവകലാശാലകൾ ആർഎസ്എസിന് അടിയറവ് വെക്കാൻ ഗവർണറും ഗവർണർ നിയോഗിച്ച വിസിമാരും ശ്രമിക്കുകയാണ്. സർവകലാശാലയിൽ ഉദ്യോഗസ്ഥരെയും ജോലി ചെയ്യാൻ അനുവദിക്കാത്തത് മോഹൻകുന്നുമ്മലും സിസ തോമസും അവരെ നിയന്ത്രിക്കുന്ന ഗവർണറുമാണെന്നും ശിവപ്രസാദ് പറഞ്ഞു.വ്യാഴാഴ്ച കേരള സർവകലാശാലയിലേക്കും രാജ്ഭവനിലേക്കും എസ്എഫ്‌ഐ സമരം സംഘടിപ്പിക്കും.

അതേ സമയം, സർവകലാശാലകളെ കാവിവത്കരിക്കാനുള്ള ശ്രമത്തിനെതിരെ വിദ്യാർത്ഥികൾ നടത്തുന്ന പോരാട്ടത്തിന് ഡിവൈഎഫ്ഐയും പിന്തുണ പ്രഖ്യാപിച്ചു. ആർഎസ്എസ് നോമിനിയായ ചാൻസിലറെ മുൻനിർത്തി കേരളത്തിലെ സർവ്വകലാശാലകളെ ആർഎസ്എസ് വത്ക്കരിക്കാനും ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനും ഉള്ള ശ്രമം വിലപ്പോവില്ല. കേരള സർവകലാശാലയെ കാവിവത്കരിക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെ ഉജ്ജ്വലമായ പോരാട്ടമാണ് വിദ്യാർത്ഥികൾ നടത്തുന്നത്.

ഭരണഘടനയും യൂണിവേഴ്സിറ്റി ആക്ടും സ്റ്റാറ്റ്യൂട്ടുകളും കാറ്റിൽ പറത്തി ചാൻസിലറും ചാൻസിലറുടെ നോമിനിയായ വിസിയും ചേർന്ന് നിരന്തരം ഉത്തരവുകൾ ഇറക്കികൊണ്ടിരിക്കുകയാണ്. നീതിപൂര്‍വം പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റി ഉദ്യോസ്ഥരെ ഭീഷണിപ്പെടുത്താനും നടപടി എടുക്കാനും ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. സർവ്വകലാശാലയുടെ ഭരണനിർവഹണം നടക്കുന്ന സിന്‍ഡിക്കേറ്റിനെ ഭീഷണിപ്പെടുത്തുന്ന ചാൻസിലർ ആർ എസ് എസിന് അടിമപ്പണി എടുക്കുകയാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *