പെരിന്തൽമണ്ണ ഇൻഡോർ മാർക്കറ്റ് റോഡ് ചെളിക്കുളമായി

Share to


Perinthalmanna Radio
Date: 12-07-2025

പെരിന്തൽമണ്ണ : പെരിന്തൽമണ്ണ നഗരസഭയുടെ മോഡേൺ ഇൻഡോർ മാർക്കറ്റിന്റെ റോഡും പരിസരവും ചെളിക്കുളമായി മാറി. ഇൻഡോർ മാർക്കറ്റിന്റെ മുൻഭാഗം ചെളി നിറഞ്ഞ് വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ മാർക്കറ്റിലേക്ക് ഉപഭോക്താക്കൾക്ക് വരാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. പേരിൽ മാത്രം മോഡേൺ ആയിട്ടുള്ള മാർക്കറ്റ് വ്യാപാരികളിൽനിന്നും പ്രവാസികളിൽനിന്നും കോടികൾ സമാഹരിച്ച് പെരിന്തൽമണ്ണ നഗരസഭ 2019-ലാണ് നിർമാണം തുടങ്ങിയത്.

മൂന്ന് വർഷം മുൻപ് ഒന്നാംഘട്ട നിർമാണം പൂർത്തിയാക്കിയ ഈ ബഹുനില മാർക്കറ്റ് സമുച്ചയത്തിൽ താഴത്തെ നിലയിലെ മുറികളിൽ മാത്രമാണ് കച്ചവടം നടക്കുന്നത്. വർഷങ്ങൾക്ക് മുൻപ് ഞായറാഴ്ച ചന്തയായിരുന്ന ഇവിടം പലവ്യഞ്ജന-പച്ചക്കറി മൊത്തവ്യാപാരത്തിന്റെ കേന്ദ്രമായിരുന്നു. മാർക്കറ്റിനോട് ചേർന്നുതന്നെയായിരുന്നു അന്ന് ബസ് സ്റ്റാൻഡും പ്രവർത്തിച്ചിരുന്നത്. ചെറുപട്ടണങ്ങളിൽനിന്നുള്ള കച്ചവടക്കാർ ബസുകളിലെത്തി അവരുടെ കടകളിലേക്ക് അരിയും പഞ്ചസാരയും വാഴക്കുലയും എല്ലാം വാങ്ങി ബസുകളിൽതന്നെ മടങ്ങുന്ന രീതിയായിരുന്നു അന്ന്. ഞായറാഴ്ച ചന്തതന്നെ പിന്നീട് ഇല്ലാതായി.

ചെളി നിറഞ്ഞ് യാത്ര ദുഷ്കരമായ അവസ്ഥയിലുള്ള ഇൻഡോർ മാർക്കറ്റ് റോഡിൽ ക്വാറിമാലിന്യം ഇട്ട് നടക്കാനുള്ള സംവിധാനമെങ്കിലും ഒരുക്കണമെന്നും ബൈപ്പാസ് ജങ്ഷനിലും ടൗണിലെ പല റോഡുകളിലുമുള്ള ഓടകൾ ശരിയാക്കി വെള്ളക്കെട്ട് ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പെരിന്തൽമണ്ണ മർച്ചന്റ്സ് അസോസിയേഷൻ പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് പി.ടി.എസ്. മൂസു അധ്യക്ഷനായി. 
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *