ആറു വർഷത്തെ കാത്തിരിപ്പിന് ശേഷം പെരിന്തൽമണ്ണ ടൗൺഹാൾ നിർമാണം പൂർത്തിയാകുന്നു

Share to


Perinthalmanna Radio
Date: 13-07-2025

പെരിന്തൽമണ്ണ: പുനർ നിർമാണത്തിന് വേണ്ടി 2019 ൽ പൊളിച്ച പെരിന്തൽമണ്ണ മുനിസിപ്പൽ ടൗൺഹാൾ ആറാം വർഷം പൂർത്തീകരണത്തിലേക്ക്. ഏഴു കോടിക്ക് പൂർത്തിയാക്കാൻ നിശ്ചയിച്ച് പ്രവൃത്തി തുടങ്ങി നാലു കോടി ചെലവിട്ട് തുടർ നിർമാണം പണമില്ലാതെ നിലച്ചതായിരുന്നു. പിന്നീട് നഗരസഭ വായ്‌പയെടുത്താണ് പദ്ധതി പൂർത്തിയാക്കുന്നത്. ഏഴു കോടിക്ക് പൂർത്തിയാക്കാൻ നിശ്ചയിച്ച് നാലു കോടിയുടെ പ്രവൃത്തി പൂർത്തിയായ ശേഷമാണ് പ്രവൃത്തി നിലച്ചത്. പുതുതായി 7.75 കോടിയുടെ പുതിയ ടെൻഡർ നൽകിയാണ് രണ്ടും മൂന്നും ഘട്ട നിർമാണം പൂർത്തിയാവുന്നത്. പൊതു മേഖല സ്ഥാപനമായ എഫ്.ഐ.ടിയാണ് ഏറ്റെടുത്തത്. രണ്ടാം ഘട്ടത്തിന് 3.8 കോടിയും ശേഷിക്കുന്ന മുഴുവൻ പ്രവൃത്തികളും പൂർത്തിയാക്കി താക്കോൽ കൈമാറുന്നതിന് 3.95 കോടിയും അടക്കമാണ് 7.75 കോടി. ഇപ്പോൾ നിർമാണം അവസാന ഘട്ടത്തിലാണ്.

പുനർ നിർമാണം പൂർത്തിയാവുന്ന ടൗൺഹാളിനു മുൻ നഗരസഭ അധ്യക്ഷൻ കെ.ടി. നാരായണൻ്റെ പേര് നൽകാൻ നഗരസഭ തീരുമാനിച്ചു. മൂന്നു നിലകളിൽ 22,714 ചതുരശ്ര മീറ്ററാണ് ടൗൺഹാളിന് 2020ൽ വിഭാവന ചെയ്‌തത്‌. ഏഴുകോടി രൂപയാണ് അഞ്ചു വർഷം മുമ്പ് കണക്കാക്കിയത്. നിലവിലെ മൂസക്കുട്ടി സ്‌മാരക ടൗൺഹാൾ കാലപ്പഴക്കം കാരണം 2019 ലാണ് പൊളിച്ചത്. കോവിഡ് കാലത്ത് നിർമാണം ഏതാനും മാസങ്ങൾ നിലച്ചു. ഗ്രൗണ്ട് ഫ്ലോറിൽ 250 ഓളം പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യം, കിച്ചൺ എന്നിവയും ഒന്നാം നിലയിൽ 504 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും ഉണ്ടാവും. സമയ ബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്തത് കൊണ്ടാണ് നാലു കോടിയോളം രൂപ അധികമായി വന്നത്.

ഓഡിറ്റോറിയം പൂർത്തിയാവുന്നതോ ടെ പൊതു പരിപാടികൾക്ക് നൽകാനുള്ള നിരക്കും നഗരസഭ തീരുമാനിച്ചു. ഇതു പ്രകാരം വിവാഹങ്ങൾക്ക് എസി ഹാളിന് 55,000 രൂപയും നോൺ എസിക്ക് 40,000 രൂപയും വാടക ഈടാക്കും. പട്ടികജാതി–പട്ടിക വർഗം, ബിപിഎൽ കുടുംബങ്ങൾക്ക് നോൺ എസിക്ക് 30,000 രൂപ നൽകിയാൽ മതി. 6 മണിക്കൂർ നേരത്തേക്കുള്ള മറ്റു ഉപയോഗങ്ങൾക്ക് എസിക്ക് 20,000 രൂപയും നോൺ എസിക്ക് 15,000 രൂപയുമാണ് വാടക.

രാഷ്ട്രീയ പാർട്ടികൾക്കും സർവീസ് സംഘടനകൾക്കും മറ്റും എസിക്ക് 15,000 രൂപയും നോൺ എസിക്ക് 10,000 രൂപയും നൽകണം. ഭക്ഷണ ഹാൾ ഉൾപ്പെടെ ആകുമ്പോൾ എസിക്ക് 5000 രൂപയും നോൺ എസിക്ക് 3500 രൂപയും അധിക ചാർജ് ഈടാക്കും. ഇതു സംബന്ധിച്ച് നഗരസഭാ കൗൺസിലിന് യുക്തമായ തീരുമാനങ്ങൾ എടുക്കാമെന്നും നിയമാവലിയിൽ വ്യവസ്ഥയുണ്ട്. അവസാന മിനുക്കു പണികൾ വേഗത്തിൽ തീർത്ത് ഉദ്ഘാടനം നടത്താനാവുമെന്നാണ് പ്രതീക്ഷ
———————————————

Share to

Leave a Reply

Your email address will not be published. Required fields are marked *