നിപ മരണം: ഡോക്ടർ ഉൾപ്പെടെ നാലുപേർ സമ്പർക്ക വിലക്കിൽ

Share to


Perinthalmanna Radio
Date: 14-07-2025

പെരിന്തൽമണ്ണ: ചികിത്സയിലിരിക്കേ മരിച്ച രോഗിക്ക് പ്രാഥമിക പരിശോധയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ എമർജൻസി വിഭാഗം ഡോക്ടർ, നഴ്സസ്, അറ്റൻഡർ, ജനറൽ സൂപ്പർവൈസർ എന്നിവർ സമ്പർക്ക വിലക്കിൽ പ്രവേശിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.

സിസിടിവി ഉൾപ്പെടെ പരിശോധിച്ചാണ് സമ്പർക്ക വിലക്കിൽ പോവേണ്ടവരുടെ എണ്ണത്തിൽ തീരുമാനത്തിൽ എത്തിയത്. മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് റഫർ ചെയ്ത് എത്തിയ രോഗിയുടെ വിവരങ്ങൾ മുൻകൂട്ടി അറിഞ്ഞതിനാൽ ആവശ്യമായ മുൻ കരുതലോടെയാണ് പ്രവേശിപ്പിച്ചത്. രോഗിയെ പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ഐസൊലേറ്റ് ചെയ്‌താണ്‌ ചികിത്സ നൽകിയത്. സർക്കാർ നിയോഗിച്ച അട്ടപ്പാടിയിൽ നിന്നുള്ള ഹെൽത്ത് ഇൻസ്പെക്ടർ ഞായറാഴ്‌ച രാവിലെ 10.45 ഓടെ രോഗിയുടെ മൃതദേഹം പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങി. വൈകീട്ടോടെ മൃതദേഹം അഗളിയിലെ പൊതു ശ്മ‌ശാനത്തിൽ സംസ്‌കരിച്ചു. അടുത്ത ബന്ധുക്കളും ആരോഗ്യ പ്രവർത്തകരുമാണ് സംസ്കാരച്ചടങ്ങിൽ പങ്കെടുത്തത്. അതേ സമയം, പ്രാഥമികമായി നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് കുമരംപുത്തൂർ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി. രോഗിയുമായി നേരിട്ട് സമ്പർക്കത്തിൽ ഉണ്ടായിരുന്നവരോട് നിരീക്ഷണത്തിൽ ഇരിക്കാൻ നിർദേശം നൽകി.

ചികിത്സിച്ച ഡോക്‌ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരോടും സമ്പർക്കവിലക്കിൽ പോകാൻ നിർദേശിച്ചു.

സമ്പർക്കപ്പട്ടികയിലുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. മരിച്ചയാളുടെ റൂട്ട് മാപ്പും തയ്യാറാക്കി വരികയാണ്. പ്രദേശത്ത് പനിസർവേ ആരംഭിച്ചു. രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. രോഗ വ്യാപനം തടയുന്നതിനും മറ്റുമായി തുടർ നടപടികൾ സ്വീകരിക്കുന്നതിന് പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിൻ്റെയും ആഭിമുഖ്യത്തിൽ പോലീസ്, വനം, വെറ്ററിനറി, റവന്യൂ, ഫയർഫോഴ്സസ്, ആർആർടി, രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവരുടെ യോഗം ചേരും.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *