
Perinthalmanna Radio
Date: 16-07-2025
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ടൗൺ കേന്ദ്രീകരിച്ച് രാത്രി കടകളുടെ പൂട്ട് തകർത്ത് മോഷണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ.
തൃശൂർ പൂങ്കുന്നം സ്വദേശി പള്ളിയാണി വീട്ടിൽ വിനോദിനെ(ബെന്നി–64) ആണ് പെരിന്തൽമണ്ണ സിഐ സുമേഷ് സുധാകരൻ, എസ്ഐ ഷിജോ.സി.തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂണിലാണ് അങ്ങാടിപ്പുറത്ത് പച്ചക്കറിക്കടയിലും മെഡിക്കൽ ഷോപ്പിലും കടകളുടെ പൂട്ട് തകർത്ത് പണം കവർന്നതായി പെരിന്തൽമണ്ണ പൊലീസിൽ പരാതി ലഭിച്ചത്.
തുടർന്ന് പെരിന്തൽമണ്ണ ഡിവൈഎസ്പി എ.പ്രേംജിത്ത്, സിഐ സുമേഷ് സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അങ്ങാടിപ്പുറം ടൗണിലും പരിസരങ്ങളിലും സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി വിനോദ് എന്ന ബെന്നിയെ തിരിച്ചറിഞ്ഞ് തൃശൂർ ,എറണാകുളം ഭാഗങ്ങളിൽ അന്വേഷണം ഊർജിതമാക്കി. പാലക്കാട് ,തൃശൂർ, മലപ്പുറം, ഗൂഡല്ലൂർ ഭാഗങ്ങളിൽ സ്ഥിരമായി കറങ്ങിനടന്ന് രാത്രികളിൽ കടകളിൽനിന്ന് മോഷണം നടത്തുന്നതാണ് രീതിയെന്ന് പൊലീസ് പറഞ്ഞു. മോഷണ ശേഷം ദീർഘദൂര ബസ്സുകളിൽ കയറിപ്പോവുകയാണ് പതിവ്. പാലക്കാട് ഭാഗത്തുനിന്ന് പെരിന്തൽമണ്ണയിലെത്തി ഗൂഡല്ലൂർ ഭാഗത്തേക്ക് പോവാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലും ഗൂഡല്ലൂരും ഒട്ടേറെ മോഷണ കേസുകളിൽ പ്രതിയായ വിനോദ് ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം നടത്തിയതോടെയാണ് പിടിയിലായത്.
പൊലീസ് ഉദ്യോഗസ്ഥരായ അയൂബ്, സൽമാൻ , പ്രജീഷ്, എന്നിവരും ഡാൻസാഫ് സ്ക്വാഡും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
