നിപ ജാഗ്രത, മണ്ണാർക്കാട് താലൂക്കിൽ മാസ്ക് നിർബന്ധമാക്കി

Share to


Perinthalmanna Radio
Date: 17-07-2025

പാലക്കാട്: പാലക്കാട് നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രോഗ വ്യാപനം തടയുന്നതിന് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്.

രോഗവ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മണ്ണാര്‍ക്കാട് താലൂക്ക് പരിധിയിലുള്ള പൊതുഇടങ്ങളില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുകയും പുറത്ത് ജോലി ചെയ്യുകയും ചെയ്യുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും, പുറത്ത് താമസിക്കുകയും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ജോലി ചെയ്യുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും അതാത് ജില്ലാ ഓഫീസ് മേധാവികള്‍ പരമാവധി ‘വര്‍ക്ക് ഫ്രം ഹോം’ സൗകര്യം ഒരുക്കണം. ‘വര്‍ക്ക് ഫ്രം ഹോം’ സാധ്യമല്ലാത്ത ജീവനക്കാര്‍ക്കുള്ള പ്രത്യേക അവധി സംബന്ധിച്ച് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുള്ളതായും ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെട്ട സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ഥികള്‍ക്കും കണ്ടെയിന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന കണ്ടെയ്ന്‍മെന്റ് സോണുകളിലെ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകരും ഈ ഓണ്‍ലൈന്‍ ക്ലാസ് സൗകര്യം നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ജൂലൈ 12നാണ് പാലക്കാട് മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ ചങ്ങലീരി സ്വദേശി നിപ ബാധിച്ച് മരിച്ചത്. പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജിലെ ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇദ്ദേഹത്തിന് നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിള്‍ ഇന്ന് ലഭിക്കുമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. നിലവില്‍ പാലക്കാട് ഒരാള്‍ ഐസൊലേഷനില്‍ ചികിത്സയിലാണെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *