ഓരാടംപാലം- മാനത്തുമംഗലം ബൈപാസ്; പരിശോധനക്ക് കിഫ്ബി സംഘം ഇന്നെത്തും

Share to

Perinthalmanna Radio
Date: 29-10-2022

പെരിന്തൽമണ്ണ: 2010ൽ ഭരണാനുമതിയായി 10 കോടി രൂപ നീക്കി വെച്ച് പിന്നീട് കടലാസിൽ ഉറങ്ങിയ അങ്ങാടിപ്പുറം ഓരാടംപാലം – മാനത്തുമംഗലം ബൈപാസിനായി ശനിയാഴ്ച കിഫ്ബി ഉദ്യോഗസ്ഥ സംഘം പരിശോധനക്കെത്തും. അങ്ങാടിപ്പുറത്തും മാനത്തുമംഗലത്തും പരിശോധന നടത്തിയ ശേഷം ഉച്ചക്ക് 12ന് വ്യാപാരികളെ അടക്കം പങ്കെടുപ്പിച്ച് നജീബ് കാന്തപുരം എം.എൽ.എയുടെ ഓഫിസിൽ ചർച്ചയും നടത്തും. പാലക്കാട്- കോഴിക്കോട് ദേശീയ പാതയിൽ പെരിന്തൽമണ്ണ, അങ്ങാടിപ്പുറം ടൗണുകളിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമായി നിർദേശിച്ചതാണ് പുതിയ ബൈപാസ്. 4.01 കി.മീ നീളത്തിൽ പുതുതായി 36.5 ഹെക്ടർ സ്വകാര്യ ഭൂമി ഏറ്റെടുത്തു വേണം റോഡ് നിർമിക്കാൻ. നിലവിലെ അങ്ങാടിപ്പുറം മേൽപാലം നിർമിക്കുന്നതിന് മുമ്പ് നിർദേശിച്ചതായിരുന്നു ബൈപാസ്. ബൈപാസ് ചുങ്കപ്പാതയായി ബി.ഒ.ടി അടിസ്ഥാനത്തിൽ നിർമിക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നുണ്ട്. പൂർണമായി സർക്കാർ പദ്ധതിയിൽ നിർമിക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം.

ദിവസം 16 തവണ റെയിൽവേ ഗേറ്റ് അടച്ച് റോഡ് നിശ്ചലമാക്കുന്ന സ്ഥിതി പരിഹരിക്കാൻ ആയിരുന്നു റെയിൽവേ മേൽപാലം. മേൽപാലം വന്നതോടെ ഗേറ്റ് അടച്ചുള്ള നിശ്ചലാവസ്ഥ നിന്നെങ്കിലും ഗതാഗത കുരുക്കിന് പരിഹാരമായിട്ടില്ല. വൻ തുക സാമ്പത്തിക ബാധ്യത വരുന്ന പദ്ധതിയോട് 12 വർഷ ത്തോളമായി സർക്കാർ പുറം തിരിഞ്ഞു നിൽക്കുകയായിരുന്നു.

പാത കടന്നു പോവേണ്ട ഭൂമി കിഫ്ബി സംഘം പരിശോധിക്കും. നജീബ് കാന്തപുരം എം.എൽ.എ കിഫ്ബി സി.ഇ.ഒയുമായി നടത്തിയ ചർച്ചക്കു ശേഷമാണ് ഉദ്യോഗസ്ഥരുടെ സന്ദർശനം. അതേ സമയം, ബൈപാസ് പദ്ധതിയടക്കം മങ്കട മണ്ഡലത്തിൽ വികസന പദ്ധതികൾ സർക്കാർ കൈയൊഴിയുകയും അവഗണന തുടരുകയും ചെയ്യുന്നതായി കാണിച്ച് മഞ്ഞളാംകുഴി അലി എം. എൽ.എയുടെ നേതൃത്വത്തിൽ ശനിയാഴ്ച അങ്ങാടിപ്പുറത്ത് കുത്തിയിരിപ്പ് സമരം നടത്തുന്നുണ്ട്.

Share to