
Perinthalmanna Radio
Date: 30-10-2022
പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്തെയും പെരിന്തൽമണ്ണയിലെയും ഗതാഗത കുരുക്കിന് പരിഹാരമായി ഓരാടംപാലം- മാനത്തുമംഗലം ബൈപ്പാസ് റോഡ് യാഥാർഥ്യമാക്കാൻ നജീബ് കാന്തപുരം എം.എൽ.എ. വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനം. പദ്ധതിയുമായി മുന്നോട്ടു പോകണമെന്ന് യോഗത്തിൽ എല്ലാവരും ഐകകണ്ഠ്യേന ആവശ്യപ്പെട്ടു.
പബ്ലിക് പ്രൈവറ്റ് പാർട്ട്ണർഷിപ്പ് (പി.പി.പി.) രീതിയിൽ പദ്ധതി യാഥാർഥ്യമാക്കാനാകുമെന്ന് കിഫ്ബി അധികൃതർ സമ്മതിച്ചതായി എം.എൽ.എ. യോഗത്തിൽ പറഞ്ഞു. തുടർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് സർവകക്ഷി നേതാക്കളെ അംഗങ്ങളാക്കി സമിതി രൂപവത്കരിക്കും.
കിഫ്ബി, പൊതു മരാമത്തുവകുപ്പ് ഉദ്യോഗസ്ഥരും ശനിയാഴ്ച പദ്ധതി പ്രദേശം സന്ദർശിച്ച് പരിശോധന നടത്തി.
പരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ പ്രവർത്തനങ്ങളുടെ കലണ്ടർ തയ്യാറാക്കും. പദ്ധതി വേഗത്തിലാക്കുന്നതിനായി രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, ജന പ്രതിനിധികൾ, വ്യാപാരി വ്യവസായികൾ, സന്നദ്ധ പ്രവർത്തകർ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്ത് കിഫ്ബി, പൊതു മരാമത്ത് വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ചനടത്തും.
യോഗത്തിൽ നജീബ് കാന്തപുരം എം.എൽ.എ. അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ പി. ഷാജി, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, സി.പി.എം. ഏരിയാസെക്രട്ടറി ഇ. രാജേഷ്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എ.കെ. നാസർ, ജനറൽ സെക്രട്ടറി എസ്. അബ്ദുസലാം, എം.ബി. ഫസൽ മുഹമ്മദ്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ചമയം ബാപ്പു, സെക്രട്ടറി ഷാലിമാർ ഷൗക്കത്ത്, ഡോ. പി. ഉണ്ണീൻ, ഐ.എം.എ. പ്രസിഡന്റ് ഡോ. ഇ.കെ. അബ്ദുന്നാസർ, മുസ്തഫ തറയിൽ, എ. അത്വീഖ്, പി.പി. നിസാമുദ്ദീൻ, ഗഫൂർ വള്ളൂരാൻ, മുഹമ്മദ് ഷൈജൽ, എം. ഹാരിസ്, പി.കെ. അയമു, യൂസുഫ് രാമപുരം, അമീർ പാതാരി, കുറ്റീരി മാനുപ്പ, കിഫ്ബി കൺസൾട്ടന്റ് ആർ.ജി. സന്ദീപ്, ജൂനിയർ കൺസൾട്ടന്റുമാരായ ജോ ജോസഫ്, അജിത്കുമാർ, ട്രാൻസ്പോർട്ടേഷൻ എൻജിനീയർ കെ. സലീൽ, പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ വി. സുരേഷ്, ഓവർസിയർ കെ. മിസ്ബാഹ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
