
Perinthalmanna Radio
Date: 03-08-2025
പെരിന്തൽമണ്ണ ∙ രാത്രി ബസുകൾ ട്രിപ്പുകൾ മുടക്കുന്നതിനെതിരെയും യാത്രക്കാരെ ലക്ഷ്യത്തിലെത്തിക്കാതെ പാതി വഴിയിൽ ഇറക്കി വിടുന്നതിനെതിരെയും കർശന നിർദേശവുമായി താലൂക്ക് സഭ. രാത്രി 8 ന് പെരിന്തൽമണ്ണയിൽ നിന്ന് വളാഞ്ചേരിയിലേക്ക് പുറപ്പെടുന്ന സ്വകാര്യ ബസ് കൊളത്തൂർ ബസ് സ്‌റ്റാൻഡിൽ പോകാതെ സ്‌റ്റേഷൻപടിയിൽ യാത്രക്കാരെ ഇറക്കിവിടുന്നതായുള്ള പരാതിയാണ് പരിഗണിച്ചത്. കഴിഞ്ഞ 5 താലൂക്ക് സഭകളിൽ ഈ വിഷയം ഉന്നയിക്കുന്നതായി ഹംസ പാലൂർ ചൂണ്ടിക്കാട്ടി. ബന്ധപ്പെട്ട വേദികളിൽ വിഷയം ഗൗരവമായി ഉന്നയിക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത നജീബ് കാന്തപുരം എംഎൽഎയും അറിയിച്ചു.
പുലാമന്തോൾ–കൊളത്തൂർ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും പുലാമന്തോൾ ടൗണിലെ ഗതാഗതപ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നും ഹംസ പാലൂർ ആവശ്യപ്പെട്ടു. മേലാറ്റൂർ–പുലാമന്തോൾ റോഡിൽ കുഴികൾ അടയ്‌ക്കുന്ന പ്രവൃത്തി മഴമൂലം തടസ്സപ്പെട്ടതായും മഴ മാറിയാൽ പൂർണമായി കുഴികൾ അടയ്ക്കുമെന്നും കെഎസ്‌ടിപി അധികൃതർ കത്ത് നൽകിയതായി തഹസിൽദാർ എ.വേണുഗോപാൽ യോഗത്തിൽ അറിയിച്ചു.
ഈ റോഡിൽ പുളിങ്കാവ്, മലറോഡ് ഭാഗത്ത് റോഡിന്റെ ശോച്യാവസ്ഥ മൂലം ഗതാഗതം ദുസ്സഹമായതായി അംഗങ്ങൾ പരാതിപ്പെട്ടു. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ മിച്ചഭൂമിക്കായി കണ്ടെത്തിയ ഭൂമി നടപടിക്രമങ്ങൾ പൂർത്തിയാക്കി വിതരണം ചെയ്യാൻ നടപടി വേണമെന്ന് എൻ.പി.ഉണ്ണിക്കൃഷ്‌ണൻ ആവശ്യപ്പെട്ടു. പൂർണമായി അളന്നു തിട്ടപ്പെടുത്തിയിട്ടുണ്ടെന്നും നടപടിക്രമങ്ങൾ തുടരുകയാണെന്നും തഹസിൽദാർ മറുപടി നൽകി.
മേലാറ്റൂർ പ്രാഥമികാരോഗ്യ. കേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് ഉമ്മർ ആവശ്യപ്പെട്ടു. പെരിന്തൽമണ്ണ –വളാഞ്ചേരി റൂട്ടിലെ കെഎസ്ആർടിസി ബസ് സർവീസുകൾ പുന:സ്ഥാപിക്കാൻ നടപടി വേണമെന്ന് കൃഷ്‌ണദാസ് ആൽപാറ ആവശ്യപ്പെട്ടു.
ബിപിഎൽ കാർഡുകൾ അനധികൃതമായി കൈവശംവയ്‌ക്കുന്നവർക്ക് അത് തിരിച്ചേൽപിക്കാൻ പ്രത്യേക അദാലത്ത് നടത്തണമെന്ന് യോഗത്തിൽ ആധ്യക്ഷ്യം വഹിച്ച പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മുസ്‌തഫ നിർദേശിച്ചു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.അബ്‌ദുൽ കരീം, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി.സഈദ, സി.എം.മുസ്‌തഫ, ഹെഡ് ക്വാർട്ടേഴ്‌സ് ഡപ്യൂട്ടി തഹസിൽദാർ പി.മണികണ്ഠൻ, എൽആർ തഹസിൽദാർ സൗമ്യ ടി.ഭരതൻ, എ.ശിവദാസൻ, വി.ബി.സുരേഷ് ബാബു എന്നിവരും വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും വകുപ്പു മേധാവികളും പങ്കെടുത്തു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
