പക്ഷാഘാതം വന്ന വയോധികയെ ചികിത്സ നൽകാതെ നാലു മണിക്കൂർ അത്യാഹിത വിഭാഗത്തിൽ കിടത്തിയതായി പരാതി

Share to

Perinthalmanna Radio
Date: 30-10-2022

പെരിന്തൽമണ്ണ: പക്ഷാഘാതം വന്ന വയോധികയെ നിർണായക ചികിത്സയും പരിചരണവും നൽകേണ്ട ആദ്യ മണിക്കൂറുകളിൽ സർക്കാർ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കിടത്തി സമയം കളഞ്ഞതായി പരാതി. പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലാണ് സംഭവം. കീഴാറ്റൂർ സ്വദേശിനിയായ 70കാരിയെയാണ് വിദഗ്ധ പരിശോധന നടത്താതെ ആശുപത്രിയിൽ വെറുതെ കിടത്തിയത്.

രക്തത്തിൽ സോഡിയം കുറഞ്ഞതാവാം കാരണമെന്ന നിഗമനത്തിൽ രക്തം പരിശോധിക്കാനും ഒരാഴ്ചയിലേക്ക് മരുന്നിന് നിർദേശിക്കുകയും ചെയ്ത് മൂന്നു മണിയോടെ പറഞ്ഞു വിട്ടു. രണ്ട് വനിത ഡോക്ടർമാരായിരുന്നു ഈ സമയം ഡ്യൂട്ടിയിലെന്ന് ബന്ധുക്കൾ പറഞ്ഞു.

പക്ഷാഘാത ലക്ഷണം കണ്ടാൽ ആദ്യ മണിക്കൂറുകൾ നിർണായകമാണ്. ഈ സമയത്ത് ഒരു സർക്കാർ ആശുപത്രിയിൽ എത്തിയിട്ടും ഒന്നും ചെയ്യാതെ നാലു മണികൂറിലേറെ വെറുതെ കളഞ്ഞു. പിന്നീട് വീട്ടിലേക്ക് മടങ്ങാൻ നേരം കൈ പൊങ്ങാതാവുകയും വാഹനത്തിലിരിക്കാൻ കഴിയാതാവുകയും ചെയ്തതോടെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴാണ് പക്ഷാഘാതമാണെന്നും ആദ്യ മണിക്കൂറുകളിൽ ചികിത്സ നൽകാതിരുന്നത് വലിയ വീഴ്ചയാണെന്നും ഡോക്ടർമാർ പറഞ്ഞത്. നാലു മണിയോടെ മണ്ണാർക്കാട് ആശുപത്രിയിൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ച് വിദഗ്ധ പരിചരണം നൽകി.

വയോധികയെ മകളും മരുമകളും വ്യാഴാഴ്ച രാവിലെ 11നാണ് ആശുപത്രിയിൽ എത്തിച്ചത്. സംസാരത്തിൽ അവ്യക്തതയായിരുന്ന ആദ്യ രോഗ ലക്ഷണം. അതേ സമയം, ശനിയാഴ്ച ലോക പക്ഷാഘാത ദിനത്തിന്റെ പ്രത്യേകതയും രോഗ ലക്ഷണം വന്നാലുള്ള പ്രാഥമിക ചികിത്സയും അടക്കം പൊതു ജനങ്ങളെ ബോധവത്കരിക്കാനായി പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ പ്രത്യേക പരിപാടിയും നടന്നു.

പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kcf3RkhQXQkLLaVchwrRgg

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to